‘ഷോലെ 2 ഉടൻ എത്തുന്നു’; ധോണിക്കൊപ്പമുള്ള ചിത്രത്തിന്റെ ‘പ്രഖ്യാപനം’ നിർവഹിച്ച് ഹാർദിക് പാണ്ഡ്യ
text_fieldsറാഞ്ചി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ വാഹന ശേഖരം കണ്ട് അതിശയപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ ട്വന്റി 20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. ഷോലെ എന്ന സൂപ്പർഹിറ്റ് സിനിമയിൽ അമിതാബ് ബച്ചനും ധർമേന്ദ്രയും ഉപയോഗിച്ച ബൈക്കിന്റെ മാതൃകയിലുള്ള വാഹനത്തിൽ ഇരുവരും കയറിയിരിക്കുന്ന ഫോട്ടോ ‘ഷോലെ 2 ഉടൻ എത്തുന്നു’ എന്ന കുറിപ്പോടെ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം.
ന്യൂസിലാൻഡുമായുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് ധോണിയുടെ നാടായ റാഞ്ചിയിൽ എത്തിയതായിരുന്നു പാണ്ഡ്യ. ധോണിയുടെ ഗാരേജിൽ വാഹനങ്ങളുടെ വലിയ ശേഖരം തന്നെയുണ്ട്. മിറ്റ്സ്തുബിഷി പജേറൊ എസ്.എഫ്.എക്സ്, ഹമ്മർ എച്ച് 2, നിസ്സാൻ ജോങ്, ഇന്ത്യൻ സൈന്യത്തിനായി നിർമിച്ച ജീപ്പ്, കാവസാകി നിഞ്ജ എച്ച് 2, കോൺഫെഡറേറ്റ് ഹെൽകാറ്റ്, ബി.എസ്.എ ബൈക്കുകൾ, നോർട്ടൻ വിന്റേജ് ബൈക്ക് എന്നിവ അതിൽ ചിലതാണ്.
വെള്ളിയാഴ്ചയാണ് ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ട്വന്റി 20 മത്സരം. ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കിയിരുന്നു.