‘രോഹിത്തിന്‍റെയും കോഹ്ലിയുടെയും മികവ് അവർക്കില്ല...’; ഇന്ത്യയോട് തോറ്റ പാകിസ്താൻ ടീമിനെ വിമർശിച്ച് അക്തർ
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയിലെ നിർണായക മത്സരത്തിൽ ഇന്ത്യയോട് ആറു വിക്കറ്റിന് തോറ്റ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് മുൻ പേസർ ശുഐബ് അക്തർ. തുടർച്ചയായ രണ്ടാം തോൽവിയുടെ ആതിഥേയരായ പാകിസ്താന്‍റെ സെമി കാണാതെ പുറത്താകലിന്‍റെ വക്കിലാണ്.
ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡിനോടും ടീം തോറ്റിരുന്നു. അഞ്ചു ബൗളർമാരെ കളിപ്പിക്കാനുള്ള ടീമിന്‍റെ തന്ത്രം പാളിയെന്നും തോൽവിയിൽ നിരാശയില്ലെന്നും ഇത്തരമൊരു ഫലം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും അക്തർ പ്രതികരിച്ചു. ‘ഇന്ത്യയോടേറ്റ തോൽവിയിൽ ഒട്ടും നിരാശയില്ല, കാരണം ഇത് നേരത്തെ പ്രതീക്ഷിച്ചതാണ്. അഞ്ചു ബൗളർമാരെ തെരഞ്ഞെടുത്ത തീരുമാനം തെറ്റായി, എല്ലാവരും ആറു ബൗളർമാരുമായാണ് കളിക്കുന്നത്. രണ്ടു ഓൾ റൗണ്ടർമാരെ കളിപ്പിക്കാമായിരുന്നു. ബുദ്ധിശൂന്യവും ലക്ഷ്യബോധവുമില്ലാത്ത തീരുമാനമായി. എനിക്ക് നിരാശയുണ്ട്’ -അക്തർ വിഡിയോയിൽ പറഞ്ഞു.
രോരിത് ശർമ, വിരാട് കോഹ്ലി, ശുഭ്മൻ ഗിൽ എന്നിവരുടെ മികവിനൊത്ത താരങ്ങളൊന്നും പാകിസ്താനൻ ടീമിലില്ല. അതുകൊണ്ടു തന്നെ കുട്ടികളെ (പാകിസ്താൻ താരങ്ങളെ) കുറ്റപ്പെടുത്താനാകില്ല. മാനേജ്മെന്‍റിനും താരങ്ങൾക്കും ഒന്നും അറിയില്ല. വ്യക്തമായ ലക്ഷ്യമില്ലാതെയാണ് അവർ കളിക്കാൻ പോയത്. എന്താണ് ചെയ്യേണ്ടതെന്ന് ആർക്കും ഒരു ധാരണയുമില്ലെന്നും അക്തർ കൂട്ടിച്ചേർത്തു.
അതേസമയം, പാകിസ്താനു മുന്നിൽ ഇനിയും സെമിയുടെ വിദൂര സാധ്യതയുണ്ട്. നിലവിൽ ഗ്രൂപ്പ് എയില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് പോയന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ് ടീം. പാകിസ്താന്റെ സെമി സാധ്യതകള്‍ തീരുമാനിക്കുന്നത് ഇനി ഗ്രൂപ്പിലെ മറ്റു ടീമുകളാണ്. ഫെബ്രുവരി 27ന് ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തില്‍ പാകിസ്താന് മികച്ച വിജയം നേടണം. മാത്രമല്ല ബംഗ്ലാദേശോ, ന്യൂസീലന്‍ഡോ രണ്ടോ അതിലധികമോ വിജയങ്ങള്‍ നേടാതിരിക്കുകയും വേണം.
ഇതിൽ തിങ്കളാഴ്ച റാവല്‍പിണ്ടിയില്‍ നടക്കുന്ന ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് പോരാട്ടമാണ് നിർണായകം. കീവീസ് ജയിച്ചാല്‍ പാകിസ്താന്‍ ഔദ്യോഗികമായി ടൂര്‍ണമെന്റില്‍നിന്ന് പുറത്താകും. അങ്ങനെ വന്നാല്‍ ഇന്ത്യയും കിവീസും ഗ്രൂപ്പില്‍നിന്ന് സെമിയിലേക്ക് മുന്നേറും. പാകിസ്താന്‍റെ 241 റൺസ് പിന്തുടർന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തിൽ 45 പന്തുകൾ ബാക്കി നിൽക്കെയാണ് ലക്ഷ്യത്തിലെത്തിയത്. ആതിഥേയരായ പാകിസ്താന്‍റെ സെമി പ്രതീക്ഷകൾക്ക് തോൽവി തിരിച്ചടിയായി. സ്കോർ: പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 42.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 244.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

