Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജു പ്ലേയിങ് ഇലവനിൽ...

സഞ്ജു പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയേക്കും; സൂചന നൽകി ടീം ഇന്ത്യ അസിസ്റ്റന്റ് കോച്ച്

text_fields
bookmark_border
സഞ്ജു പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയേക്കും; സൂചന നൽകി ടീം ഇന്ത്യ അസിസ്റ്റന്റ് കോച്ച്
cancel
camera_alt

സഞ്ജു സാംസൺ

മുംബൈ: ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് പിന്നാലെ, ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തിയേക്കുമെന്ന് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റ് സൂചന നൽകി. ബാറ്റിങ് നിരയിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തുന്ന കാര്യം വരും ദിവസങ്ങളിൽ സജീവമായി ചർച്ച ചെയ്യുമെന്നാണ് സഹപരിശീലകൻ വ്യക്തമാക്കിയത്. വ്യാഴാഴ്ച ചെന്നൈയിലാണ് ഇന്ത്യയുടെ അടുത്ത മത്സരം. സിംബാബ്വെയാണ് എതിരാളികൾ. വെസ്റ്റിൻഡീസാണ് ഗ്രൂപ്പിലെ മറ്റൊരു ടീം.

അഹ്മദാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ഇടംകൈയ്യൻ ബാറ്റർമാർ അടങ്ങിയ മുൻനിര ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മുന്നിൽ പതറിയിരുന്നു. ടോപ് ഓഡറിൽ അഭിഷേക് ശർമ, തിലക് വർമ എന്നിവർ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ വീണ്ടും പരാജയപ്പെട്ടു. 188 റൺസ് പിന്തുടർന്ന ഇന്ത്യ 111 റൺസിന് പുറത്തായി. 76 റൺസിന്‍റെ വമ്പൻ തോൽവിയോടെ റൺറേറ്റും പറ്റെ താഴ്ന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുൻനിരയിൽ ഒരു വലംകൈയൻ ബാറ്ററുടെ സാന്നിധ്യം അനിവാര്യമാണെന്ന് ഡോഷെറ്റ് പറഞ്ഞു.

നിലവിൽ സ്ക്വാഡിലുള്ള ഏക വലംകൈയൻ ഓപണിംഗ് ഓപ്ഷനാണ് സഞ്ജു സാംസൺ. ഇഷാൻ കിഷനും അഭിഷേക് ശർമയും ഓപൺ ചെയ്യുകയും സഞ്ജു മൂന്നാം നമ്പറിൽ വരികയും ചെയ്താൽ ബാറ്റിങ് നിരയിൽ സന്തുലിതാവസ്ഥ കൊണ്ടുവരാൻ സാധിക്കുമെന്ന് ടീം മാനേജ്‌മെന്റ് കരുതുന്നു. ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ കഴിഞ്ഞ നാല് ഇന്നിങ്സുകളിൽ നിന്നായി വെറും 15 റൺസ് മാത്രമാണ് നേടിയത്. അദ്ദേഹത്തിന് ഭക്ഷ്യവിഷബാധയേറ്റതും കായികക്ഷമതയെ ബാധിച്ചിട്ടുണ്ടെന്ന് കോച്ച് വെളിപ്പെടുത്തി.

“കഴിഞ്ഞ 18 മാസമായി മികച്ച പ്രകടനം നടത്തുന്നവരെ തന്നെ വിശ്വസിക്കണോ, അതോ മാറ്റങ്ങൾ വരുത്തി സഞ്ജുവിനെ ടീമിൽ എത്തിക്കണോ എന്നതാണ് നിലവിലെ ആലോചന. സഞ്ജു ഒരു മികച്ച താരമാണ്. മുൻനിരയിൽ ഒരു വലംകൈയൻ ബാറ്റർ വരുന്നത് തന്ത്രപരമായി ടീമിന് ഗുണം ചെയ്യും. സിംബാബ്‌വെ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരായ നിർണായക മത്സരങ്ങൾക്ക് മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും” -ഡോഷെറ്റ് പറഞ്ഞു.

സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തുന്നതിലെ പ്രധാന തടസ്സം താരത്തിന്റെ സമീപകാലത്തെ ഫോം ഇല്ലായ്മയാണ്. 2025ന്റെ തുടക്കം മുതൽ കളിച്ച 17 ഇന്നിങ്സുകളിൽനിന്ന് 17.05 ശരാശരിയിൽ 290 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. പ്രോട്ടീസിനോടേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിൽ സെമി ഉറപ്പാക്കാനായി ടീം മാനേജ്‌മെന്റ് വലിയ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ നമീബിയക്കെതിരെ അവസരം ലഭിച്ച സഞ്ജു എട്ട് പന്തിൽ 22 റൺസടിച്ച് ടീമിന് മികച്ച തുടക്കം നൽകിയിരുന്നു. അസുഖം മൂലം വിശ്രമമനുവദിച്ച അഭിഷേക് ശർയുടെ അഭാവത്തിലാണ് അന്ന് സഞ്ജു ക്രീസിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanju SamsonIndian Cricket TeamCricket NewsT20 World Cup
News Summary - Sanju Samson's Return On Cards? India Assistant Coach Ryan Ten Doeschate Gives Massive Hint
Next Story