സഞ്ജു ചെന്നൈയിലേക്കോ? റോയൽസ് വിടാൻ സന്നദ്ധത അറിയിച്ച് താരം; ചർച്ച സജീവം
text_fieldsമുംബൈ: നീണ്ട വർഷത്തെ ബന്ധത്തിന് ശേഷം ക്യാപ്റ്റൻ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനൊരുങ്ങുന്നുവെന്ന ചർച്ചകൾ സജീവം. പലതരം അസ്വാരസ്യങ്ങൾക്കിടയിൽ ടീമിൽ നിന്നും പോകാനുള്ള താൽപര്യം മലയാളി താരം മാനേജ്മെന്റിനെ അറിയിച്ചുവെന്നാണ് വിവരം. ടീം വിട്ടുപോകണമെങ്കിൽ രാജസ്ഥാൻ റോയൽസ് കനിയണം.
ചട്ടപ്രകാരം 2027 വരെ കരാർ നിലവിലുണ്ട്. സഞ്ജുവിനെ അടുത്ത ലേലത്തിൽ ടീമിലെടുക്കാതിരുന്നാൽ മറ്റ് ടീമുകൾക്ക് താരത്തെ സ്വന്തമാക്കാം. അതേസമയം, സഞ്ജു സാംസൺ ടീം വിടുന്നത് സംബന്ധിച്ച് ടീം മാനേജ്മെന്റിൽ നിന്ന് ഔദ്യോഗികമായ ഒരു പ്രതികരണവും പുറത്തുവന്നിട്ടില്ല. ടീമിന്റെ ഉടമയായ മനോജ് ബാദ് ലെ ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. രാഹുൽ ദ്രാവിഡുമായി ചേർന്ന് അന്തിമ തീരുമാനം എടുക്കുമെന്ന അനൗദ്യോഗിക വിശദീകരണം രാജസ്ഥാൻ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ടീം സഞ്ജുവിനെ ഒഴിവാക്കുകയാണെങ്കിൽ 2026ലെ മിനി താരലേലത്തിൽ മലയാളി താരവുമുണ്ടാകും.
രാജസ്ഥാൻ റോയൽസിൽ പരിശീലകൻ രാഹുൽ ദ്രാവിഡ് വരുത്തിയ ചില മാറ്റങ്ങളിൽ സഞ്ജു അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. യശ്വസി ജയ്സ്വാളിനൊപ്പം വൈഭവ് സൂര്യവംശിയെ ഓപണറാക്കുകയും ഈ സഖ്യം വിജയിക്കുകയും ചെയ്തതോടെ ടീമിലെ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനിലടക്കം അനിശ്ചിതത്വം ഉണ്ടായിരുന്നു.
സഞ്ജുവിന് പകരക്കാരനായാണ് വൈഭവ് ടീമിലേക്ക് വന്നത്. ചില മത്സരങ്ങളിൽ മൂന്നാമനായായിരുന്നു സഞ്ജുവിനെ ഇറക്കിയത്. ഇഷ്ട പൊസിഷനായ ഓപണിങ് സ്ഥാനം നഷ്ടമായതിൽ താരം അസ്വസ്ഥനായിരുന്നു.
ഒന്നിനുപകരം രണ്ട് വേണമെന്ന് രാജസ്ഥാൻ
നേരത്തെ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, സഞ്ജുവിനെ റിലീസ് ചെയ്യാൻ തയാറല്ലെന്ന് രാജസ്ഥാൻ അറിയിച്ചതോടെ ഈ നീക്കങ്ങൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ, സഞ്ജു തന്നെ ടീം വിടാൻ സന്നദ്ധത അറിയിച്ചതോടെ ടീമിനു മുന്നിൽ മറ്റ് വഴികളില്ലാതായി. ചെന്നൈ സൂപ്പർ കിങ്സിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിനെ സ്വന്തമാക്കാൻ രംഗത്തുണ്ട്. കരിയറിന്റെ തുടക്കത്തിൽ, 2012ൽ കൊൽക്കത്തയിലായിരുന്നു സഞ്ജു. എന്നാൽ, കളിക്കാൻ അവസരം കിട്ടിയിരുന്നില്ല. 2013ൽ രാഹുൽ ദ്രാവിഡിന്റെ രക്ഷാകർതൃത്വത്തിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ സഞ്ജു പിന്നീട് ക്യാപ്റ്റൻ പദവിയിലേക്കുയർന്നു. ഇടക്ക് രണ്ട് സീസണിൽ ഡൽഹി ടീമിലും കളിച്ചു.
കഴിഞ്ഞ സീസണിലെ ഐ.പി.എല്ലിനുശേഷം ചെന്നൈ മാനേജ്മെന്റുമായും കോച്ച് സ്റ്റീഫൻ ഫ്ലമിങ്ങുമായും സഞ്ജു ചർച്ച നടത്തിയിരുന്നു. കാശുകൊടുത്ത് സഞ്ജുവിനെ എത്തിക്കാനാണ് ചെന്നൈക്കിഷ്ടം. എന്നാൽ, രണ്ട് താരങ്ങളെ തന്ന് സഞ്ജുവിനെ പകരം നൽകാനാണ് രാജസ്ഥാന് താൽപര്യം. ഇരുടീമുകളും ധാരണയായില്ലെങ്കിൽ ഈ സീസണിലെ ലേലത്തിൽ സഞ്ജുവും കാണും.
വൈഭവ് സൂര്യവംശിയുടെ വരവാണ് സഞ്ജു രാജസ്ഥാനുമായുള്ള ബന്ധം ഒഴിവാക്കാൻ തീരുമാനിച്ചതിന് പ്രധാന കാരണമായിട്ടുണ്ടാവുകയെന്ന് മുൻ ഇന്ത്യൻ ഓപണർ ആകാശ് ചോപ്ര പറഞ്ഞു. ‘സഞ്ജു സാംസൺ എന്തിനാണ് ടീം വിടാൻ ആഗ്രഹിക്കുന്നത്? കഴിഞ്ഞ മെഗാ ലേലത്തിനുമുമ്പ് രാജസ്ഥാൻ ജോസ് ബട്ലറെ ഒഴിവാക്കി. യശസ്വി വന്നതിനാലും സഞ്ജു ഓപണറാകാൻ ആഗ്രഹിച്ചതിനാലുമാണ് ബട്ലറെ വിട്ടയച്ചതെന്ന് ഞാൻ കരുതുന്നു’-ചോപ്ര പറഞ്ഞു. നിലവിൽ ജയ്സ്വാളും വൈഭവുമുള്ളതിനാൽ ടീമിന് ഓപണറുടെ കാര്യത്തിൽ തലവേദനയില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. ധ്രുവ് ജൂറലിനെ ബാറ്റിങ് ഓർഡറിൽ മുന്നിൽ കളിപ്പിക്കാനും അവർ ആഗ്രഹിക്കുന്നു. സഞ്ജുവിന്റെയും രാജസ്ഥാന്റെയും മനസ്സിലുള്ളത് എന്താണെന്ന് തനിക്ക് അറിയില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര പറഞ്ഞു. കൊല്‍ക്കത്ത കഴിഞ്ഞ സീസണില്‍ 23.75 കോടി മുടക്കി സ്വന്തമാക്കിയ വെങ്കടേഷ് അയ്യരെടീം കൈവിടാൻ സാധ്യതയുണ്ടെന്ന് ചോപ്ര പറഞ്ഞു. നിലവില്‍ ഐ.പി.എല്ലില്‍ ഇന്ത്യൻ കീപ്പറില്ലാത്ത ഒരേയൊരു ടീം കൊല്‍ക്കത്തയാണ്.
അശ്വിൻ ചെന്നൈ വിട്ടേക്കും
ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ സ്പിന്നർ ആർ. അശ്വിൻ ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പർ കിങ്സ് വിട്ടേക്കും. അടുത്ത ഐ.പി.എല്ലിനുമുമ്പ് ടീമില്‍നിന്ന് റിലീസ് ചെയ്യണമെന്നാവശ്യപ്പെട്ട് അശ്വിന് ടീം മാനേജ്മെന്റിന് കത്ത് നല്കി. കഴിഞ്ഞ തവണ രാജസ്ഥാന് റോയല്‍സില്‍ നിന്ന് 9.75 കോടി രൂപക്കാണ് അശ്വിന് ചെന്നൈയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

