സഞ്ജുവിന്റെ സെഞ്ച്വറി കുതിപ്പിനെ വരികളിൽ കോർത്ത് ശശി തരൂർ
text_fieldsതിരുവനന്തപുരം: ക്രീസിലെ മലയാളി വിസ്മയം സഞ്ജു സാംസണിന്റെ ബാറ്റിങ് പ്രതിഭയെ കവിതയിലൂടെ വാഴ്ത്തി ശശി തരൂർ എം.പി. രാഷ്ട്രീയത്തിലെന്ന പോലെ ഇംഗ്ലീഷ് സാഹിത്യത്തിലും മികവുള്ള തരൂർ, സഞ്ജുവിന്റെ ഓരോ ഷോട്ടിലുമുള്ള മാന്ത്രികതയെയും ലാളിത്യത്തെയും കോർത്തിണക്കിയാണ് എക്സിൽ കുറിപ്പ് പങ്കുവെച്ചത്. "സഞ്ജുവിൽ എന്തോ ഒന്നുണ്ട്, വായുവിൽ നിറയുന്നൊരു ലാളിത്യം" എന്ന് തുടങ്ങുന്ന തരൂരിന്റെ വരികൾ സഞ്ജുവിന്റെ തനത് ശൈലിയെ കൃത്യമായി അടയാളപ്പെടുത്തുന്നു. കൈത്തണ്ടയുടെ ചടുലതയും പന്ത് ബാറ്റിന്റെ മധ്യത്തിൽ കൊള്ളുമ്പോഴുണ്ടാകുന്ന കൃത്യമായ ടൈമിങ്ങും സഞ്ജുവിന്റെ സവിശേഷതയാണെന്ന് അദ്ദേഹം കുറിച്ചു. സങ്കീർണ്ണമായ പദപ്രയോഗങ്ങൾക്ക് പകരം, ഒരു ചിത്രകാരന്റെ കൈവഴക്കത്തോടാണ് സഞ്ജുവിന്റെ ഇന്നിങ്സുകളെ തരൂർ വിശേഷിപ്പിച്ചത്.
ജയ്പൂർ മുതൽ വാംഖഡെ വരെയും ചേപ്പോക്ക് മുതൽ ഡർബൻ വരെയുമുള്ള മൈതാനങ്ങളിൽ സമ്മർദങ്ങളെ അതിജീവിച്ച് സഞ്ജു നടത്തിയ വിജയ കുതുപ്പിനെ തരൂർ വരികളിലൂടെ വരച്ചിടുന്നു. അമിതവേഗമോ ഇടർച്ചയോ ഇല്ലാത്ത അനായാസ കുതിപ്പാണ് സഞ്ജുവിന്‍റേതെന്നും പ്രകാശത്തിന്റെ തൂലികയാൽ വർണം ചാർത്തിയ നൂറ് റണ്ണുകൾ പോലെയാണ് സഞ്ജുവിന്റെ ഓരോ സെഞ്ച്വറിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കാത്തിരിപ്പ് എത്ര നീണ്ടതായാലും ആ നാഴികക്കല്ലുകൾ പിന്നിടുമ്പോൾ സഞ്ജുവിന്റെ മുന്നേറ്റത്തിന് പകരം വെക്കാൻ മറ്റൊരു അത്ഭുതമില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. തരൂരിലെ കവിയും സഞ്ജു സാംസണിലെ ക്രിക്കറ്റ് പ്രതിഭയും ഒരുപോലെ തിളങ്ങിയ ഈ കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
കവിതയുടെ പൂർണ്ണ രൂപം
സഞ്ജുവിൽ എന്തോ ഒന്നുണ്ട്, വായുവിൽ നിറയുന്നൊരു ലാളിത്യം,
കൈത്തണ്ടയുടെ ചടുലതയും ശാന്തമായ നോട്ടവും.
ടൈമിങ് കൃത്യമായി പന്ത് ബാറ്റിന്റെ മധ്യത്തിൽ കൊള്ളുമ്പോൾ,
നമ്മളെല്ലാവരും കൊതിക്കുന്ന കാര്യങ്ങളാണ് അവൻ ചെയ്യുന്നത്.
ജയ്‌പൂരിലെ ദീപപ്രഭ മുതൽ വാംഖഡെയിലെ സൂര്യശോഭ വരെ,
സമ്മർദത്തെ കീഴ്പെടുത്തി അവൻ റൺമലകൾ തീർക്കുന്നു.
ചേതോഹര ശൈലിയിൽ കൊത്തിയെടുത്ത സെഞ്ച്വറി,
ചേപ്പോക്കായാലും ഡർബനായാലും, കളത്തിൽ അവന്റെ വാഴ്ച.
അമിതവേഗമോ ഇടർച്ചയോ ഇല്ലാത്ത അനായാസ കുതിപ്പ്,
പ്രകാശത്തിന്റെ തൂലികയാൽ വർണം ചാർത്തിയ നൂറ് റണ്ണുകൾ.
കാത്തിരിപ്പ് നീണ്ടതാകാം, എങ്കിലും ആ നാഴികക്കല്ല് എത്തുമ്പോൾ,
സഞ്ജുവിന്റെ ആ മുന്നേറ്റം പോലെ മറ്റൊരു മാന്ത്രികതയില്ല.
There’s something about Sanju, a grace in the air,
With a flick of the wrists and a nonchalant stare.
When the timing is crisp and the ball meets the wood,
He’s doing the things that we all wish we could.
From Jaipur’s bright lights to the Wankhede sun,
He builds up the pressure then goes on the run.
A century carved with a stylish command,
The "Chepauk" or "Durban," he masters the land.
No slogging or grafting, just effortless flight,
A hundred runs painted in strokes of pure light.
Though the wait may be long, when the milestone is due,
There’s simply no magic like Sanju’s breakthrough.
@IamSanjuSamson
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

