'ദിസ് മാൻ ഈസ് വേൾഡ് വൈഡ്'; ന്യൂസിലാൻഡിലും സഞ്ജു സ്റ്റാർ, ചിത്രം പങ്കുവെച്ച് രാജസ്ഥാൻ റോയൽസ്
text_fieldsന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരം ഇന്ത്യ 65 റൺസിന് ജയിച്ചെങ്കിലും ടീം സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനമാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ഉയർത്തുന്നത്. മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ തുടർച്ചയായി തഴയുന്നതാണ് ആരാധകരോഷത്തിന് വഴിയൊരുക്കിയത്. ഒപ്പം, തീർത്തും മോശം പ്രകടനം കാഴ്ചവെക്കുന്ന റിഷഭ് പന്തിന് ആവശ്യത്തിലേറെ അവസരങ്ങൾ നൽകുന്നതും പലരും ചൂണ്ടിക്കാട്ടുന്നു.
ഇന്നലത്തെ കളിയിൽ സഞ്ജു ടീമിലുണ്ടാകുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ, റിഷഭ് പന്ത് സ്ഥാനം നിലനിർത്തുകയും ഇന്നിങ്സ് ഓപ്പൺ ചെയ്യുകയും ചെയ്തെങ്കിലും പൂർണ പരാജയമായി മാറി. 13 പന്തിൽ വെറും ആറ് റൺസ് മാത്രം എടുത്ത് പന്ത് തിരികെ കയറി. പിന്നീട് സൂര്യകുമാർ യാദവിന്‍റെ സെഞ്ച്വറിയോടെയുള്ള ഒറ്റയാൾ പ്രകടനത്തിലാണ് ഇന്ത്യ മത്സരം സ്വന്തമാക്കിയത്.
ഇന്നലത്തെ മത്സരത്തിനിടയിലും ഗാലറിയിൽ സഞ്ജുവിനായി ആർപ്പുവിളികൾ ഉയർന്നു. സഞ്ജുവിന്‍റെ പേര് ഉയർത്തിക്കാട്ടിയായിരുന്നു കാണികൾ പ്രിയതാരത്തോടുള്ള ആരാധന പ്രകടിപ്പിച്ചത്. ഇതിന്‍റെ ചിത്രങ്ങൾ സഞ്ജുവിന്‍റെ ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ പങ്കുവെച്ചു. 'സഞ്ജു ലോകവ്യാപിയാണ്' എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. രാജസ്ഥാൻ റോയൽസിന്‍റെ ക്യാപ്റ്റൻ കൂടിയാണ് സഞ്ജു.
സഞ്ജുവിന് അവസരം കൊടുക്കാത്തതിനെതിരെ നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി തന്നെ സഞ്ജുവിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ട്വന്‍റി20 ലോകകപ്പ് സെമിയില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായശേഷം നടന്ന ചാനല്‍ ചര്‍ച്ചയിലാണ് ഒരു 10 മത്സരങ്ങളിലെങ്കിലും സഞ്ജുവിനെ അടുപ്പിച്ച് കളിപ്പിക്കൂവെന്ന് രവിശാസ്ത്രി അഭിപ്രായപ്പെട്ടത്.
ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരത്തിൽ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കും ഏകദിന പരമ്പരക്കുമുള്ള ടീമിലുണ്ടെങ്കിലും ഇതിനുശേഷം നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ സഞ്ജു ടീമിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

