വാംഖഡെ സ്റ്റേഡിയത്തിൽ കള്ളൻ കയറി; അടിച്ചുമാറ്റിയത് 6.5 ലക്ഷത്തിന്റെ ഐ.പി.എൽ ജഴ്സികൾ
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രധാന കളിമുറ്റമായ വാംഖഡെ സ്റ്റേഡിയത്തിലെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സ്റ്റോർ റൂമിൽ കള്ളൻകയറി. സുരക്ഷയും മുഴുസമയ നിരീക്ഷണവുമുള്ള സ്റ്റേഡിയത്തിലെ ഓഫീസ് മുറിയിൽ കയറിയത് സുരക്ഷാ ചുമതലയുള്ള ജീവനക്കാരൻ തന്നെ. അടിച്ചുമാറ്റിയതാകട്ടെ 6.52 ലക്ഷം രൂപയുടെ ഐ.പി.എൽ ജഴ്സികളും. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി മാനേജർ ഫാറൂഖ് അസ്‍ലം ഖാനെ പൊലീസ് അറസ്റ്റു ചെയ്തു. ജൂൺ 13നായിരുന്നു സ്റ്റേഡിയത്തിലെ ബി.സി.സി.ഐ സ്റ്റോർ റൂമിൽ പ്രവേശിച്ച ഇദ്ദേഹം 261 ജഴ്സികൾ അടങ്ങിയ വലിയ ബോക്സ് അടിച്ചു മാറ്റിയത്. 2500 രൂപ വീതം വിലയുള്ള ഔദ്യോഗിക ജഴ്സികളാണ് മോഷ്ടിച്ചത്. അടുത്തിടെ നടന്ന ഓഡിറ്റിങ്ങിൽ ജഴ്സി സ്റ്റോക്കിൽ കാര്യമായ കുറവ് കണ്ടെത്തിയതോടെയാണ് അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. ജൂൺ 13ന് സെക്യുരിറ്റി മാനേജർ അനധികൃതരമായി ഓഫീസിലെ സ്റ്റോർ റൂമിൽ പ്രവേശിക്കുന്നതും ജഴ്സികൾ അടങ്ങിയ കാർഡ്ബോർഡ് ബോക്സുമായി പുറത്തേക്ക് പോകുന്നതും തിരിച്ചറിഞ്ഞു. ഇതേ തുടർന്നാണ് ഓഫീസ് അധികൃതർ ജൂലായ് 17ന് പൊലീസിൽ പരാതി നൽകിയത്.
മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർകിങ്സ്, ഡൽഹി കാപ്പിറ്റൽസ്, ബംഗളുരു റോയൽ ചലഞ്ചേഴ്സ് ഉൾപ്പെടെ വിവിധ ടീമുകളുടെ ഔദ്യോഗിക ജഴ്സികളാണ് ഇയാൾ അടിച്ചുമാറ്റിയത്.
ഇവ ഓൺലൈൻവഴി വിൽപന നടത്താൻ ഹരിയാന സ്വദേശിയായ ഏജന്റിന് കൈമാറിയതായ് പ്രതി അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെയും കസ്റ്റഡിയിലെടുക്കും. അതേസമയം, 50 ഓളം ജഴ്സികൾ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

