ബംഗ്ലാദേശ് ടീമിൽ കാര്യങ്ങൾ അത്ര പന്തിയല്ല! നായക സ്ഥാനം ഒഴിയുമെന്ന് ശാകിബുൽ ഹസന്‍റെ ഭീഷണി
text_fieldsഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ബംഗ്ലാദേശ് ടീമിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് റിപ്പോർട്ട്! ടീമിന്‍റെ നായക സ്ഥാനം ഒഴിയുമെന്നും ലോകകപ്പിൽ കളിക്കില്ലെന്നും ശാകിബുൽ ഹസൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബി.സി.ബി) മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
പരിക്കിൽനിന്ന് പൂർണമായി മോചിതനാകാത്ത തമീം ഇഖ്ബാലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താനുള്ള മാനേജ്മെന്‍റ് നീക്കമാണ് ശാകിബിനെ ചൊടിപ്പിച്ചത്. ലോകകപ്പിൽ അഞ്ചിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനാകില്ലെന്ന് തമീം തന്നെ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു. എന്നിട്ടും താരത്തെ ടീമിൽ ഉൾപ്പെടുത്താനാണ് ബോർഡിന്‍റെ നീക്കം. പാതി ഫിറ്റായ ഒരു താരത്തെ ലോകകപ്പ് കളിക്കാൻ വേണ്ടെന്നാണ് ശാകിബ് പറയുന്നത്.
ശാകിബും പരിശീലകൻ ചണ്ഡിക ഹതുരുസിംഗയും തിങ്കളാഴ്ച രാത്രി ബി.സി.ബി അധ്യക്ഷൻ നസ്മുൽ ഹസ്സന്‍റെ വസതിയിലെത്തി നേരിട്ട് വിഷയം ധരിപ്പിച്ചതായാണ് വിവരം. പുറംവേദനയെ തുടർന്ന് ചികിത്സയിലായിരുന്നു തമീം ഏറെ നാളായി ടീമിനു പുറത്തായിരുന്നു. ന്യൂസിലൻഡിനെതിരെ ഇപ്പോൾ നടക്കുന്ന ഏകദിന പരമ്പരയിലാണ് താരം മടങ്ങിയെത്തിയത്. കിവീസിനെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിനുശേഷം ശേഷം കാര്യമായ അസ്വസ്ഥത അനുഭവപ്പെട്ടതായി മുൻ നായകൻ കൂടിയായ തമീം തുറന്നുപറഞ്ഞിരുന്നു.
കായികക്ഷമത പൂർണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് പറയുന്ന ഒരു താരത്തെ ലോകകപ്പ് ടീമിൽ കളിപ്പിക്കാനാകില്ലെന്ന ഉറച്ചനിലപാടിലാണ് ശാകിബ്. ടീമിൽ ഉൾപ്പെടുത്തുകയാണെങ്കിൽ താൻ നായക സ്ഥാനം ഒഴിയുമെന്നു മാത്രമല്ല, ലോകകപ്പിൽ കളിക്കാനുണ്ടാകില്ലെന്നും കൂടി പറഞ്ഞതായാണ് വിവരം. ലോകകപ്പിൽ കളിക്കുന്ന പത്തു ടീമുകളിൽ ബംഗ്ലാദേശ് മാത്രമാണ് ഇതുവരെ സ്ക്വാഡിനെ പ്രഖ്യാപിക്കാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

