ഫിറ്റാണ്, പവർഫുളാണ്; ബുച്ചിബാബു ട്രോഫിയിൽ സെഞ്ച്വറിയടിച്ച് സർഫറാസ് ഖാൻ, സെലക്ടർമാരുടെ കണ്ണു തുറക്കുമോ?
text_fieldsസർഫറാസ് ഖാൻ (ഫയൽ ചിത്രം)
മുബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര പരമ്പരയിൽ തന്നെ തഴഞ്ഞ സെലക്ടർമാർക്ക് മറുപടിയായി സർഫറാസ് ഖാന്‍റെ ഗംഭീര സെഞ്ച്വറി. ബുച്ചിബാബു ട്രോഫിയിൽ തമിഴ്നാടിനെതിരെ മുംബൈക്കു വേണ്ടിയാണ് താരം സെഞ്ച്വറി നേടിയത്. മൂന്നിന് 98 എന്ന നിലയിൽ പതറിയ മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത് സർഫറാസാണ്. 92 പന്തിൽ ശതകം പൂർത്തിയാക്കിയ താരം, 114 പന്തിൽ 138 റൺസെടുത്ത് നിൽക്കേ പരിക്കേറ്റ് മടങ്ങുകയായിരുന്നു. 10 ഫോറും ആറ് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്.
നേരത്തെ സർഫറാസിനെ ഇന്ത്യൻ സ്ക്വാഡിലേക്ക് പരിഗണിക്കാതിരുതിൽ വ്യാപക വിമർശനം നേരിട്ടിരുന്നു. അടുത്തിടെ ശരീരഭാരം കുറച്ച് വർക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഏഷ്യാകപ്പിനു ശേഷം ഒക്ടോബറിൽ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ലോങ് ഫോർമാറ്റിൽ മികച്ച ഇന്നിങ്സ് തനിക്ക് പുറത്തെടുക്കാനാകുമെന്നും ഫോം ഒട്ടും കുറഞ്ഞിട്ടില്ലെന്നും തമിഴ്നാടിനെതിരെ നേടിയ സെഞ്ച്വറിയിലൂടെ സർഫറാസ് വ്യക്തമാക്കുന്നു. ഇതോടെ അടുത്ത പരമ്പരക്ക് താരത്തെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വീണ്ടും ശക്തമാകുമെന്ന കാര്യം ഉറപ്പായി.
അതേസമയം ബുച്ചിബാബു ട്രോഫിയിൽ തമിഴ്നാടിനെതിരെ മുംബൈ ശക്തമായ നിലയിലാണ്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ അഞ്ചിന് 367 എന്ന നിലയിലാണ് മുംബൈ. സർഫറാസ് സെഞ്ച്വറി നേടിയപ്പോൾ സുദേവ് പാർക്കർ (72), ആകാശ് പാർക്കർ എന്നിവർ അർധ സെഞ്ച്വറി നേടി. ആകാശ് പാർക്കറും (67*) ഹിമാൻഷു സിങ്ങുമാണ് (20*) ക്രീസിൽ. മുഷീർ ഖാൻ (30), ആയുഷ് മഹാത്രേ (13), ഹർഷ് അഖവ് (2), ആകാശ് ആനന്ദ് (14) എന്നിവരുടെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

