വൈഭവ് സൂര്യവംശി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണോ? നിലപാട് വ്യക്തമാക്കി സചിൻ
text_fieldsമുംബൈ: ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ അതുല്യ പ്രതിഭയെന്ന് വിശേഷിപ്പിച്ച് ഇതിഹാസ താരം സചിൻ തെണ്ടുൽക്കർ. പതിനഞ്ചുകാരനായ വൈഭവ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹമുണ്ടെന്നും സചിൻ പറഞ്ഞു.
എന്നാൽ, താരത്തെ ധിറുതി പിടിച്ച് ടെസ്റ്റ് ഫോർമാറ്റിലേക്ക് കൊണ്ടുവരരുതെന്നും സചിൻ മുന്നറിയിപ്പ് നൽകി. ഐ.പി.എൽ സീസണിൽ മിന്നുംപ്രകടനവുമായി ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് വൈഭവ്. 16 ഇന്നിങ്സുകളിൽനിന്ന് 237.31 പ്രഹരശേഷിയിൽ 776 റൺസാണ് താരം അടിച്ചുകൂട്ടിയത്. സീസണിൽ 72 സിക്സുകൾ നേടി ക്രിസ് ഗെയിലിന്‍റെ റെക്കോഡും മറികടന്നു. നിലവിൽ റൺവേട്ടക്കാരുടെ ഓറഞ്ചു ക്യാപ്പിനുള്ള പോരാട്ടത്തിൽ ഒന്നാമതാണ്. ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ (722), സായി സുദർശൻ (710) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. ഗുജറാത്ത് ഫൈനൽ കളിക്കുന്നതിനാൽ, താരത്തെ മറികടക്കാനുള്ള സാധ്യതയുണ്ട്.
ലോകോത്തര ബൗളർമാരെ ഒട്ടും ഭയമില്ലാതെ അനായാസം നേരിടാനുള്ള വൈഭവിന്‍റെ മികവാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. 'എല്ലാവരും സൂര്യവംശിയെക്കുറിച്ചാണ് സംസാരിക്കുന്നത്, ഞാൻ അവന്റെ ബാറ്റിങ് കണ്ടു - ഗംഭീരമായിരുന്നു' -സചിൻ പറഞ്ഞു.
വൈഭവ് ഒരു അതുല്യ പ്രതിഭ തന്നെയാണ്. പന്തിനെ അടിക്കാനുള്ള കഴിവ് മാത്രമല്ല, അവന്റെ കൈത്തണ്ടയുടെ ചലനങ്ങളും (wrist work) എന്നെ അത്ഭുതപ്പെടുത്തി. ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകൾ പായിക്കണമെങ്കിൽ മികച്ച രീതിയിൽ കൈത്തണ്ട ഉപയോഗിക്കാൻ കഴിയണം. അവൻ വെറുതെ പന്ത് അടിച്ചുപറത്തുകയല്ല. മറ്റുള്ളവരേക്കാൾ നേരത്തെ തന്നെ പന്തിന്റെ ലൈനും ലെങ്തും മനസ്സിലാക്കി, വളരെ അനായാസമായി ബൗണ്ടറി പായിക്കുകയാണെന്നും സചിൻ കൂട്ടിച്ചേർത്തു. തകർപ്പൻ ഫോമിൽ ബാറ്റ് വീശുന്ന വൈഭവിനെ ഇന്ത്യൻ സീനിയർ ടീമിലേക്ക് പരിഗണിക്കണമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ അഭിപ്രായപ്പെട്ടിരുന്നു. രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാരയും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. വൈഭവ് ഏതു വെല്ലുവിളിയും നേരിടാൻ തയാറാണെന്ന് സംഗക്കാര പ്രതികരിച്ചു.
സചിനും ഇതിനെ പിന്തുണക്കുന്നുണ്ടെങ്കിലും സൂര്യവംശിക്ക് സ്വന്തം ശൈലിയിൽ കളിക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും വാദിക്കുകയാണ്. എല്ലാവർക്കും ഒരു തുടക്കമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ പ്രായത്തിനൊപ്പം തന്നെ വെല്ലുവിളികളെ എങ്ങനെ നേരിടണമെന്നും അവൻ പഠിക്കും. കരിയറിന്റെ അവസാനം വരെ പ്രശ്നങ്ങൾ ഉണ്ടാകും.
നേരിടുന്ന അവസാന പന്ത് വരെ പ്രശ്നങ്ങളുണ്ടാകും. വളരെ ആത്മവിശ്വാസത്തോടെയും കൃത്യമായ ബോധ്യത്തോടെയും കളിക്കുന്ന താരമാണ്. അവന്റെ സ്വാഭാവികമായ വാസനകളെ (natural instincts) മാറ്റാൻ ആഗ്രഹിക്കുന്നില്ലെന്നും സചിൻ കൂട്ടിച്ചേർത്തു.
അനാവശ്യമായ ഉപദേശങ്ങൾ നൽകി ബുദ്ധിമുട്ടിക്കുന്നത് താരത്തിന് വലിയ വെല്ലുവിളിയാകും. അവന് ഇഷ്ടമുള്ളതുപോലെ ബാറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുക. കാലക്രമേണ, കളിയിലെ എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള ആത്മവിശ്വാസം അവർ സ്വന്തമാക്കും. എല്ലാവരും വൈഭവ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ട്. അത് എന്നാണെന്ന് തനിക്കറിയില്ല. അവൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ, അവനെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും കളി ആസ്വദിക്കുകയുമാണ് വേണ്ടത്. അല്ലാതെ നിരന്തരം സമ്മർദം ചെലുത്തി താരത്തെ പ്രയാസപ്പെടുത്തുകയല്ല വേണ്ടത്. സ്ക്വാഡ് തെരഞ്ഞെടുക്കുന്നതെല്ലാം സെലക്ടർമാരുടെ ജോലിയാണെന്നും സചിൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

