അഹമദാബാദിലല്ല മറിച്ച് തലച്ചോർ ഉപയോഗിക്കുന്നതിലാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്; വൈറലായി സേവാഗിന്‍റെ ട്വീറ്റ്
text_fieldsന്യൂഡൽഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 3-1ന് പരാജയപ്പെട്ടതിന് പിന്നാലെ ഇംഗ്ലണ്ടിനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സേവാഗ്. തലച്ചോറിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വീരു ഇംഗ്ലണ്ടിനെ കളിയാക്കിയത്. 'ഇംഗ്ലണ്ട് അഹ്മദാബാദിലല്ല മറിച്ച് ഇവിടെയാണ് തോറ്റത്' -സേവാഗ് ട്വിറ്ററിൽ കുറിച്ചു.
ബുദ്ധിയും ബോധവുമില്ലാതെ കളിച്ചതുകൊണ്ടാണ് തോൽവി പിണഞ്ഞതെന്നാണ് വീരു സരസമായി പറഞ്ഞ് ഫലിപ്പിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് സേവാഗ് ആശംസ നേരുകയും ചെയ്തു.
മൊേട്ടര സ്റ്റേഡിയത്തിൽ നടന്ന നാലാം ടെസ്റ്റിൽ ഇന്നിങ്സിനും 25 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം. ചെന്നൈയിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ 227 റൺസിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കിയ ശേഷമാണ് സന്ദർശകർ പിന്നാക്കം പോയത്.
പിന്നീട് നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ സ്പിന്നർമാരുടെ മുന്നിൽ കവാത്ത് മറന്ന ഇംഗ്ലണ്ട് ദയനീയമായി പരാജയെപട്ടു. രണ്ടാം ടെസ്റ്റിൽ 317 റൺസിനായിരുന്നു ഇന്ത്യൻ വിജയം. അഹ്മദാബാദിൽ പകലും രാത്രിയുമായി നടന്ന മൂന്നാം ടെസ്റ്റിൽ 10 വിക്കറ്റിന് ഇന്ത്യ വിജയിക്കുകയായിരുന്നു.