‘സ്നേഹം മാത്രം, മറ്റൊന്നുമില്ല’; ഹാർദിക്കുമായി പിണക്കത്തിലെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഗിൽ, ഇൻസ്റ്റഗ്രാമിൽ ഒന്നിച്ചുള്ള ചിത്രം
text_fieldsമുല്ലൻപുര്‍: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്-ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്റർ പോരാട്ടത്തിനിടെ നായകന്മാരായ ശുഭ്മൻ ഗില്ലിന്‍റെയും ഹാർദിക് പാണ്ഡ്യയുടെയും പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ പലവിധ അഭ്യൂഹങ്ങൾക്കും വഴിവെച്ചിരുന്നു. മത്സരത്തിനിടെ ഇരുവരും പരസ്പരം കൈ കൊടുക്കാൻ മടിച്ചതും ഗില്ലിന്‍റെ വിക്കറ്റ് ഹാർദിക് വന്യമായി ആഘോഷിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇരുവരും തമ്മിൽ ഭിന്നതയിലാണെന്ന അഭ്യൂഹം ശക്തമായത്.
ടോസിട്ട ശേഷം പരസ്പരം ഹസ്തദാനം നൽകാതെയാണ് ഹാർദികും ഗില്ലും നടന്നുനീങ്ങിയത്. പാണ്ഡ്യയുടെ സമീപത്തുനിന്ന് ഗിൽ മാറാൻ ശ്രമിക്കുമ്പോൾ, കൈ കൊടുക്കാനായി ഹാർദിക് കൈ ഉയർത്തുന്നുണ്ട്. എന്നാൽ പെട്ടെന്നു തന്നെ പാണ്ഡ്യയും പിൻവാങ്ങി. മത്സരത്തിൽ ഗില്ലിന്റെ വിക്കറ്റ് വീണപ്പോൾ, താരത്തിന് സമീപത്തു കൂടെ ഓടി ഹാർദിക് വലിയ ആഹ്ലാദം പ്രകടിപ്പിച്ചതും ശ്രദ്ധിക്കപ്പെട്ടു. ഇതിന്‍റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നാലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടെന്ന തരത്തിൽ ചർച്ചകൾ ചൂടുപിടിച്ചത്. മത്സരത്തിൽ 20 റൺസ് ജയത്തോടെ മുംബൈ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോൾ, ഗുജറാത്ത് ഐ.പി.എല്ലിൽനിന്ന് പുറത്തായി.
ഇതിനിടെ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗില്ല് തന്നെ രംഗത്തെത്തി. തങ്ങൾക്കിടയിൽ സ്നേഹം മാത്രമാണുള്ളതെന്നും മറ്റൊന്നുമില്ലെന്നും താരം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ‘സ്നേഹം മാത്രം, മറ്റൊന്നുമില്ല (ഇന്റർനെറ്റിൽ കാണുന്നതെല്ലാം വിശ്വസിക്കരുത്)’ -ഗിൽ കുറിച്ചു. ഹാർദിക്കിനൊപ്പം നിൽക്കുന്ന ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. പോസ്റ്റിൽ ഹാർദിക്കിനെ ടാഗ് ചെയ്യാനും ഗിൽ മറന്നില്ല.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹാർദിക്കും സംഘവും 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. ഗുജറാത്തിന്റെ മറുപടി 20 ഓവറിൽ ആറ് വിക്കറ്റിന് 208ൽ തീർന്നു. ഞായറാഴ്ച അഹ്മദാബാദിലാണ് പഞ്ചാബ്-മുംബൈ രണ്ടാം ക്വാളിഫയർ. ഇതിൽ ജയിക്കുന്നവർ ജൂൺ മൂന്നിന് നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.
ഓപണർ രോഹിത് ശർമ 50 പന്തിൽ 81 റൺസടിച്ചു മുംബൈയുടെ ടോപ് സ്കോററായി. സഹ ഓപണർ ജോണി ബെയർസ്റ്റോ 22 പന്തിൽ 47 റൺസുമായും മിന്നി. സൂര്യകുമാർ യാദവ് (20 പന്തിൽ 33), തിലക് വർമ (11 പന്തിൽ 25), ഹാർദിക് (ഒമ്പത് പന്തിൽ 22) എന്നിവരുടെ വെടിക്കെട്ടുകൾകൂടി ചേർന്നതോടെ സ്കോർ 200 കടന്നു. 49 പന്തിൽ 80 റൺസ് നേടിയ ഓപണർ സായി സുദർശന്റെയും 24 പന്തിൽ 48 റൺസെടുത്ത വാഷിങ്ടൺ സുന്ദറിന്റെയും ബാറ്റിങ് ഗുജറാത്തിന് പ്രതീക്ഷ നൽകിയെങ്കിലും ഇരുവരും മടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു.
ഷെഫാൻ റഥർഫോർഡും (15 പന്തിൽ 24) കുശാൽ മെൻഡിസും (10 പന്തിൽ 20) പൊരുതി നോക്കിയെങ്കിലും മുംബൈ ബൗളർമാർ കളി തിരിച്ചുപിടിച്ചു. ട്രെന്റ് ബോൾട്ട് രണ്ടും ജസ്പ്രീത് ബുംറയും റിച്ചാർഡ് ഗ്ലീസണും മിച്ചൽ സാന്റ്നറും ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

