ശുഭ്മൻ ഗിൽ ആശുപത്രി വിട്ടു, ഗുവാഹത്തി ടെസ്റ്റിൽ കളിച്ചേക്കില്ല; പകരം ആര്?
text_fieldsകൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിനിടെ കഴുത്തിന് പരിക്കേറ്റ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ആശുപത്രി വിട്ടു. കഴുത്തിനു പരിക്കേറ്റ താരം കൊൽക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ താരം കളിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിനിടെ 35ാം ഓവറിൽ സിമോൺ ഹാമറിന്റെ പന്ത് സ്ലോഗ് സ്വീപ്പിലൂടെ ബൗണ്ടറി കടത്തിയതിനു പിന്നാലെ ഗില്ലിന്റെ കഴുത്ത് ഉളുക്കുകയായിരുന്നു. മൂന്നു പന്തിൽ 4 റൺസെടുത്തു നിൽക്കെയാണ് താരത്തിന് പരിക്കേൽക്കുന്നത്. വൈദ്യ സംഘമെത്തി പ്രാഥമിക പരിശോധന നടത്തിയതിനു പിന്നാലെ റിട്ടയേഡ് ഔട്ടായി താരം മൈതാനം വിട്ടു. പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയില്ല. രണ്ടാം ഇന്നിങ്സിലും താരം കളിച്ചില്ല. ഇതോടെ പത്തു പേരാണ് ബാറ്റിങ്ങിനിറങ്ങിയത്. ഗില്ലിന്റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്താണ് ടീമിനെ നയിച്ചത്.
ഈ മാസം 22 മുതലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച ഈഡൻ ഗാർഡൻസിൽ ടീമിന്‍റെ പരിശീലനമുണ്ട്. അതിലും ഗിൽ പങ്കെടുക്കില്ല. ബുധനാഴ്ചയാണ് ടീം ഗുവാഹത്തിലേക്ക് പോകുന്നത്. ടീമിനൊപ്പം ഗില്ലുണ്ടാകില്ല. കഴുത്തിന് പരിക്കേറ്റ താരത്തോട് വിമാന യാത്ര ഒഴിവാക്കാൻ ഡോക്ടർമാർ നിർദേശം നൽകിയിട്ടുണ്ട്. രണ്ടാം ടെസ്റ്റിൽ താരത്തെ പരിഗണിക്കുന്നുണ്ടെങ്കിൽ റോഡ് മാർഗമാകും ഗുവാഹത്തിയിലേക്ക് പോകുക. കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരവും കഴുത്തിലെ പരിക്കിനെ തുടർന്ന് താരത്തിന് നഷ്ടമായിരുന്നു. സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ എന്നിവരാണ് സ്ക്വാഡിലുള്ള മറ്റു ബാറ്റർമാർ.
ഗിൽ കളിക്കുന്നില്ലെങ്കിൽ ഇരവിൽ ആരെങ്കിലും പ്ലെയിങ് ഇലവനിലെത്തും. ഒന്നാം ടെസ്റ്റിൽ 30 റൺസിനാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. 124 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 93 റൺസിൽ എറിഞ്ഞിട്ടു. പതിനഞ്ചു വർഷത്തിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ 2012നു ശേഷം ആദ്യമായാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാർമറാണ് രണ്ടാം ഇന്നിങ്സിലും ഇന്ത്യയെ തകർത്തത്. ആദ്യ ഇന്നിങ്സിലും താരം നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. നായകൻ തെംബ ബാവുമയുടെ അപരാജിത ചെറുത്തുനിൽപ്പാണ് പ്രോട്ടീസിനെ രണ്ടാം ഇന്നിങ്സിൽ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

