ഷഫാലിക്ക് ഫിഫ്റ്റി; വിസാഗിൽ ഇന്ത്യക്ക് ഈസി വിജയം, ലങ്കയെ തകർത്തത് ഏഴ് വിക്കറ്റിന്
text_fieldsഅർധ സെഞ്ച്വറി നേടിയ ഷഫാലി വർമ
വിശാഖപട്ടണം: വിസാഗിൽ ശ്രീലങ്കക്കെതിരായ വനിത ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സന്ദർശകരെ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 128 റൺസിലൊതുക്കി വെറും 11.5 ഓവറിൽ മൂന്ന് വിക്കറ്റിന് ലക്ഷ്യം കണ്ടു ആതിഥേയർ. 34 പന്തിൽ 69 റൺസുമായി പുറത്താവാതെ നിന്ന ഓപണർ ഷഫാലി വർമയുടെ വെടിക്കെട്ടാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ടീം 2-0ത്തിന് മുന്നിലെത്തി. ഓപണർ സ്മൃതി മന്ദാന 11 പന്തിൽ 14ഉം ജെമീമ റോഡ്രിഗസ് 15 പന്തിൽ 26ഉം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 12 പന്തിൽ 10ഉം റൺസ് ചേർത്തു. റിച്ച ഘോഷ് ഒരു റണ്ണുമായി പുറത്താവാതെ നിന്നു.
32 പന്തിൽ 33 റൺസെടുത്ത ഹർഷിത സമരവിക്രമ, 24 പന്തിൽ 31 റൺസടിച്ച ഓപണർ ചമാരി അത്തപത്തു, 28 പന്തിൽ 22 റൺസ് നേടിയ ഹസിനി പെരേര എന്നിവരുടെതാണ് ലങ്കൻ നിരയിലെ കാര്യമായ സംഭാവനകൾ. ഇന്ത്യക്കായി സ്പിന്നർമാരായ വൈഷ്ണവി ശർമയും ശ്രീ ചരണിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ആദ്യ ഓവറിൽത്തന്നെ ഓപണർ വിഷ്മി ഗുണരത്നെയെ (1) സ്വന്തം പന്തിൽ പിടിച്ച് ക്രാന്തി ഗൗഡ് ലങ്കയെ ഞെട്ടിച്ചു. ചമാരി ആറാം ഓവറിൽ സ്നേഹ് റാണക്കും വിക്കറ്റ് സമ്മാനിച്ചു. രണ്ടിന് 32. ഹസിനിയെ ചരണി മടക്കിയപ്പോൾ ഹർഷിത റണ്ണൗട്ടായി. 24 റൺസ് ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു.
ഇനി കളി കാര്യവട്ടത്ത്
തിരുവനന്തപുരം: കാര്യവട്ടത്ത് കളിയാടാൻ ഇന്ത്യൻ ക്രിക്കറ്റിന്റെ പെൺപുലികൾ ബുധനാഴ്ച കേരള തലസ്ഥാനത്തെത്തും. ശ്രീലങ്കയുമായുള്ള വനിതാ ട്വന്റി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങൾക്കായാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വരവ്. വൈകീട്ട് 5.40ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 25ന് ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെ ശ്രീലങ്കൻ ടീമും വൈകീട്ട് ആറ് മുതൽ രാത്രി ഒമ്പതുവരെ ഇന്ത്യൻ ടീമും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും.
26ന് വൈകീട്ട് ഏഴിനാണ് പരമ്പരയിലെ മൂന്നാം മത്സരം ഗ്രീൻഫീൽഡിൽ നടക്കുക. 28, 30 തീയതികളിലും കളിക്കും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രോത്സാഹനവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ്ങിനെക്കുറിച്ചറിയാനും മാര്‍ഗനിദേശങ്ങള്‍ മനസ്സിലാക്കാനും അസോസിയേഷന്റെ വെബ്സൈറ്റും സമൂഹമാധ്യമ പേജുകളും സന്ദര്‍ശിക്കുക.
സ്ത്രീകൾക്കും വിദ്യാർഥികൾക്കും പ്രത്യേക പരിഗണന നൽകി 125 രൂപയാണ് ഇവർക്കുള്ള ടിക്കറ്റ് നിരക്ക്. പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിൽ ലഭ്യമാകും. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്പിറ്റാലിറ്റി സീറ്റുകൾക്ക് 3000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ അനുസരിച്ച് പ്ലാസ്റ്റിക് കുപ്പികൾ, വെള്ളം, ആഹാര പദാർഥങ്ങൾ, പടക്കങ്ങൾ, സിഗരറ്റ്, ലൈറ്റർ, തീപ്പെട്ടികൾ, ലഹരി പദാർഥങ്ങൾ എന്നിവ സ്റ്റേഡിയത്തിനുള്ളിൽ അനുവദിക്കില്ല. ഓരോരുത്തരും ടിക്കറ്റിൽ രേഖപ്പെടുത്തിയ ഗേറ്റുകൾ വഴി കൃത്യസമയത്ത് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ശ്രദ്ധിക്കണമെമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

