കോഹ്ലി മരുമകനെ പോലെ! സൂപ്പർതാരത്തോടുള്ള സ്നേഹം വെളിപ്പെടുത്തി ഷാറുഖ് ഖാൻ
text_fieldsബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാനും ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിയും തമ്മിലുള്ള സൗഹൃദം വളരെ പ്രശസ്തമാണ്.
ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഇരുവരും തമ്മിൽ സൗഹൃദം പങ്കിടുന്നതിന്‍റെയും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ വൈറലായിരുന്നു. ഐ.പി.എൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സഹഉടമയാണ് ഷാറുഖ്. ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന് തന്നെ സൂപ്പർ സ്റ്റാറുകൾ ഗ്രൗണ്ടിൽ പരസ്പരം കണ്ടുമുട്ടുന്നതും സ്നേഹം പങ്കിടുന്നതുമാണ്.
ഒരിക്കൽകൂടി ഇന്ത്യൻ ബാറ്റിങ് ഇതിഹാസത്തോടുള്ള അടങ്ങാത്ത സ്നേഹം വെളിപ്പെടുത്തിയിരിക്കുകയാണ് ഷാറുഖ്. എക്സ് പ്ലാറ്റ്ഫോമിലെ തന്‍റെ ഔദ്യോഗിക അക്കൗണ്ടിലൂടെ ആരാധകരുമായി സംവദിക്കുന്ന ‘ആസ്ക് എസ്.ആർ.കെ’ എന്ന പരിപാടിയിലാണ് ഖാൻ കോഹ്ലിയുമായുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കിയത്.
‘ഞാൻ കോഹ്ലിയെ സ്നേഹിക്കുന്നു, അവൻ എന്റെ സ്വന്തം പോലെയാണ്, അവന്റെ നന്മക്കായി ഞാൻ എപ്പോഴും പ്രാർഥിക്കുന്നു...സഹോദരനെയും മരുമകനെയും പോലെയാണ്’ -ഷാറുഖ് പറഞ്ഞു. കോഹ്ലിയെ കുറിച്ച് എന്തെങ്കിലും പറയൂ, നിങ്ങളുമായി ബന്ധപ്പെട്ട ചില ഫാൻ വാർ പോസ്റ്റുകൾ ഞങ്ങൾ ദിവസവും കാണാറുണ്ടെന്നും ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയതിനു മറുപടിയായാണ് ഷാറുഖിന്‍റെ മറുപടി.
ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽനിന്ന് വിട്ടുനിന്ന കോഹ്ലി മൂന്നാം ഏകദിനത്തിൽ ടീമിനൊപ്പം ചേരുകയും അർധ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. കോഹ്ലി, രോഹിത് ശർമ എന്നിവരുടെ മികവിൽ രാജ്യം വേദിയാകുന്ന ഇത്തവണത്തെ ലോകകപ്പ് ഇന്ത്യ നേടുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

