‘കെ.സി.എ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ തകർക്കുന്നു’; അസോസിയേഷനെതിരെ ആഞ്ഞടിച്ച് ശശി തരൂർ
text_fieldsതിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴഞ്ഞതിനു പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെ.സി.എ) രൂക്ഷമായി വിർശിച്ച് ശശി തരൂർ എം.പി. കെ.സി.എ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണെന്ന് തരൂർ കുറ്റപ്പെടുത്തി.
സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വിമർശനം. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ സാധ്യത കൂടിയാണ് കെ.സി.എ തകർത്തതെന്നും തരൂര്‍ പറയുന്നു. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഋഷഭ് പന്തും കെ.എൽ. രാഹുലുമാണ് ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള ടീമിൽ സഞ്ജു ഉണ്ടെങ്കിലും ഏകദിന പരമ്പരക്കുള്ള ടീമിൽ താരത്തെ ഒഴിവാക്കി.
‘സെയ്ദ് മുഷ്ത്താഖ് അലി ട്രോഫിക്കും വിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റിനും ഇടയിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മൂൻകൂട്ടി അറിയിച്ചിരുന്നു. വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ സഞ്ജു ഉൾപ്പെട്ടില്ല. ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കുന്നതിനും ഇത് കാരണമായി. വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും (212*) ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ച്വറിയും ഏകദിനത്തില്‍ 56.66 ബാറ്റിങ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അതാണിപ്പോള്‍ കെ.സി.എ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞത് കെ.സി.എ ഭാരവാഹികളെ വിഷമിപ്പിക്കുന്നില്ലേ? വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്‍റെ ക്വാർട്ടർ ഫൈനൽ സാധ്യത കൂടിയാണ് കെ.സി.എ ഇല്ലാതാക്കിയത്’ -തരൂർ എക്സിലെ കുറിപ്പിൽ പറയുന്നു.
ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ രോഹിത് ശർമയാണ് നയിക്കുന്നത്. ശുഭ്മൻ ഗില്ലാണ് വൈസ് ക്യാപ്റ്റൻ. പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. പേസർ ജസ്പ്രീത് ബുംറയും ടീമിലുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി കളിക്കാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇന്ത്യന്‍ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിയമം കര്‍ശനമാക്കുന്നതിനിടെയാണ് ആഭ്യന്തര ലിസ്റ്റ് എ ടൂര്‍ണമെന്റിൽ കേരളത്തിന്റെ ഒരു മത്സരത്തിലും സഞ്ജു കളിക്കാതിരുന്നത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജദേജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

