'മാപ്പുപറയേണ്ട ആവശ്യമില്ല, ഞാൻ ഒരു സ്പോർട്സ് പേഴ്സണാണ്, കളിക്കാർ ഫിറ്റായിരിക്കണം'; പറഞ്ഞത് നല്ല കാര്യം മാത്രമെന്ന് ഷമ മുഹമ്മദ്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ശരീര പ്രകൃതിയെ മോശം ഭാഷയിൽ വിമർശിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. വിവാദത്തിൽ താൻ മാപ്പുപറയേണ്ട ആവശ്യമില്ലെന്നും കളിക്കാർ ഫിറ്റായിരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും, പറഞ്ഞത് നല്ല കാര്യം മാത്രമെന്നും ഷമ പറഞ്ഞു.
'ഫിസിക്കൽ ഫിറ്റ്നെസിനെ കുറിച്ച് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. ഞാൻ സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളാണ്. ഒരു കായികതാരം ഫിറ്റായിരിക്കേണ്ടതുണ്ട്. അവർ പലരുടെയും റോൾ മോഡലാണ്. ആ ഒരു രീതിയിൽ മാത്രമാണ് ഞാൻ പറഞ്ഞത്. അത് ആരെയും വേദനിപ്പിക്കാനോ കളിയാക്കാനോ ചെയ്തതല്ല. എല്ലാവരും വിർശിക്കുന്നു ബോഡി ഷെയിമിങ്ങ് ആണെന്ന്. സാധാരണ ഒരാളെ കുറിച്ച് പറയുമ്പോൾ അത് ബോഡി ഷെയിമിങ്ങാണ്. എന്നാൽ, കായികതാരത്തെ കുറിച്ച് പറയുമ്പോൾ അത് ബോഡി ഷെയിമിങ്ങല്ല. വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ്, ശ്രീനാഥ്, അങ്ങനെയുള്ള കളിക്കാരെല്ലാം ഫിസിക്കലി ഫിറ്റാണ്. രോഹിത് ശർമ അത്ര ഫിറ്റല്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്' -ഷമ പറഞ്ഞു.
'ഞാൻ എന്തിനാണ് മാപ്പ് പറയേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊണ്ണത്തടിക്കെതിരെ ആന്‍റി ഒബസിറ്റി കാമ്പയിൻ നടത്തുന്നുണ്ട്. ഒബസിറ്റി 30 ശതമാനം കൂടിയിരിക്കുകയാണ് ഇന്ത്യയിൽ. ആ സാഹചര്യത്തിൽ ഒരു നല്ല കാര്യമല്ലേ ഞാൻ പറയുന്നത്. ഞാൻ നടത്തിയത് എന്‍റെ വ്യക്തിപരമായിട്ടുള്ള പ്രസ്താവന മാത്രമാണ്. കോൺഗ്രസ് പാർട്ടിയെ അതിൽ വലിച്ചിഴക്കരുത്. പ്രസ്താവനയിൽ ഒരു മാപ്പും പറയാനില്ല. ഞാൻ ഒരു സ്പോർട്സ് പേഴ്സണാണ്. 100, 200 മീറ്ററിൽ ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. ടെന്നിസ് കളിക്കും ക്രിക്കറ്റ് കളിക്കും ഫുട്ബാൾ കളിക്കും' -ഷമ മുഹമ്മദ് പറഞ്ഞു.
രോഹിത് ശർമ തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നുമായിരുന്നു ഷമ മുഹമ്മദിന്‍റെ വിവാദ ട്വീറ്റ്. ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ രോഹിത് 17 പന്തിൽ 15 റൺസെടുത്ത് പുറത്തായതിന് പിന്നാലെയായിരുന്നു കോൺഗ്രസ് വക്താവിന്‍റെ പോസ്റ്റ്. വ്യാപക വിമർശനമുയർന്നതിന് പിന്നാലെ ഇവർ ട്വീറ്റ് പിൻവലിച്ചിരുന്നു.
ഇതിന് പിന്നാലെ ഷമ മുഹമ്മദ് നടത്തിയ പ്രസ്താവനക്ക് പ്രതികരണവുമായി ബി.സി.സി.ഐ സെക്രട്ടറി ദേവജിത്ത് സൈകിയ രംഗത്തെത്തി. ഐ.സി.സി ടൂർണമെന്‍റ് നടക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള പ്രസ്താനവകൾ ടീമിന്‍റെയും കളിക്കാരന്‍റെയും മനോവീര്യം തകർത്തേക്കാം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. 'ഒരു ഉത്തരവാദിത്തമുള്ള ആളുടെ വായിൽ നിന്നും ഇത്തരത്തിലുള്ള വാക്കുകൾ വരുന്നത് നിർഭാഗ്യകരമാണ്. അതും ഒരു ഐ.സി.സി ടൂർണമെന്‍റിനിടയിൽ. ഇത് ചിലപ്പോൾ ടീമിനെയും കളിക്കാരനയും മോശമായി ബാധിച്ചേക്കാം. എല്ലാ താരങ്ങളും അവരുടെ കഴിവിന്‍റെ പരമാവധി നല്കിയാണ് കളിക്കുന്നത്. അതിന്‍റെ റിസൽട്ടും ലഭിക്കുന്നുണ്ട്. വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അവഹേളനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വ്യക്തികൾ വിട്ടുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," സൈകിയ പറഞ്ഞു.
ഷമ മുഹമ്മദിനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്ങും രംഗത്തെത്തി. ‘ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ഇവിടുത്തെ ജനവും ഈ നാടും എന്റെ ജീവിതത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ കായികതാരങ്ങളെക്കുറിച്ച് നമ്മുടെ രാഷ്ട്രീയ നേതാക്കൾ ആരെങ്കിലും ഇത്തരം പരാമർശം നടത്തിയാൽ, അവർ ലജ്ജിക്കണം. അവർക്ക് നമ്മുടെ രാജ്യത്ത് തുടരാനുള്ള യാതൊരു അർഹതയുമില്ല. ക്രിക്കറ്റ് നമ്മുടെ മതം തന്നെയാണ്. ന്യൂസിലൻഡിനും ആസ്ട്രേലിയക്കും എതിരായ പരമ്പരകൾ നമുക്ക് നഷ്ടമായി. അന്ന് രോഹിത്തിനെയും കോഹ്ലിയെയും കുറിച്ച് ഒട്ടേറെ ചർച്ചകൾ നടന്നു. നമ്മൾ അന്ന് അവർക്കൊപ്പം നിന്നു, എനിക്ക് ഏറെ നിരാശ തോന്നി’ -യോഗ്‌രാജ് പറഞ്ഞു.
അതിനിടെ ഷമ മുഹമ്മദിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ സൗഗത റോയി രംഗത്തെത്തുകയുണ്ടായി. ഷമ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും രോഹിത് ടീമിൽ പോലും ഉണ്ടാകാൻ പാടില്ലെന്നും സൗഗത റോയി പ്രതികരിച്ചു. ‘രോഹിത് ശർമയുടെ പ്രകടനം വളരെ മോശമാണെന്ന് ഞാൻ കേട്ടു. ഒരു സെഞ്ച്വറിയും അതിനു ശേഷം രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോർ. അദ്ദേഹം ടീമിൽപ്പോലും ഉണ്ടാകാൻ പാടില്ല. മറ്റു താരങ്ങൾ നന്നായി കളിക്കുന്നതു കൊണ്ടു മാത്രമാണ് ഇന്ത്യ ജയിക്കുന്നത്, അല്ലാതെ ക്യാപ്റ്റന്‍റെ സംഭാവന കൊണ്ടല്ല. ഷമ മുഹമ്മദ് പറഞ്ഞത് ശരിയായ കാര്യമാണ്’ -എന്നായിരുന്നു മുതിർന്ന നേതാവ് സൗഗത റോയിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

