ഓസീസിനെതിരായ മത്സരത്തിനു തൊട്ടുമുമ്പ് ഇന്ത്യ എ ക്യാപ്റ്റൻസി ഒഴിഞ്ഞ് ശ്രേയസ്; നാട്ടിലേക്ക് മടങ്ങി
text_fieldsശ്രേയസ് അയ്യർ
ലഖ്നോ: ആസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ചതുർദിന പരമ്പരയിലെ രണ്ടാം മത്സരത്തിനു തൊട്ടുമുമ്പായി ഇന്ത്യ എ ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞ് ശ്രേയസ് അയ്യർ. പകരം ധ്രുവ് ജുറേലാണ് മത്സരത്തിൽ ടീമിനെ നയിക്കുന്നത്.
ഇന്ത്യൻ ടീമിലും താരമില്ല, മുംബൈയിലേക്ക് മടങ്ങി. ടീമിൽനിന്ന് പുറത്തുപോകാനുള്ള കാരണം എന്താണെന്ന് ശ്രേയസ്സോ, ടീം മാനേജ്മെന്‍റോ വെളിപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം നാട്ടിലേക്ക് മടങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. ‘അതേ, ശ്രേയസ് ഇടവേളയെടുത്ത് മുംബൈയിലേക്ക് മടങ്ങി. ആസ്ട്രേലിയ എക്കെതിരായ രണ്ടാം ചതുർദിന മത്സരം കളിക്കാനുണ്ടാകില്ലെന്ന് താരം സെലക്ടർമാരെ അറിയിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ സാധ്യത പട്ടികയിൽ മധ്യനിരയിൽ ശ്രേയസ്സിന്‍റെ പേരും പരിഗണിക്കുന്നുണ്ട്’ -സെലക്ടർമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആസ്ട്രേലിയ എക്കെതിരായ ആദ്യ മത്സരത്തിൽ താരത്തിന് തിളങ്ങാനായിരുന്നില്ല. 13 പന്തിൽ എട്ട് റൺസാണ് സമ്പാദ്യം. ധ്രുവ് ജുറേലിന്‍റെയും ദേവ്ദത്ത് പടിക്കലിന്‍റെയും സെഞ്ച്വറി കരുത്തിൽ ഇന്ത്യ 531 റൺസെടുത്തിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 532 റൺസെടുത്തു. മത്സരം സമനിലയിൽ പിരിഞ്ഞു. ഇന്ത്യൻ സീനിയർ ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിലും ഏഷ്യ കപ്പിലും താരത്തിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. ഏകദിന ടീമിൽ സ്ഥിരം സാന്നിധ്യമാണെങ്കിലും ഏറെ നാളായി ടെസ്റ്റ്, ട്വന്‍റി20 ടീമുകളിൽനിന്ന് പുറത്താണ്.
ഒക്ടോബർ രണ്ടിനാണ് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. പരമ്പരക്കുള്ള ടീമിനെ വരുംദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും. രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിന് വിട്ടു. നിലവിൽ 27 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 77 റൺസെടുത്തിട്ടുണ്ട്. 13 പന്തിൽ ഒമ്പത് റൺസെടുത്ത കാംബെൽ കെല്ലവേയുടെ വിക്കറ്റാണ് നഷ്ടമായത്. സാം കോൻസ്റ്റാസ് (70 പന്തിൽ 29), നഥാൻ മക്സ്വീനെ (79 പന്തിൽ 35) എന്നിവരാണ് ക്രീസിൽ. പ്രസിദ്ധ് കൃഷ്ണക്കാണ് വിക്കറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

