ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ്; ഇന്നിങ്സ് ജയം; പരമ്പര തൂത്തുവാരി പാകിസ്താൻ
text_fieldsകൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരവും ജയിച്ച പാകിസ്താൻ പരമ്പര 2-0ത്തിന് തൂത്തുവാരി. രണ്ടാം ടെസ്റ്റിൽ ഇന്നിങ്സിനും 222 റൺസിനുമായിരുന്നു ആതിഥേയരുടെ തോൽവി. പാകിസ്താൻ ഒന്നാം ഇന്നിങ്സ് അഞ്ചു വിക്കറ്റിന് 576 റൺസിൽ ഡിക്ലയർ ചെയ്തതിനു പിന്നാലെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ലങ്ക വെറും 188ന് പുറത്തായി.
ഏഴു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നുഅ്മാൻ അലിയാണ് പാകിസ്താന് നാലാം ദിനംതന്നെ ജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകം നേടിയ അബ്ദുല്ല ഷഫീഖ് കളിയിലെയും രണ്ടു മത്സരത്തിലും തിളങ്ങിയ ആഗാ സൽമാൻ പരമ്പരയിലെയും താരമായി. സ്കോർ: ശ്രീലങ്ക 166 & 188, പാകിസ്താൻ 576/5 ഡിക്ല.
വ്യാഴാഴ്ച അഞ്ചിന് 563ലാണ് സന്ദർശകർ ബാറ്റിങ് പുനരാരംഭിച്ചത്. അധികം വൈകാതെ ഡിക്ലയർ ചെയ്തു. 132 റൺസുമായി ആഗാ സൽമാനും അർധശതകം തികച്ച് മുഹമ്മദ് റിസ്‍വാനും (50) ക്രീസിലുണ്ടായിരുന്നു. 63 റൺസെടുത്ത് പുറത്താവാതെനിന്ന എയ്ഞ്ചലോ മാത്യൂസാണ് ലങ്കൻ ടോപ് സ്കോറർ. പാകിസ്താനുവേണ്ടി നസീം ഷാ രണ്ടു വിക്കറ്റുമെടുത്തു. പരമ്പര തൂത്തുവാരിയതോടെ പാകിസ്താൻ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്റ് പട്ടികയിൽ മേധാവിത്വം തുടർന്നു.

