ബ്രിസ്ബേനിലെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസകൊണ്ട് മൂടുകയാണ് എല്ലാവരും. ക്രിക്കറ്റ് പ്രേമിയായ ശശി തരൂർ അവിടംകൊണ്ടും നിർത്തുന്നില്ല. ഇന്ത്യ തോൽക്കുമെന്ന് പ്രവചിച്ചിരുന്ന ക്രിക്കറ്റ് താരങ്ങളുടെ പ്രസ്താവനകൾ കുത്തിപ്പൊക്കി തരൂർ സമൂഹമാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ്.
അഡലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ വെറും 36 റൺസിന് പുറത്താക്കുകയും വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങുകയും ചെയ്തതിന് പിന്നാലെ മുൻ ആസ്ട്രേലിയൻ താരങ്ങളായ മൈക്കൽ ക്ലാർക്ക്, റിക്കി പോണ്ടിങ്, മാർക്ക് വോ, ബ്രാഡ് ഹാഡിൻ എന്നിവരെല്ലാം ഇന്ത്യ തോറ്റമ്പുമെന്ന് പ്രവചിച്ചിരുന്നു. ഇംഗ്ലണ്ടിന്‍റെ മുൻനായകൻ മൈക്കൽ വോണാകട്ടെ, ഇന്ത്യയെ ആസ്ട്രേലിയ 4-0ത്തിന് തോൽപ്പിക്കുമെന്ന് പരസ്യമായി പറയുകയും ചെയ്തു.
ഇവരുടെ കമന്‍റുകൾ ഇപ്പോൾ വായിക്കുേമ്പാൾ ആശ്വാസം തോന്നുന്നുവെന്നും വല്ലതും പറയാൻ ബാക്കിയുണ്ടായിരുന്നോ എന്നും തരൂർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു. കോഹ്ലിയില്ലാതെ ഇന്ത്യ പരമ്പര നേടിയാൽ അത് ഒരുവർഷം ആഘോഷിക്കാമെന്ന് പറഞ്ഞ മൈക്കൽ ക്ലാർക്കിന്‍റെ പ്രസ്താവനയും ഇന്ത്യയെ ആസ്ട്രേലിയ തരിപ്പണമാക്കുമെന്ന് പറഞ്ഞ മൈക്കൽ വോണിന്‍റെ പ്രസ്താവനയും ലക്ഷ്യമിട്ട് തരൂർ പോസ്റ്റ് ചെയ്തതിങ്ങനെ ''അതെ, ഒരുവർഷം മുഴുവൻ ആഘോഷിക്കാം. അടുത്ത മാസം ഇംഗ്ലണ്ടിനെ തരിപ്പണമാക്കി നമുക്ക് ആഘോഷം തുടങ്ങാം''. അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനമാണ് തരൂർ ഉദ്ദേശിച്ചത്.