‘ഇത് കരിയറിന്‍റെ അവസാനമായിരിക്കാം, സഹതാരം ഇരട്ട സെഞ്ച്വറി നേടിയപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു’; അവസാന നാളുകളെ കുറിച്ച് ശിഖർ ധവാൻ
text_fieldsമുംബൈ: ടീമിലെ സഹതാരം അന്ന് ഇരട്ട സെഞ്ച്വറി നേടിയപ്പോൾ തന്നെ തന്‍റെ കരിയറിന് ഏറെക്കുറെ അവസാനമായെന്ന് ഉറപ്പിച്ചിരുന്നതായി മുൻഇന്ത്യൻ ബാറ്റർ ശിഖൻ ധവാന്‍റെ വെളിപ്പെടുത്തൽ. 2022ൽ ബംഗ്ലാദേശിനെതിരെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്‍റെ ഇരട്ട സെഞ്ച്വറി പ്രകടനം ഓർത്തെടുത്താണ് ധവന്‍റെ തുറന്നുപറച്ചിൽ.
വൈറ്റ് ബാൾ ക്രിക്കറ്റിൽ ശുഭ്മൻ ഗില്ലും കിഷനും നിലയുറപ്പിച്ചതോടെയാണ് ഇടങ്കൈയൻ ഓപ്പണിങ് ബാറ്ററായ ധവാൻ ടീമിന് പുറത്താകുന്നത്. പിന്നാലെ താരം വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കരിയറിന്‍റെ അവസാനത്തിൽ മുതിർന്ന താരമെന്ന നിലയിൽ ധവാന് ടീമിൽ നിർണായക പങ്കുണ്ടായിരുന്നു. 2023 ഏകദിന ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയം കൂടിയായിരുന്നു അന്ന്, ടീമാണെങ്കിൽ ഓപ്പണിങ് ജോഡികൾക്കുവേണ്ടിയുള്ള അന്വേഷണത്തിലും. 2022ലെ റൺവേട്ടക്കാരുടെ പട്ടികയിൽ ധവാനുമുണ്ടായിരുന്നു. 22 മത്സരങ്ങളിൽനിന്ന് 688 റൺസാണ് താരം നേടിയത്. 34.40 ആണ് ശരാശരി.
പക്ഷേ, പിന്നീട് വന്ന യുവപ്രതിഭകളോട് കിടപിടിച്ചു നിൽക്കാൻ ധവാന് കഴിഞ്ഞില്ല. ബംഗ്ലാദേശ് പര്യടത്തിനു പിന്നാലെ ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാൻ താരത്തിന് അവസരം ലഭിച്ചില്ല. ശുഭ്മൻ ഗില്ലും ഇഷാൻ കിഷനുമാണ് 2023 ഏകദിന ലോകകപ്പ് സ്ക്വാഡിലെത്തിയത്. ബംഗ്ലാദേശിനെതിരായ മൂന്നു മത്സര പരമ്പരയിൽ 18 റൺസ് മാത്രമാണ് ധവാന്‍റെ സമ്പാദ്യം. പിന്നാലെ ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരായ പരമ്പരകളിൽനിന്ന് ധവാനെ ഒഴിവാക്കി.
അന്ന് കിഷന്‍റെ റെക്കോഡ് പ്രകടനം കണ്ടപ്പോഴെ തന്‍റെ സമയമായെന്ന് ഉറപ്പിച്ചിരുന്നതായി ധവാൻ പറയുന്നു. ‘ഒരുപാട് അർധ സെഞ്ച്വറി നേടിയിരുന്നു, എന്നാൽ സെഞ്ച്വറി നേടാനായില്ല, 70 റൺസ് ഒരുപാട് തവണ നേടിയിരുന്നു. ഇഷാൻ കിഷൻ അന്ന് ഇരട്ട സെഞ്ച്വറി നേടിയപ്പോൾ, നിങ്ങളുടെ കരിയറിന്റെ അവസാനമായെന്ന് അന്ന് മനസ്സ് പറഞ്ഞു. സുഹൃത്തുക്കൾ വന്ന് എനിക്ക് വൈകാരിക പിന്തുണ നൽകിയത് ഓർക്കുന്നു. ഞാൻ വളരെ നിരാശനായിരിക്കുമെന്നാണ് അവർ കരുതിയത്. പക്ഷേ ഞാൻ സന്തോഷവനായിരുന്നു’ -ധവാൻ പറഞ്ഞു.
താരത്തിന്‍റെ റെഡ് ബാൾ ക്രിക്കറ്റിന് അതിനും മുമ്പേ നിഴൽ വീണിരുന്നു. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനമാണ് താരത്തിന് തിരിച്ചടിയായത്. എന്നാൽ, ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെ മൂന്നു സീസണുകളിലായി നയിക്കുന്ന ധവാൻ, ടീമിനുവേണ്ടി തകർപ്പൻ പ്രകടനാണ് പുറത്തെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

