തിലക് വർമക്ക് പകരം ആര്? ഇടവേളക്കു ശേഷം ടീമിലെത്തിയ താരത്തെ മൂന്നാം നമ്പരിൽ ഇറക്കുമെന്ന് സൂര്യ
text_fieldsസൂര്യകുമാർ യാദവ്
നാഗ്പുർ: സ്വന്തംമണ്ണിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര കൈവിട്ട ടീം ഇന്ത്യക്ക് ട്വന്‍റി20 പരമ്പര പിടിക്കുകയെന്നത് അഭിമാന പ്രശ്നമാണ്. ബുധനാഴ്ച നാഗ്പുരിൽ വെച്ചാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടി20 മത്സരം നടക്കുന്നത്. പരിക്കേറ്റ തിലക് വർമ ആദ്യ മൂന്ന് മത്സരങ്ങളിൽ കളിക്കില്ലെന്നാണ് വിവരം. പകരം ടോപ് ഓഡറിലേക്ക് ആരെ പരിഗണിക്കുമെന്ന ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. തിലക് വർമക്ക് പകരം ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുമെന്ന് ഇന്ത്യൻ നായകൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ശ്രേയസ് അയ്യരെ മറികടന്നാണ് ഇഷാൻ കിഷനെ മൂന്നാം നമ്പറിലേക്ക് തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയമാണ്. ടി20 ലോകകപ്പ് ടീമിൽ ഇഷാൻ ഉൾപ്പെട്ടതാണ് ഇതിന് പ്രധാന കാരണമായി സൂര്യകുമാർ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ ഒന്നര വർഷമായി ടീമിന് പുറത്തായിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഇഷാൻ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന് അവസരം നൽകുക എന്നത് ടീമിന്റെ ഉത്തരവാദിത്തമാണെന്നും സൂര്യകുമാർ യാദവ് പറഞ്ഞു. തിലക് വർമ്മയുടെ അഭാവത്തിൽ നിലവിൽ ഏറ്റവും അനുയോജ്യനായ താരം ഇഷാൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്നെക്കാൾ കൂടുതൽ തിലക് വർമയോ ഇഷാനോ മൂന്നാം നമ്പറിൽ കളിക്കുന്നതാണ് ടീമിന് നല്ലതെന്നും സൂര്യ അഭിപ്രായപ്പെട്ടു. സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് ഓഡറിൽ മാറ്റംവരുത്താൻ ടീം തയാറാണ്. ഒരു വലംകൈയൻ ബാറ്റ്സ്മാൻ ആവശ്യമാണെങ്കിൽ താൻ നേരത്തെ ഇറങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ ശൈലിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും സൂര്യ പറഞ്ഞു.
അതേസമയം ഇടവേളക്കുശേഷം മലയാളി താരം സഞ്ജു സാംസൺ ഓപണറായി വരുന്ന പരമ്പരക്കാണ് നാളെ തുടക്കമാകുന്നതെന്നതും ശ്രദ്ധേയമാണ്. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ അവസാനവട്ട തയാറെടുപ്പു കൂടിയാണ് ഈ പരമ്പര. ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെയാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് നടക്കുന്നത്.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

