'രാഹുലും പന്തും എന്‍റെ സ്വന്തം ടീമിനു വേണ്ടിയാണു കളിക്കുന്നത്'; സഞ്ജുവിന്‍റെ വിഡിയോ വൈറൽ
text_fieldsആസ്ട്രേലിയ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ ക്രിക്കറ്റ് ആരാധകർ വലിയ പ്രതിഷേധത്തിലാണ്. 15 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ ബൈ സ്റ്റാൻഡറായിപോലും സഞ്ജുവിനെ പരിഗണിച്ചില്ല.
വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. കെ.എൽ. രാഹുൽ ട്വന്‍റി20 ഫോർമാറ്റിനു പറ്റിയ താരമല്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ആസ്ട്രേലിയയിലെ വിക്കറ്റുകളിൽ സഞ്ജുവിന്‍റെ ശൈലി ഗുണം ചെയ്യുമെന്നിരിക്കെ ലോകകപ്പിലും താരത്തെ പുറത്തിരുത്തിയത് കേരള ക്രിക്കറ്റിനോടുള്ള പതിവ് അവഗണനയുടെ ഭാഗമാണെന്നുവരെ ആരാധകർ പറഞ്ഞുവെക്കുന്നു.
ഇതിനിടെയാണ് ഇന്ത്യൻ എ ടീം ക്യാപ്റ്റനായി സഞ്ജുവിനെ തെരഞ്ഞെടുക്കുന്നത്. ന്യൂസിലാൻഡ് എയുമായുള്ള ഏകദിന പരമ്പരയിലാണ് താരം ടീമിനെ നയിക്കുക. എന്നാൽ, രാഹുലിനെയും പന്തിനെയും പിന്തുണച്ചു സഞ്ജു സംസാരിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. രാഹുലും പന്തും എന്‍റെ സ്വന്തം ടീമിനുവേണ്ടിയാണ് കളിക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം പണ്ടും ഇപ്പോഴും ഒന്നാം നമ്പര്‍ ടീമാണെന്നും സഞ്ജു വിഡിയോയിൽ പറയുന്നു.
'ലോകത്തെ ഒന്നാം നമ്പർ ടീമിൽ ഇടം നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അഞ്ച് വര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. പോസിറ്റീവായി കാര്യങ്ങളെ കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്നെ തഴഞ്ഞതിന്റെ പേരില്‍ പ്രതിഷേധം നടത്തുന്നത് ശരിയല്ല. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ക്ക് പകരം സഞ്ജു ടീമിലെത്തണമെന്നുള്ള തരത്തില്‍ വിവിധ ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. രണ്ടുപേരും എന്റെ സ്വന്തം ടീമിന് വേണ്ടിയാണ് കളിക്കുന്നത്, ഞാന്‍ എന്റെ സ്വന്തം ടീമംഗങ്ങളുമായി മത്സരിച്ചാല്‍ അത് എന്റെ രാജ്യത്തെ നിരാശപ്പെടുത്തുന്നതിന് തുല്യമായിരിക്കും' -സഞ്ജു വിഡിയോയിൽ പറയുന്നു.
അതേസമയം, എപ്പോഴാണ് ഈ വിഡിയോ പകർത്തിയതെന്നു വ്യക്തമല്ല. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിക്കുന്നുണ്ട്. 2015ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ച സഞ്ജു ഇതുവരെ പാഡണിഞ്ഞത് 16 ട്വന്‍റി20യിലും ഏഴ് ഏകദിനത്തിലുമാണ്. ഐ.പി.എല്ലിൽ 3526 റൺസും 135 സ്ട്രൈക് റേറ്റും 190 സിക്സറും നാലു സെഞ്ച്വറിയുമുള്ള ഒരു താരത്തിന്‍റെ അവസ്ഥയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

