ഫൈനലിലെത്തിയ ശ്രേയസ്സിനും കൂട്ടർക്കും ‘പണി’ കൊടുത്ത് ബി.സി.സി.ഐ; മുംബൈ താരങ്ങളെയും വെറുതെ വിട്ടില്ല!
text_fieldsഅഹ്മദാബാദ്: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർക്ക് പിഴ ചുമത്തി ബി.സി.സി.ഐ. 24 ലക്ഷം രൂപയാണ് പിഴ. ഐ.പി.എൽ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് നടപടി.
ടീമിലെ മറ്റു താരങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. ആറു ലക്ഷം രൂപ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനം എന്നിവയിൽ ഏതാണോ കുറഞ്ഞ തുക അതാണ് പിഴയായി നൽകേണ്ടത്. കുറഞ്ഞ ഓവർ നിരക്കിന് മുംബൈ താരങ്ങൾക്കും പിഴ ചുമത്തി. നായകൻ ഹാർദിക് പാണ്ഡ്യക്ക് 30 ലക്ഷം രൂപയാണ് പിഴ. ടീമിലെ മറ്റു താരങ്ങൾ 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴ ഒടുക്കണം.
ആവേശപ്പോരിൽ മുംബൈയെ മുട്ടുകുത്തിച്ചാണ് പഞ്ചാബ് ഫൈനലിന് യോഗ്യത നേടിയത്. മഴ കാരണം രണ്ടര മണിക്കൂറിലേറെ വൈകി തുടങ്ങിയ മത്സരത്തിൽ മുംബൈയുടെ സ്കോറായ 203 ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ പഞ്ചാബിന്റെ ചുണക്കുട്ടികൾ അനായാസം മറികടന്നു. സ്കോർ: മുംബൈ-203/6. പഞ്ചാബ്-207/5.
ബംഗളൂരുവിനോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ പഞ്ചാബിന്റെ ഉഗ്രൻ തിരിച്ചുവരവാണ് രണ്ടാം ക്വാളിഫയർ മത്സരത്തിൽ കണ്ടത്. കൂറ്റൻ അടികൾകൊണ്ട് റൺമഴ തീർത്താണ് പഞ്ചാബ് കളംനിറഞ്ഞത്. സിക്സുകളും ഫോറുകളും ഇടതടവില്ലാതെ പ്രവഹിച്ചു. നായകൻ ശ്രേയസ് അയ്യർ അപരാജിതനായി നേടിയ 86 റൺസിന് പുറമെ, നേഹൽ വധേര (48), ജോഷ് ഇൻഗ്ലിസ് (38) പ്രിയാൻഷ് ആര്യ (20) എന്നിവർ തങ്ങളുടെ പങ്ക് ഭംഗിയാക്കി.
കളിയുടെ നല്ലനേരം മഴ കവർന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് മുംബൈ ഇന്ത്യന്‍സിനെ ബാറ്റിങ്ങിനയച്ചു. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മുംബൈ 203 റൺസെടുത്തു. 44 റൺസ് വീതം നേടിയ തിലക് വർമയും സൂര്യകുമാർ യാദവും തിളങ്ങി. ജോണി ബെയർസ്റ്റോ (38), നമാൻ ധിർ (37) എന്നിവരുടെ റൺസമ്പാദ്യമാണ് മുംബൈ സ്കോർ 200 കടത്തിയത്. പഞ്ചാബ് നിരയിൽ അർഷ്ദീപ് സിങ്ങിനൊഴികെ ബൗൾ ചെയ്തവർക്കെല്ലാം വിക്കറ്റുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായ രോഹിത് ശര്‍മ ഏഴ് പന്തില്‍ എട്ട് റണ്‍സ് നേടി പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

