‘ആരാണ് ശിവം ദുബെ? ഇന്ത്യൻ ക്രിക്കറ്ററാണോ?’; ലോകകപ്പ് കഴിഞ്ഞ് താരം മുംബൈയിലേക്ക് മടങ്ങിയത് ട്രെയിനിൽ; ടിക്കറ്റ് ചെക്കറുടെ ചോദ്യത്തെ സമർഥമായി നേരിട്ട് ഭാര്യ അഞ്ജും ഖാൻ
text_fieldsമുംബൈ: ടി20 ലോകകപ്പ് വിജയത്തിന് ശേഷം എത്രയും വേഗം വീട്ടിൽ എത്തണമെന്നായിരുന്നു ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ദുബെ ആഗ്രഹിച്ചത്. അതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യത്തിൽ അധികമാരും തെരഞ്ഞെടുക്കാത്ത ഒരു വഴി അദ്ദേഹം തെരഞ്ഞെടുത്തത്. രാജ്യം മുഴുവൻ ആരാധകരുള്ള, ഇന്ത്യയുടെ അഭിമാനതാരം നാട്ടിലെത്തിയത് ട്രെയിനിലെ തേർഡ് എ.സി കോച്ചിലാണ്. അതും ഇന്ത്യൻ ടീം അഭിമാനക്കപ്പ് നേടിയതിന് മണിക്കൂറുകൾക്ക് ശേഷം.
ശിവം ദുബെയും ഭാര്യ അഞ്ജും ഖാനും അവരുടെ രണ്ട് കുട്ടികളും വിമാനത്തിൽ യാത്രചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, മത്സരത്തിന് ശേഷം മുംബൈയിലേക്കുള്ള എല്ലാ വിമാനങ്ങളും പൂർണമായും ബുക്ക് ചെയ്യപ്പെട്ടതിനാൽ അവർക്ക് ടിക്കറ്റ് ലഭിച്ചില്ല. അങ്ങനെയാണ് തിങ്കളാഴ്ച പുലർച്ചെയുള്ള അഹ്മദാബാദ്-മുംബൈ സയാജി എക്സ്പ്രസ് യാത്രക്കായി അവർ തെരഞ്ഞെടുത്തത്.
ട്രെയിനിൽ യാത്ര ചെയ്യുന്ന കാര്യം അറിയിച്ചപ്പോൾ കുടുംബവും സുഹൃത്തുക്കളും ആശങ്കയിലായെന്ന് ശിവം ദുബെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ആരെങ്കിലും തന്നെ സ്റ്റേഷനിലോ ട്രെയിനിനുള്ളിലോ വെച്ച് തിരിച്ചറിഞ്ഞാലോ എന്നതായിരുന്നു ആധി. ആരും അറിയാതിരിക്കാൻ തൊപ്പിയും മാസ്കും ഫുൾസ്ലീവ് ടീ-ഷർട്ടും ധരിച്ചായിരുന്നു ശിവത്തിന്‍റെ യാത്ര.
ശിവം സ്റ്റേഷനിൽ എത്തിയപ്പോൾ അവിടം ഇന്ത്യൻ ജേഴ്സി അണിഞ്ഞ ആരാധകരാൽ നിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ട്രെയിൻ എത്തുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് അദ്ദേഹം കാറിൽ നിന്ന് ഇറങ്ങിയത്. ട്രെയിനിൽ കയറിയ ഉടൻ മുകളിലെ ബർത്തിൽ സ്ഥാനം പിടിക്കുകയും ചെയ്തു. എന്നാൽ, അപ്പോഴാണ് ടിക്കറ്റ് ചെക്കർ എത്തുന്നത്. 'ആരാണ് ശിവം ദുബെ? ക്രിക്കറ്റ് കളിക്കാരനാണോ?' എന്ന് അദ്ദേഹം ചോദിച്ചു.
എന്തിനാണ് അദ്ദേഹം ഇവിടെ വരുന്നത് എന്നായിരുന്നു ശിവത്തിന്‍റെ ഭാര്യയുടെ മറുപടി. അതിന് ശേഷം ട്രെയിനിനുള്ളിൽ ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. പക്ഷെ നേരം പുലർന്ന ശേഷം ബോറിവാലിയിൽ ഇറങ്ങുന്നത് വെല്ലുവിളിയാണെന്ന് അറിയാവുന്നത് കൊണ്ട് ശിവം പൊലീസിനെ സഹായത്തിനായി വിളിച്ചു.
ആദ്യം താൻ വിമാനത്തിലാണ് എത്തുന്നതെന്നാണ് പൊലീസ് കരുതിയതെന്ന് ശിവം ദുബെ പറഞ്ഞു. പക്ഷേ, ട്രെയിനിൽ യാത്ര ചെയ്യുകയാണെന്ന് പറഞ്ഞപ്പോൾ അവർ അത്ഭുതപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എസ്കോർട്ട് നൽകിയതിനാൽ ബാക്കി കാര്യങ്ങൾ എളുപ്പമായിരുന്നെന്ന് ശിവം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

