ചാമ്പ്യൻസ് ട്രോഫിയിലെ മിന്നും പ്രകടനം; ശ്രേയസ് അയ്യർക്ക് ഐ.സി.സി പുരസ്കാരം
text_fieldsദുബൈ: പാകിസ്താൻ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിനു പിന്നാലെ ഐ.സി.സിയുടെ ‘പ്ലെയർ ഓഫ് ദ് മന്ത്’ പുരസ്കാരം സ്വന്തമാക്കി ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർ ശ്രേയസ് അയ്യർ. ന്യൂസിലൻഡിന്‍റെ ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് മാർച്ച് മാസത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയിൽ ശുഭ്മൻ ഗില്ലിനായിരുന്നു ഐ.സി.സി ഇതേ പുരസ്കാരം സമ്മാനിച്ചത്.
“പുരസ്കാര നേട്ടത്തിൽ വലിയ അഭിമാനം തോന്നുന്നു. നമ്മൾ ചാമ്പ്യൻസ് ട്രോഫി നേടിയ മാസത്തെ മികച്ച താരമായെന്നത് സന്തോഷം ഇരട്ടിപ്പിക്കുന്നു. ഇത്തരം വലിയ ടൂർണമെന്‍റുകളിൽ ഇന്ത്യയുട വിജയത്തിനായി സംഭാവന നൽകുകയെന്നത് എല്ലാ ക്രിക്കറ്റർമാരും ആഗ്രഹിക്കുന്ന കാര്യമാണ്. സഹതാരങ്ങളും പരിശീലകരും ക്രിക്കറ്റ് ആരാധകരും നൽകുന്ന പിന്തുണക്ക് നന്ദി” -പുരസ്കാര നേട്ടത്തിനു പിന്നാലെ ശ്രേയസ് പറഞ്ഞു.
വനിതകളിൽ ആസ്ട്രേലിയയുടെ ജോർജിയ വോളാണ് മാർച്ചിലെ മികച്ച താരം. സഹതാരം അനബെൽ സതർലാൻഡ്, യു.എസിന്‍റെ ചേതന പ്രസാദ് എന്നിവരെ പിന്തള്ളിയാണ് 21കാരിയുടെ പുരസ്കാര നേട്ടം.
ചാമ്പ്യൻസ് ട്രോഫിയിൽ 243 റൺസുമായി ടൂർണമെന്‍റിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായ ശ്രേയസിന്‍റെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിർണായകമായിരുന്നു. ഫൈനൽ ഉൾപ്പെടെ അവസാന മൂന്ന് മത്സരങ്ങളിൽമാത്രം 172 റൺസാണ് താരം നേടിയത്. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ മൂന്നാം തവണയാണ് ഇന്ത്യ കിരീടമുയർത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.