ശ്രേയസ് കംബാക്ക്! ഇന്ത്യൻ ട്വന്‍റി20 സ്ക്വാഡിലേക്ക് തിരിച്ചെത്തി, രവി ബിഷ്ണോയിയും ന്യൂസിലൻഡിനെതിരായ പരമ്പരയിൽ കളിക്കും
text_fieldsമുംബൈ: 780 ദിവസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ട്വന്‍റി20 സ്ക്വാഡിലേക്ക് തിരിച്ചെത്തി സൂപ്പർതാരം ശ്രേയസ് അയ്യർ. ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പരയില ആദ്യ മൂന്നു മത്സരങ്ങളിലാണ് താരത്തെ ഉൾപ്പെടുത്തിയത്. ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലുള്ള മധ്യനിര ബാറ്റർ തിലക് വർമക്കു പകരമായാണ് ശ്രേയസ്സിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. ഈമാസം 21നാണ് പരമ്പരയിലെ ആദ്യ മത്സരം.
ട്വന്‍റി20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യൻ ടീമിന്‍റെ അവസാനഘട്ട ഒരുക്കമായാണ് പരമ്പര വിലയിരുത്തുന്നത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് തുടങ്ങുന്നത്. ന്യൂസിലൻഡ് പരമ്പരക്കുള്ള സ്ക്വാഡ് തന്നെയാണ് ലോകകപ്പിലും കളിക്കുന്നത്. എന്നാൽ, പ്ലെയിങ് ഇലവനിൽ കളിക്കേണ്ട തിലകിന് പരിക്കേറ്റതോടെയാണ് ശ്രേയസ്സിന് ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. ലോകകപ്പ് സ്ക്വാഡിലുള്ള വാഷിങ്ടൺ സുന്ദറും കീവീസിനെതിരെ കളിക്കുന്നില്ല.
പകരം ലെഗ് സ്പിന്നർ രവി ബിഷ്ണോയി സ്ക്വാഡിലെത്തി. 2023 ഡിസംബർ മൂന്നിന് ആസ്ട്രേലിയക്കെതിരെയാണ് ശ്രേയസ് അവസാനമായി ഇന്ത്യക്കുവേണ്ടി ഒരു ട്വന്‍റി20 മത്സരം കളിച്ചത്. ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി തിലക് വർമക്ക് പരിക്കിൽനിന്ന് മുക്തനാകാനായില്ലെങ്കിൽ ശ്രേയസ് തന്നെയാകും പകരക്കാരൻ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനിടെയാണ് ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിന് പരിക്കേൽക്കുന്നത്.
സുന്ദറിനു പകരക്കാരനായി ഏകദിന സ്ക്വാഡിൽ യുവതാരം ആയുഷ് ബദോനിയെ ഉൾപ്പെടുത്തിയിരുന്നു. വഡോദരയില്‍ നടന്ന മത്സരത്തില്‍ താരത്തിന് ഇടുപ്പ് വേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് സ്കാനിങ്ങിന് വിധേയനാക്കിയ താരത്തെ ബാക്കിയുള്ള മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. ടെസ്റ്റിക്കുലാർ ടോർഷനെ തുടർന്നാണ് തിലക് ശസ്ത്രക്രിയക്ക് വിധേയനായത്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹി താരമായ ബദോനിയെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. പരിശീലകൻ ഗൗതം ഗംഭീറിന്റെ ഇടപെടലിനെ തുടർന്നാണ് ബദോനിയെ ടീമിലെടുത്തതെന്ന് ഒരുവിഭാഗം വിമർശിച്ചിരുന്നു.
ബാറ്ററും പാർട്‌ടൈം ബോളറും മാത്രമായ ബദോനി, എങ്ങനെ ഓൾറൗണ്ടറായ വാഷിങ്ടൻ സുന്ദറിനു പകരക്കാരനാകുമെന്നാണ് പ്രധാനമായും വിമർശകർ ചോദിക്കുന്നത്.
ട്വന്‍റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഇഷാൻ കിഷൻ, രവി ബിഷ്ണോയി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

