സിറാജിന്‍റെ മാസ്മരിക ബൗളിങ്ങിനെ ‘വലിയ വാക്കുകളി’ൽ പ്രകീർത്തിച്ച് ശുഐബ് അക്തർ
text_fieldsഏഷ്യാ കപ്പ് ഫൈനലിൽ പേസർ മുഹമ്മദ് സിറാജിന്‍റെ അവിസ്മരണീയ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് റെക്കോഡ് വിജയം സമ്മാനിച്ചത്. സിറാജ് കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത മത്സരത്തിൽ 15.1 ഓവറിൽ 50 റൺസിന് ലങ്കൻ ഇന്നിങ്സ് അവസാനിച്ചു. 6.1 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി.
സിറാജ് കൊടുങ്കാറ്റായ മത്സരത്തിൽ ഒരുപിടി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി. ഏകദിന ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം ഒരോവറിൽ നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത് ആദ്യമാണ്. ഒരു മത്സരത്തിൽ അതിവേഗം അഞ്ചു വിക്കറ്റ് സ്വന്തമാക്കുന്ന താരമെന്ന അപൂർവ നേട്ടത്തിൽ ശ്രീലങ്കയുടെ ചാമിന്ദ വാസിനൊപ്പമെത്തി. 2.4 ഓവറിലാണ് നേട്ടം കൈവരിച്ചത്.
മുൻ പാക് പേസർ ശുഐബ് അക്തർ താരത്തിന്‍റെ മാസ്മരിക ബൗളിങ്ങിനെ നാലു വാക്കുകളിലാണ് പ്രകീർത്തിച്ചത്. ‘അതാണ് സംഹാരവും ഉന്മൂലനവും’ എന്നാണ് അക്തർ എക്സ്പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചത്. ലങ്കൻ ബാറ്റിങ്ങിൽ രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്. നേരത്തെ, ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമായാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സിറാജിനെ വിശേഷിപ്പിച്ചത്.