‘ഹൃദയാഘാതത്തെ തുടർന്ന് പിതാവ് ആശുപത്രിയിലായിരുന്നു’; ടീമിൽനിന്ന് ഒഴിവാക്കിയതിൽ വൈകാരികമായി പ്രതികരിച്ച് ക്രിക്കറ്റ് താരം
text_fieldsമുംബൈ: ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിത സൂപ്പർ ബാറ്റർ ഷഫാലി വർമ. നവംബറിൽ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽനിന്ന് മോശം ഫോമിനെ തുടർന്ന് ഷഫാലിയെ ഒഴിവാക്കിയിരുന്നു.
വനിത ട്വന്‍റി20 ലോകകപ്പിലും ന്യൂസിലൻഡിനെതിരെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലും താരം നിറംമങ്ങിയതാണ് തിരിച്ചടിയായത്. ടീമിൽനിന്ന് ഒഴിവാക്കിയ വാർത്ത ഷഫാലി പിതാവ് സഞ്ജീവ് വർമയെ അറിയിച്ചിരുന്നില്ല. ഈസമയം ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച കഴിഞ്ഞതിനുശേഷമാണ് ഈ വിവരം പിതാവിനെ അറിയിച്ചതെന്നും താരം വെളിപ്പെടുത്തി. ‘അതിൽനിന്ന് പുറത്തുകടക്കുക അത്ര എളുപ്പമായിരുന്നില്ല. ടീമിൽനിന്ന് ഒഴിവാക്കിയതിന്‍റെ രണ്ടുദിവസം മുമ്പാണ് പിതാവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിതാവ് ഭേദമാകുന്നതുവരെ ഈ വിവരം മറച്ചുവെച്ചു. ഒരാഴ്ച കഴിഞ്ഞാണ് ഇക്കാര്യം പറഞ്ഞത്’ -ഷഫാലി പറഞ്ഞു.
വിവരം അറിഞ്ഞപ്പോൾ നിരാശപ്പെടുന്നതിനു പകരം തന്നെ ഇന്ത്യൻ ടീമിലേക്ക് മടക്കികൊണ്ടുവരുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്യുകയാണ് പിതാവ് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു. രക്ഷിതാക്കൾക്ക് നമ്മുടെ ശക്തിയും ബലഹീനതയും അറിയും. വേണ്ട സമയത്ത് അവർക്ക് നമ്മളെ സഹായിക്കാനാകുമെന്നും താരം വ്യക്തമാക്കി. ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ഷഫാലി കളിച്ച രണ്ടു ആഭ്യന്തര ടൂർണമെന്‍റുകളിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 12 മത്സരങ്ങളിൽനിന്ന് മൂന്നു സെഞ്ച്വറിയും അഞ്ചു അർധ സെഞ്ച്വറിയും ഉൾപ്പെടെ 941 റൺസാണ് താരം അടിച്ചുകൂട്ടിയത്. രണ്ടു പരമ്പരകളിലായി 152.31, 145.26 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്.
ഇന്ത്യക്കായി ഷഫാലി അവസാനമായി കളിച്ചത് ന്യൂസിലൻഡിനെതിരായ പരമ്പരയിലാണ്. 33, 11, 12 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

