‘വിടവാങ്ങൽ മത്സരം വേണം’; വിരമിക്കൽ തീരുമാനം പിൻവലിച്ച് ശാക്കിബുൽ ഹസൻ
text_fieldsശാക്കിബുൽ ഹസൻ
ധാക്ക: ബംഗ്ലാദേശ് ഓൾറൗണ്ടർ ശാക്കിബുൽ ഹസൻ ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച തീരുമാനം പിൻവലിച്ചു. ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും രാജ്യത്തെ പ്രതിനിധീകരിക്കാൻ താൽപര്യപ്പെടുന്നുവെന്ന് താരം പറഞ്ഞതായി ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു. മോയീന്‍ അലിയുടെ പോഡ്കാസ്റ്റിലാണ് ശാക്കിബ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ടെസ്റ്റ്, ട്വന്‍റി20 ഫോർമാറ്റുകളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം ഒരുവർഷത്തിലേറെയായി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടില്ല.
“ഔദ്യോഗികമായി ഞാൻ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചിട്ടില്ല. ഇക്കാര്യം ആദ്യമായാണ് തുറന്നുപറയുന്നത്. ബംഗ്ലാദേശിനായി വീണ്ടും കളത്തിലിറങ്ങി ടെസ്റ്റും ഏകദിനവും ട്വന്‍റി20യും ഉൾപ്പെടുന്ന ഒരു പരമ്പര കൂടി കളിച്ച് എല്ലാ ഫോർമാറ്റിൽനിന്നും ഒരേസമയം വിരമിക്കുക എന്നതാണ് എന്‍റെ പദ്ധതി. ജന്മനാട്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ കളിച്ച് വിരമിക്കാനാണ് ഞാൻ താൽപ്പെടുന്നത്. ആരാണ് അത് ആഗ്രഹിക്കാത്തത്? ഇത്രനാളും ദേശീയ ടീമിന് അവർ നല്ല പിന്തുണയാണ് നൽകിയത്.
2024 മേയിലാണ് ശാക്കിബ് അവസാനമായി ബംഗ്ലാദേശിലെത്തിയത്. ആഗസ്റ്റിൽ അവാമി ലീഗ് സർക്കാറിന് വിദ്യാർഥി പ്രക്ഷോഭത്തിന്‍റെ ഫലമായി ഭരണം നഷ്ടപ്പെട്ടിരുന്നു. അവാമി ലീഗിന്‍റെ മുൻ എം.പി കൂടിയായ ശാക്കിബിന്‍റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പിന്നീട് പാകിസ്താനിലും ഇന്ത്യയിലും താരം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാൺപുരിലാണ് അവസാന മത്സരം കളിച്ചത്. സുരക്ഷാ കരണങ്ങളാൽ ബംഗ്ലാദേശിൽ കളിക്കാനായില്ലെങ്കിൽ, അത് തന്‍റെ അവസാന ടെസ്റ്റ് മത്സരമായിരിക്കുമെന്ന് താരം പ്രഖ്യാപിച്ചിരുന്നു. ട്വന്‍റി20 ലോകകപ്പോടെ, ആ ഫോർമാറ്റിലും വിരമിച്ചതായി ശാക്കിബ് പറഞ്ഞു.
2006ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ശാകിബ് ലോകം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. എല്ലാ ഫോർമാറ്റിലുമായി 14,000 റൺസും 700 വിക്കറ്റും നേടിയിട്ടുണ്ട്. 70 ടെസ്റ്റിൽ നിന്നായി അഞ്ച് സെഞ്ച്വറികളും 31 അർധ സെഞ്ച്വറികളും അടക്കം 4600 റൺസും 242 വിക്കറ്റുമാണ് സമ്പാദ്യം. ടെസ്റ്റിൽ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയവരിൽ മൂന്നാമൻ കൂടിയാണ്. ട്വന്റി 20യിൽ 129 മത്സരങ്ങളിൽനിന്ന് 2551 റൺസും 149 വിക്കറ്റും നേടിയിട്ടുണ്ട്. ഏകദിനത്തിൽ 7000 റൺസും 300 വിക്കറ്റും നേടിയ രണ്ടു താരങ്ങളിൽ ഒരാൾ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

