അവസരം ലഭിച്ചത് നാല് ഇന്നിങ്സിൽ മാത്രം, മിഡിൽ ഓഡറിൽ കളിച്ചിട്ടും ഗില്ലിനെ പിന്നിലാക്കി സഞ്ജു; ടീമിന് ഗുണമില്ലാത്ത മാറ്റം ചോദ്യം ചെയ്ത് തരൂർ
text_fieldsസഞ്ജു സാംസൺ
ഏഷ്യ കപ്പ് ടൂർണമെന്‍റിൽ മലയാളി താരം സഞ്ജു സാംസണെ ബാറ്റിങ് ഓഡറിൽ താഴേക്ക് മാറ്റിയാണ് ടീം ഇന്ത്യ മത്സരങ്ങൾക്കിറങ്ങിയത്. ഓപണിങ് സ്ഥാനത്തുനിന്ന് മധ്യനിരയിലേക്ക് മാറ്റിയ സഞ്ജുവിന് ലഭിച്ച അവസരങ്ങളും കുറവാണ്. സഞ്ജുവിന് പകരം അഭിഷേക് ശർമക്കൊപ്പം ഓപണിങ് പൊസിഷനിലേക്ക് നിയോഗിച്ചത് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയാണ്. എന്നാൽ ഇതുകൊണ്ട് ടീമിന് എന്ത് ഗുണമുണ്ടായെന്ന് ചോദിക്കുകയാണ് കോൺഗ്രസ് എം.പി ശശി തരൂർ. ഓപണിങ് പൊസിഷനിൽ ലഭിച്ച അവസരത്തെ ന്യായീകരിക്കാൻ ഗില്ലിനായോ എന്നും തരൂർ എക്സ് പോസ്റ്റിൽ ചോദിക്കുന്നു.
“ടൂർണമെന്‍റിൽ നമ്മൾ ജേതാക്കളായെങ്കിലും ഏതാനും ചോദ്യങ്ങൾ ഉന്നയിക്കേണ്ടിയിരിക്കുന്നു. ട്വന്‍റി20 ഫോർമാറ്റിൽ ഏറ്റവും വിജയകരമായി തുടർന്ന സഞ്ജു സാംസൺ - അഭിഷേക് ശർമ ഓപണിങ് സഖ്യത്തെ മാറ്റിയത് ശരിയാണോ? ഓപണിങ് പൊസിഷനിൽ മൂന്ന് സെഞ്ച്വറി നേടിയ താരത്തെ, അദ്ദേഹത്തിനെ ബുദ്ധിമുട്ടുള്ള മിഡിൽ ഓഡറിലേക്ക് മാറ്റുന്നത് ശരിയാണോ? ഈ മാറ്റത്തെ ശരിവെക്കാൻ ഗില്ലിന് അദ്ദേഹത്തിന്‍റെ പ്രകടനത്തിലൂടെ കഴിഞ്ഞോ? സഞ്ജുവിനെ ഓപണിങ് പൊസിഷനിൽ തുടരാൻ അനുവദിച്ച്, ഗില്ലിനെ മൂന്നാം നമ്പരിലും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ അഞ്ചാം നമ്പരിലും കളിപ്പിക്കാമായിരുന്നില്ലേ?” -തരൂർ എക്സിൽ കുറിച്ചു.
ടൂർണമെന്‍റിലുടനീളം ഓപണിങ് പൊസിഷനിൽ കളിച്ചിട്ടും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ ഗില്ലിന് സാധിച്ചിരുന്നില്ല. മധ്യനിരയിലിറങ്ങിയ സഞ്ജുവിന് ഗില്ലിനേക്കാളധികം സ്കോർ ചെയ്യാനും സാധിച്ചു. ഏഴ് ഇന്നിങ്സിൽനിന്നായി ഗിൽ 127 റൺസ് നേടിയപ്പോൾ നാല് ഇന്നിങ്സിൽ മാത്രം അവസരം ലഭിച്ച സഞ്ജു 132 റൺസ് അടിച്ചെടുത്തു. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ അക്സർ പട്ടേൽ പോലും ക്രീസിലെത്തിയിട്ടും സഞ്ജുവിന് അവസരം നൽകാത്തത് വലിയ ചർച്ചയായിരുന്നു. ഹാർഡ് ഹിറ്ററായ സഞ്ജുവിന് അനായാസം ബൗണ്ടറികൾ നേടാനാകുമെന്നിരിക്കെയാണ് ടി20 ക്രിക്കറ്റിൽ ബെഞ്ചിലിരുത്തിയത്. ബംഗ്ലാദേശിനെതിരായ മത്സരശേഷം ഏത് പൊസിഷൻ സഞ്ജുവിന് കളിക്കാൻ ഏറ്റവുമിഷ്ടമെന്ന കമന്‍റേറ്റർ സഞ്ജയ് മഞ്ജ്രേക്കറുടെ ചോദ്യത്തിന് രസകരമായ മറുപടിയാണ് സഞ്ജു സൽകിയത്.
“അടുത്തിടെ, നമ്മുടെ ലാലേട്ടൻ, മലയാള സിനിമ നടൻ മോഹൻലാലിനെ അറിയില്ലേ. രാജ്യത്തെ ഒരു വലിയ അവാർഡ് സ്വന്തമാക്കി. അദ്ദേഹം കഴിഞ്ഞ 30-40 വർഷമായി അഭിനയിക്കുന്നു. ഞാനും കഴിഞ്ഞ 10 വർഷമായി രാജ്യത്തിനായി കളിക്കുന്നു. അതുകൊണ്ട് എനിക്ക് ഹീറോ റോൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് പറയാൻ കഴിയില്ല. എനിക്ക് വില്ലനാകണം, എനിക്ക് ജോക്കറാകണം. എല്ലാ റോളിലും കളിക്കണം. ഓപ്പണറായി ഞാൻ റൺസ് നേടിയിട്ടുണ്ട്, ടോപ്പ് ത്രീയിൽ എപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ഇത് കൂടി ഞാൻ ഒന്ന് ശ്രമിക്കട്ടെ. എനിക്ക് നല്ല വില്ലനാകാനും കഴിഞ്ഞേക്കും” -സഞ്ജു പറഞ്ഞു.
അതേസമയം ഏഷ്യ കപ്പിൽ ഒറ്റ മത്സരത്തിൽ പോലും തോൽക്കാതെയാണ് ഇന്ത്യ ജേതാക്കളായത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ആധിപത്യം പുലർത്തിയ ഇന്ത്യ, ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ടൂർണമെന്‍റിൽ മൂന്ന് തവണയാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വന്നത്. ഓപണർ അഭിഷേക് ശർമ പരമ്പരയിലെ താരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

