ഷമി മുതൽ ഹാരി ബ്രൂക്ക് വരെ; ഐ.പി.എൽ നഷ്ടമാകുന്നവരിൽ നിരവധി പ്രമുഖ താരങ്ങൾ
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് പോരാട്ടങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പരിക്കും വ്യക്തിപരമായ പ്രശ്നങ്ങളും കാരണം ടൂർണമെന്റ് നഷ്ടമാകുന്ന താരങ്ങൾ നിരവധിയാണ്. മിക്ക കളിക്കാർക്കും പരിക്കാണ് തിരിച്ചടിയായതെങ്കിൽ മറ്റു ചിലർക്ക് വ്യക്തിപരമായ കാരണങ്ങളാണ് തടസ്സമായത്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ മുഹമ്മദ് ഷമി ഉൾപ്പെടെയുള്ളവരുടെ അഭാവം ടീമുകളുടെ പ്രതീക്ഷകളെ വലിയ രീതിയിൽ ബാധിക്കുന്നതാണ്.
മുഹമ്മദ് ഷമി
കഴിഞ്ഞ ഏകദിന ലോകകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് തിരിച്ചടിയായത് ലോകകപ്പിനിടെയുണ്ടായ പരിക്കാണ്. ഗുജറാത്ത് ടൈറ്റൻസിന്റെ പ്രധാന ബൗളറായ ഷമിക്ക് ലോകകപ്പിന് ശേഷം കളത്തിലിറങ്ങാനായിട്ടില്ല. അടുത്തിടെ ലണ്ടനിൽ ശസ്ത്രക്രിയക്ക് വിധേയനായ ഷമിക്ക് ഐ.പി.എൽ പൂർണമായും നഷ്ടമാകും. കഴിഞ്ഞ സീസണിലെ മികച്ച വിക്കറ്റ് ടേക്കറുടെ അഭാവം ഗുജറാത്ത് ടൈറ്റൻസിന് കനത്ത തിരിച്ചടിയാണ്.
ഹാരി ബ്രൂക്
ഡൽഹി ക്യാപിറ്റൽസിന്റെ മധ്യനിര ബാറ്ററായ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ടീമിനൊപ്പം ഉണ്ടാവില്ലെന്ന് ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്. മുത്തശ്ശിയുടെ മരണമാണ് താരത്തിന്റെ വിട്ടുനിൽക്കലിനിടയാക്കിയത്. ബ്രൂക്കിന് യോജിച്ച പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ഡൽഹി കാപിറ്റൽസ്.
ഡെവോൺ കോൺവെ
പരിക്ക് കാരണമാണ് ന്യൂസിലാൻഡിൽനിന്നുള്ള ചെന്നൈ സൂപ്പർ കിങ്സ് താരം ഡെവോൺ കോൺവേക്ക് ഐ.പി.എൽ നഷ്ടമാകുന്നത്. പെരുവിരലിനേറ്റ പരിക്ക് കാരണം താരം അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. എട്ടാഴ്ചത്തെ വിശ്രമമാണ് കോൺവേക്ക് നിർദേശിച്ചിട്ടുള്ളത്.
ജേസൻ റോയ്
വ്യക്തിപരമായ കാരണങ്ങളാലാണ് ഇംഗ്ലീഷ് ഓപണർ ജേസൻ റോയിയുടെ സേവനം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് നഷ്ടമാകുന്നത്. എന്നാൽ, പകരക്കാരനായി ഇംഗ്ലണ്ടിലെ സഹതാരവും നിലവിൽ ട്വന്റി 20യിലെ രണ്ടാം റാങ്കുകാരനുമായ ഫിൽ സാൾട്ട് കൊൽക്കത്തക്കായി കളിക്കാനെത്തും.
ഗസ് അറ്റ്കിൻസൺ
ഇംഗ്ലീഷ് പേസർ ഗസ് അറ്റ്കിൻസണെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പുതിയ സീസണിൽ നഷ്ടമായി. മത്സരങ്ങളുടെ ആധിക്യം കാരണം ലോകകപ്പിന് മുന്നോടിയായി വിശ്രമം വേണമെന്ന ഇംഗ്ലീഷ് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ അഭ്യർഥന പ്രകാരമാണ് താരം വിട്ടുനിൽക്കുന്നത്. അറ്റ്കിൻസന്റെ ആദ്യ ഐ.പി.എല്ലായിരുന്നു ഇത്. ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയെ പകരക്കാരനായി തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രസിദ്ധ് കൃഷ്ണ
രഞ്ജി ട്രോഫിക്കിടെയുണ്ടായ പരിക്കാണ് രാജസ്താൻ റോയൽസിന്റെ കർണാടകക്കാരനായ പേസർ പ്രസിദ്ധ് കൃഷ്ണക്ക് തിരിച്ചടിയായത്. കഴിഞ്ഞ വർഷം ട്വന്റി 20യിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരത്തിന് തുടർച്ചയായ രണ്ടാം ഐ.പി.എൽ സീസണാണ് നഷ്ടമാകുന്നത്.

