കോഹ്ലിയുടെ റെക്കോഡ് മറികടന്ന് ഗിൽ, സചിനും കൈവരിക്കാനാവാത്ത നേട്ടം; വിൻഡീസിനെതിരെ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ
text_fieldsന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിങ് സീറ്റിൽ. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ സന്ദർശകർ നാലു വിക്കറ്റ് നഷ്ടത്തിൽ 140 റൺസെന്ന നിലയിലാണ്. ഇന്ത്യ 518 റൺസിന് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ആതിഥേയരുടെ അഞ്ചു വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്.
വിൻഡീസ് 378 റൺസ് പിന്നിലാണ്. രണ്ടാംദിനം നായകൻ ശുഭ്മൻ ഗില്ലിന്‍റെ സെഞ്ച്വറിയാണ് ഇന്ത്യയുടെ സ്കോർ 500 കടത്തിയത്. 196 പന്തിൽ രണ്ടു സിക്സും 16 ഫോറുമടക്കം 129 റൺസുമായി താരം പുറത്താകാതെ നിന്നു. ടീമിന്‍റെ നായക സ്ഥാനം ഏറ്റെടുത്തശേഷമുള്ള ഗില്ലിന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 2025ലാണ് ഈ അഞ്ചു സെഞ്ച്വറികളും നേടിയത്. ഒരു കലണ്ടർ വർഷം അഞ്ചു ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ നായകനാണ് ഗിൽ. കോഹ്ലി 2017, 2018 വർഷങ്ങളിൽ ഈ നേട്ടം കൈവരിച്ചിരുന്നു. എന്നാൽ, അതിവേഗം ഈ നേട്ടം കൈവരിക്കുന്ന റെക്കോഡ് ഗില്ലിനാണ്. താരം 12 ഇന്നിങ്സുകളിൽനിന്നാണ് അഞ്ചു സെഞ്ച്വറികളെന്ന നേട്ടത്തിലെത്തിയത്.
കോഹ്ലിക്ക് 18 ഇന്നിങ്സുകൾ വേണ്ടിവന്നു. 1997ൽ ക്യാപ്റ്റനായി ഇതിഹാസം സചിൻ തെണ്ടുൽക്കർ നാലു സെഞ്ച്വറികൾ നേടിയിരുന്നു. ലോക ക്രിക്കറ്റിൽ അതിവേഗം അഞ്ചു ടെസ്റ്റ് സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ താരവും ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടാമത്തെ താരവുമാണ്. അലിസ്റ്റർ കുക്ക് (ഒമ്പത് ഇന്നിങ്സ്), സുനിൽ ഗവാസ്കർ (10 ഇന്നിങ്സ്) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റനായശേഷം 933 റൺസാണ് താരം അടിച്ചുകൂട്ടിയത്. 84 ആണ് ശരാശരി. രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് ഇരട്ട സെഞ്ച്വറിക്കരികെ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. 258 പന്തിൽ 175 റൺസെടുത്ത താരം റണ്ണൗട്ടാകുകയായിരുന്നു.
സിംഗിളിനായി താരം ഓടിയെങ്കിലും നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ഗിൽ ഓടിയില്ല. പിച്ചിന്‍റെ മധ്യത്തിലെത്തിയ ജയ്സ്വാൾ തിരിച്ച് ക്രീസിലേക്ക് തന്നെ ഓടിയെങ്കിലും വിക്കറ്റ് കീപ്പർ സ്റ്റെമ്പ് ചെയ്തു. നിരാശയോടെയാണ് താരം ഗ്രൗണ്ട് വിട്ടത്. പിന്നാലെ ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി ഏകദിന ശൈലിയിൽ ബാറ്റുവീശി സ്കോർ ഉയർത്തി. 54 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 43 റൺസെടുത്താണ് താരം മടങ്ങിയത്. ധ്രുവ് ജുറൽ 79 പന്തിൽ 44 റൺസെടുത്തു. വിൻഡീസിനായി ജോമെൽ വാരികാൻ 34 ഓവറിൽ 98 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച വിൻഡീസിന് 21 റൺസെടുക്കുന്നതിനിടെ ഒപ്പണർ ജോൺ കംപെല്ലിന്‍റെ നഷ്ടമായി. 25 പന്തിൽ 10 റൺസെടുത്ത താരത്തെ രവീന്ദ്ര ജദേജ സായി സുദർശന്‍റെ കൈകളിലെത്തിച്ചു.
ടി. ചന്ദ്രപോൾ (67 പന്തിൽ 34), അലിക് അത്തനാസെ (84 പന്തിൽ 41), റോസ്റ്റൻ ചേസ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളും വിൻഡീസിന് നഷ്ടമായി. 46 പന്തിൽ 31 റൺസുമായി ഷായ് ഹോപ്പും 31 പന്തിൽ 14 റൺസുമായി ടെവിൻ ഇംലാച്ചുമാണ് ക്രീസിൽ. ജദേജയാണ് മൂന്നു വിക്കറ്റുകൾ നേടിയത്. ഒരു വിക്കറ്റ് കുല്‍ദീപ് യാദവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

