ക്രിക്കറ്റിലെ തിരക്കില്ലായിരുന്നെങ്കിൽ വൈഭവ് എന്റെ സിനിമയിൽ അഭിനയിച്ചേനെ- ശേഖർ കപൂർ
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ബാറ്റിങ് വിസ്മയം തീർത്ത പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ചലച്ചിത്ര സംവിധായകൻ ശേഖർ കപൂർ. തന്റെ പുതിയ സിനിമയായ 'മസൂം 2'ൽ വൈഭവ് സൂര്യവംശിയെ കാസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നെന്നും, എന്നാൽ ക്രിക്കറ്റിലെ കുതിപ്പ് അതിന് തടസ്സമായെന്നും പത്മഭൂഷൺ ജേതാവായ അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു ശേഖർ കപൂർ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. വൈഭവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു: 'സൂര്യവംശി ഇത്രയും മികച്ചൊരു ക്രിക്കറ്റർ അല്ലായിരുന്നെങ്കിൽ... എന്റെ 'മസൂം' എന്ന ചിത്രത്തിൽ ഞാൻ അവനെ അഭിനയിപ്പിക്കുമായിരുന്നു.'
2026 ഐ.പി.എൽ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് ഈ കൗമാര താരം അടിച്ചുകൂട്ടിയത്. 2025 ഏപ്രിലിൽ 14 വയസ്സും 23 ദിവസവും പ്രായമുള്ളപ്പോൾ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ച് ചരിത്രം സൃഷ്ടിച്ച വൈഭവ്, ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. ഐ.പി.എല്ലിലെ മിന്നും പ്രകടനത്തോടെ താരത്തെ ഇന്ത്യൻ ദേശീയ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
1983-ൽ പുറത്തിറങ്ങിയ ശേഖർ കപൂറിന്റെ സംവിധാന അരങ്ങേറ്റമായ കൾട്ട് ക്ലാസിക് ചിത്രമാണ് 'മസൂം'. നസറുദ്ദീൻ ഷാ, ശബാന ആസ്മി, സയീദ് ജാഫ്രി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലൂടെയായിരുന്നു ഉർമിള മതോന്ദ്കർ, ജുഗൽ ഹൻസ്രാജ് എന്നിവർ ബാലതാരങ്ങളായി വെള്ളിത്തിരയിലെത്തിയത്. 1980-ൽ പുറത്തിറങ്ങിയ 'മാൻ, വുമൺ ആൻഡ് ചൈൽഡ്' എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.
ഈ ചിത്രത്തിന്റെ പുതിയ കാലത്തിനനുസരിച്ചുള്ള പുനരാവിഷ്കാരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ശേഖർ കപൂർ ഇപ്പോൾ. കുടുംബം, ബന്ധങ്ങൾ, വ്യക്തിത്വം തുടങ്ങിയ വിഷയങ്ങൾ ആധുനിക കാലത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാനാണ് പുതിയ ചിത്രത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിഹാസ സംഗീത സംവിധായകൻ എ.ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതവും നിർമ്മാണ പങ്കാളിത്തവും വഹിക്കുന്നത്. ഈ പ്രോജക്റ്റിലേക്ക് വൈഭവിനെ എത്തിക്കാനായിരുന്നു സംവിധായകന്റെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

