ന്യൂഡൽഹി: കാൻബറയിൽ ആസ്ട്രേലിയക്കെതിരായ മൂന്നാംഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന പേസ് ബൗളർ ടി.നടരാജന് ആശംസകളുമായി ശശി തരൂർ എം.പി. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിെൻറ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിെൻറ അഭിപ്രായ പ്രകടനം.
''ആസ്ട്രേലിയക്കെതിരെ ഇന്നത്തെ മത്സരത്തിൽ അരങ്ങേറുന്നതിലൂടെ ടി.നടരാജൻ ഗ്രാമീണ സാഹചര്യത്തിലെ പട്ടിണിയടക്കമുള്ള പ്രതിസന്ധികൾ തരണം ചെയ്ത് ഉയരുകയാണ്. ഇന്ത്യ എല്ലാ മേഖലയിലും എല്ലാവർക്കും പ്രതീക്ഷനൽകുകയും യഥാർഥ പ്രതിഭകൾക്ക് വളരാൻ അവസരം നൽകുകയും വേണം. ഐ.പി.എല്ലിന് നന്ദി'' -ശശി തരൂർ ട്വീറ്റ് ചെയ്തു.
രവിചന്ദ്രൻ അശ്വിനും സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു. തമിഴ്നാട്ടിലെ ചിന്നപ്പാംപട്ടി സ്വദേശിയായ ടി. നടരാജൻ തമിഴ്നാട് പ്രീമിയർ ലീഗിലെയും ആഭ്യന്തര ലീഗിലെയും മികച്ച പ്രകടങ്ങളെത്തുടർന്ന് ഐ.പി.എല്ലിൽ സൺൈറസേഴ്സ് ഹൈദരാബാദിലെത്തുകയായിരുന്നു. യോർക്കർ സ്പെഷ്യലിസ്റ്റായ നടരാജൻ 29ാം വയസ്സിലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറുന്നത്.