Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരോഹിത്തിനെ...

രോഹിത്തിനെ ക്യാപ്റ്റനാക്കാതെ ടീമിൽ ഉൾപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന തീരുമാനമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ

text_fields
bookmark_border
Rohit Sharma
cancel
camera_alt

രോഹിത് ശർമ

ന്യൂഡല്‍ഹി: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കിയതിൽ ആശ്ചര്യം രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെങ്കിൽ രോഹിത്തിനെ ടീമിൽ ഉൾപ്പെടുത്തരുതായിരുന്നെന്നും ഹർഭജൻ പറഞ്ഞു.

ഓസീസ് പരമ്പരക്കുള്ള ഏകദിന, ട്വന്‍റി20 ടീമുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ഒക്ടോബർ 19ന് തുടങ്ങുന്ന പരമ്പരയിൽ മൂന്ന് ഏകദിനവും അഞ്ച് ട്വന്‍റി20 മത്സരങ്ങളുമാണുള്ളത്. രോഹിത്തിന്‍റെയും കോഹ്ലിയുടെയും ഏകദിന ടീമിലേക്കുള്ള തിരിച്ചുവരവ് ഏവരും ഉറപ്പിച്ചിരുന്നെങ്കിലും ഏകദിനത്തിലും ശുഭ്മൻ ഗിൽ ടീമിന്‍റെ നായകനാകുമെന്നത് അപ്രതീക്ഷിതമായിരുന്നു. 2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് സെലക്ടർമാരുടെ നീക്കം.

‘ഏകദിന ടീമിന്‍റെ കൂടി നായകനാക്കിയതോടെ ഗില്ലിന് മറ്റൊരു ചുമതല കൂടി നൽകിയത് നല്ലകാര്യം. തീർച്ചയായും ഇത് താരത്തിന് പുതിയൊരു വെല്ലുവിളിയാകും. രോഹിതിന് പകരക്കാരനായി ഏകദിന ടീമിന്‍റെ ക്യാപ്റ്റനാകേണ്ടത് ഗിൽ തന്നെയാണ്. വൈറ്റ്-ബാൾ ക്രിക്കറ്റിൽ വളരെ മികച്ച റെക്കോഡുള്ള താരമാണ് രോഹിത്. സത്യം പറഞ്ഞാൽ, രോഹിതിന് ക്യാപ്റ്റൻ സ്ഥാനം നൽകാതെ ടീമിൽ ഉൾപ്പെടുത്തിയത് ഞെട്ടലുണ്ടാക്കുന്ന വാർത്തയാണ്’ -ഹർഭജൻ പറഞ്ഞു.

ഏകദിനത്തിൽ മികച്ച റെക്കോഡുള്ള ഇന്ത്യൻ ക്യാപ്റ്റനാണ് രോഹിത്. കോഹ്‍ലിയുടെ പിൻഗമായിയായി ഏകദിന ക്യാപ്റ്റൻസിയിലെത്തിയ രോഹിതിനു കീഴിൽ 56 മത്സരങ്ങളിലാണ് ഇന്ത്യ കളിച്ചത്. 42 മത്സരങ്ങളിൽ വിജയവും, 12 തോൽവിയും ഒരു സമനിലയും വഴങ്ങി. ഒരു മത്സരം ഫലമില്ലാതെ പിരിഞ്ഞു. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുകയും ഈവർഷം നടന്ന ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ ടീമിന് കിരീടം നേടികൊടുക്കുകയും ചെയ്തു. ഓസീസ് പര്യടനത്തിൽ രോഹിത് കളിക്കുന്നുണ്ടെങ്കിൽ അദ്ദേഹം തന്നെയാകും ടീമിനെ നയിക്കുക എന്നായിരുന്നു താൻ വിശ്വസിച്ചിരുന്നതെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

ഇന്ത്യ-വിൻഡീസ് ഒന്നാം ടെസ്റ്റ് വേദിയായ അഹ്മദബാദിൽ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർകർ, കോച്ച് ഗൗതം ഗംഭീർ, ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് നായക മാറ്റത്തിൽ തീരുമാനമെടുത്തത്.

ജസ്പ്രീത് ബുംറയില്ലാതെയാണ് ടീം ഏകദിനത്തിലിറങ്ങുന്നത്. ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടം സ്വന്തമാക്കി. ടെസ്റ്റിലും ഇപ്പോൾ ഏകദിനത്തിലും ക്യാപ്റ്റനായി മാറിയ ഗിൽ ട്വന്റി20യിൽ വെസ് ക്യാപ്റ്റനാണ്.

2018 ഏഷ്യാകപ്പിൽ താൽകാലിക ക്യാപ്റ്റനായാണ് രോഹിത് ആദ്യമായി ടീമിനെ നയിച്ചത്. 2021ൽ സ്ഥിരം ക്യാപ്റ്റനായി മാറി. 2023 ഏഷ്യ കപ്പിൽ കിരീടത്തിലേക്ക് നയിക്കുകയും, ഇതേ വർഷം ഏകദിന ലോകകപ്പിൽ ഫൈനലിലെത്തുകയും ചെയ്തു. ഐ.പി.എല്ലിലും ദേശീയ ടീമിലും നായക വേഷത്തിൽ തിളങ്ങിയ രോഹിത് പക്ഷേ, സമീപകാലത്തായി നിഴൽ മാത്രമായി മാറി. ഇതോടെ ക്യാപ്റ്റൻസി മാറ്റം നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. രോഹിതിന്റെ വിരമിക്കലിനു പിന്നാലെയാണ് ശുഭ്മാൻ ഗിൽ ടെസ്റ്റ് ടീം നായകനായത്. മികച്ച പ്രകടനവുമായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-2ന് ഒപ്പമെത്തിക്കാനും താരത്തിന് കഴിഞ്ഞു.

ഒക്ടോബർ 19ന് പെർതിലെ മത്സരത്തിലൂടെയാണ് ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനം ആരംഭിക്കുന്നത്. ഒക്ടോബർ 23, 25 ദിവസങ്ങളിലാണ് മറ്റു മത്സരങ്ങൾ. അഞ്ച് ട്വന്റി20യും ഓസീസ് മണ്ണിൽ കളിക്കും.

ആസ്ട്രേലിയൻ പര്യടനം: ഏകദിന ടീം

ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ രാഹുൽ, നിതീഷ് കുമാർ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറൽ, യശസ്വി ജയ്സ്വാൾ.

ട്വന്റി20 ടീം:

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket TeamRohit SharmaShubman Gill
News Summary - "Shocking to see Rohit not being captain" - Ex-Indian star
Next Story