അവസരനിഷേധത്തിനുള്ള മറുപടി ഒറ്റ മത്സരത്തിൽ; ഗില്ലിനെ പിന്നിലാക്കി, ഒപ്പം നാഴികക്കല്ലും താണ്ടി സഞ്ജു
text_fieldsസഞ്ജു സാംസൺ (ഫയൽ ചിത്രം)
അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്‍റി20 പരമ്പരയിലെ അവസാന മത്സരത്തിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസൺ അത് മനോഹരമായി വിനിയോഗിച്ചു. നിരന്തരം ഫോംഔട്ടായിട്ടും ടീമിൽ തുടർന്ന ഉപനായകൻ ഗില്ലിന് പരിക്കേറ്റ് പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ഗിൽ പരമ്പരയിലാകെ നേടിയത് 32 റൺസാണെങ്കിൽ, ഒറ്റ മത്സരത്തിൽ സഞ്ജു അടിച്ചെടുത്തത് 37 റൺസാണ്. ഒപ്പം അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ 1000 റൺസെന്ന നാഴികക്കല്ല് പിന്നിടാനും താരത്തിനായി. വിക്കറ്റിനു പിന്നിലെ സഞ്ജുവിന്‍റെ ചടുല നീക്കങ്ങൾക്കും അഹ്മബാദ് സാക്ഷിയായി.
ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച റെക്കോഡുണ്ടായിട്ടും ഗില്ലിനെ ഓപണാറാക്കാൻ വേണ്ടിമാത്രം സഞ്ജുവിനെ ഇലവനിൽനിന്ന് മാറ്റി നിർത്തുകയാണ് ടീം മാനേജ്മെന്‍റ് ചെയ്തത്. ഒന്നര മാസത്തിനപ്പുറം വരാനിരിക്കുന്ന ലോകകപ്പ് സ്ക്വാഡിൽ ഇടംനേടാൻ ഈ പരമ്പരയിലെ പ്രകടനം നിർണായകമായിരുന്നു. ഗിൽ പുറത്തായതോടെ, നിർണായക പ്രകടനം കാഴ്ചവെച്ച സഞ്ജുവിനെ ഇനിയും ബെഞ്ചിലിരുത്തുന്ന സമീപനം സ്വീകരിച്ചാൽ ബി.സി.സി.ഐക്ക് കടുത്ത ആരാധക രോഷംതന്നെ നേരിടേണ്ടിവരും.
ഒരു ദശാബ്ദത്തിലേറെ നീണ്ട അന്താരാഷ്ട്ര കരിയറിൽ, സഞ്ജുവിന് അവസരങ്ങൾ ലഭിച്ചത് വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമാണ്. സൂര്യകുമാർ യാദവ് ക്യാപ്റ്റനായി ചുമതലയേറ്റ ശേഷമാണ് അദ്ദേഹത്തിന്റെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം. കരിയറിലെ 52 ടി20 മത്സരങ്ങളിൽ 27 എണ്ണവും 2024 ജൂലൈ മുതൽ സൂര്യകുമാറിന് കീഴിലാണ് സഞ്ജു കളിച്ചത്. മൂന്ന് സെഞ്ച്വറികൾ നേടുകയും അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ വഴി കണ്ടെത്തുകയും ചെയ്തിട്ടും, ഗില്ലിനുവേണ്ടി സ്വന്തം സ്ഥാനം ത്യജിക്കേണ്ടിവന്നു.
ഈ പരമ്പരയിലുടനീളം ഗിൽ പരാജയപ്പെട്ടു. ഫോമിലെത്താത്ത സൂര്യകുമാർ യാദവും ഇന്ത്യയുടെ ആശങ്കകൾ ഉയർത്തി. മുൻനിരയിൽ തന്‍റെ ഫോമിന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സഞ്ജുവിന്‍റെ കഴിഞ്ഞ ദിവസത്തെ ഇന്നിങ്സ്. അഭിഷേകിനൊപ്പം പവർപ്ലേയിൽ എങ്ങനെ പെർഫോം ചെയ്യണമെന്ന് സഞ്ജു കാണിച്ചുതരുന്നു. രണ്ടാം ഓവറിൽ ലോങ്-ഓണിൽ സിക്‌സർ പറത്തി ഒരു കാഷ്വൽ പിക്ക്അപ്പ് ഷോട്ട് കളിച്ചാണ് അദ്ദേഹം മുന്നേറിയത്. പിന്നാലെ മികച്ച ബൗണ്ടറികൾ ഒഴുകാൻ തുടങ്ങി.
റിസ്ക് എടുക്കുന്നതിൽ സഞ്ജു എപ്പോഴും സന്തോഷം കണ്ടെത്തുന്നു. ഹിറ്റ് ചെയ്യാൻ പറ്റുന്ന അവസരങ്ങളൊന്നും പാഴാക്കിയില്ല. വെള്ളിയാഴ്ചത്തെ ഇന്നിങ്സിലൂടെ സഞ്ജു സെലക്ടർമാർക്ക് വ്യക്തമായ സന്ദേശമാണ് നൽകുന്നത്. ഗില്ലിനേക്കാൾ എന്തുകൊണ്ടും തനിക്ക് യോജിച്ച റോളാണ് ഓപണറുടേതെന്ന് സഞ്ജു തന്‍റെ പെർഫോമൻസിലൂടെ അടിവരയിടുന്നു. ലോകകപ്പിലേക്ക് കടക്കുന്നതിന് മുമ്പ് അഞ്ച് ടി20 മത്സരങ്ങൾ മാത്രം ശേഷിക്കെ, ഇനിയും പുറത്തിരുത്താൻ തന്നെയാകുമോ മാനേജ്മെന്‍റ് തയാറെടുക്കുന്നതെന്ന് കാത്തിരുന്നു കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

