മുംബൈ: മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് വിലക്കിന് ശേഷം ക്രിക്കറ്റിേലക്ക് മടങ്ങിയെത്തിയ മത്സരമെന്ന നിലയിലാണ് സയിദ് മുഷ്താഖ് അലി ട്രോഫിയിലെ കേരളം-പുതുച്ചേരി മത്സരം ശ്രദ്ധാകേന്ദ്രമായത്. മത്സരത്തിൽ ഒരു വിക്കറ്റുമായി ശ്രീ മടങ്ങിവരവ് അവിസ്മരണീയമാക്കി. എന്നാൽ ഇതോടൊപ്പം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്ന ഒരു ഡയലോഗുണ്ട്. 'ജാഡ കാണിക്കുന്നത് കണ്ടില്ലെ, കൊടുക്കട്ടെ ഞാനൊന്ന്'-എന്നതാണത്.
ബാറ്റിങ്ങിനിടെ കേരള ടീം നായകൻ സഞ്ജു സാംസണിന്‍റെ സംസാരമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നോൺസ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന സചിൻ ബേബിയോടായിരുന്നു സഞ്ജുവിന്റെ ചോദ്യം. വാക്കുപാലിച്ച സഞ്ജു തൊട്ടടുത്ത പന്ത് ബൗണ്ടറി കടത്തി.
സഞ്ജുവിന്റെ സംഭാഷണം സ്റ്റംപ്മൈക്ക് പിടിച്ചെടുത്തതോടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിശ്ചിത ഓവറിൽ പുതുച്ചേരി 138 റൺസെടുത്തപ്പോൾ 10 പന്ത് ബാക്കി നിൽക്കേ കേരളം ലക്ഷ്യം നേടി. 32 റൺസെടുത്ത സഞ്ജുവായിരുന്നു ടോപ്സ്കോറർ. മുഹമ്മദ് അസ്ഹറുദ്ദീനും (30), റോബിൻ ഉത്തപ്പയും (21) കേരളത്തിനായി തിളങ്ങി.
പുതുച്ചേരി ബാറ്റ്സ്മാൻ ഫാബിദ് അഹമദിന്‍റെ കുറ്റിതെറുപ്പിച്ചായിരുന്നു ശ്രീ തന്‍റെ ആവനാഴിയിലെ അസ്ത്രങ്ങൾക്ക് തേയ്മാനം സംഭവിച്ചില്ലെന്ന് വിളിച്ചോതിയത്. 29 റൺസിന് ഒരുവിക്കറ്റുമായാണ് ശ്രീശാന്ത് മത്സരം അവസാനിപ്പിച്ചത്.