Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ, അവൻ ആ ചർച്ചകൾ അവസാനിപ്പിച്ചു'; മലയാളി താരത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം

text_fields
bookmark_border
സഞ്ജുവിന്റെ വിധി എഴുതാൻ വരട്ടെ, അവൻ ആ ചർച്ചകൾ അവസാനിപ്പിച്ചു; മലയാളി താരത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം
cancel

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിലെ വെടിക്കെട്ട് ഇന്നിങ്സോടെ വിമർശകരുടെ വായടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. മോശം ഫോമിന്റെ പേരിൽ സഞ്ജുവിനെതിരെ ഉയർന്ന എല്ലാ ചർച്ചകളും ഈ പ്രകടനത്തോടെ അവസാനിച്ചുവെന്ന് മുൻ ഇന്ത്യൻ താരങ്ങളായ മോഹിത് ശർമയും മുഹമ്മദ് കൈഫും പ്രതികരിച്ചു.

2026-ലെ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് 'പ്ലെയർ ഓഫ് ദി ടൂർണമെന്റായി' മാറിയെങ്കിലും, പിന്നീട് സഞ്ജുവിന് ആ മികവ് നിലനിർത്താനായിരുന്നില്ല. ലോകകപ്പിന് പിന്നാലെ നടന്ന ഐ.പി.എല്ലിലും വലിയ സ്കോറുകൾ കണ്ടെത്താൻ കഴിഞ്ഞെങ്കിലും സ്ഥിരത ഒരു പ്രശ്നമായി തുടർന്നു. സഞ്ജുവിന്റെ ഈ ഫോം ഇല്ലായ്മയാണ് 15 വയസ്സുകാരനായ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നുകൊടുത്തത്.

എന്നാൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ രണ്ട് മത്സരങ്ങളിലും ടീം മാനേജ്മെന്റ് സഞ്ജുവിൽ വിശ്വാസമർപ്പിച്ചു. ഈ വിശ്വാസം കാത്തുസൂക്ഷിച്ച താരം രണ്ടാം മത്സരത്തിൽ വെറും 22 പന്തിൽ നിന്ന് 57 റൺസ് അടിച്ചുകൂട്ടി തന്റെ ക്ലാസ് വീണ്ടും തെളിയിച്ചു. ഏഴ് ഫോറുകളും നാല് കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. ഇതിന് പിന്നാലെയാണ് മുൻ താരങ്ങൾ പ്രശംസയുമായി രംഗത്തെത്തിയത്.

"ലോക ചാമ്പ്യന്മാർ അവരുടെ യഥാർത്ഥ ശൈലിയിൽ തന്നെയാണ് കളിച്ചത്. സഞ്ജു അതിഗംഭീരമായാണ് ബാറ്റുവീശിയത്. പലപ്പോഴും നമ്മൾ അവനെ വളരെ വേഗത്തിൽ വിലയിരുത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇന്നത്തെ ബാറ്റിങ്ങോടെ സഞ്ജു എല്ലാ ചർച്ചകളും അവസാനിപ്പിച്ചു (ഡിബേറ്റ് ബന്ദ് കർദി)," ക്രിക്ക്ബസ്സിനോട് സംസാരിക്കവെ മോഹിത് ശർമ വ്യക്തമാക്കി.

സഞ്ജു വീണ്ടും റൺസ് കണ്ടെത്തി എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മുഹമ്മദ് കൈഫ് കൂട്ടിച്ചേർത്തു. സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയാണ് സൂര്യവംശിക്ക് പ്ലേയിങ് ഇലവനിൽ ഇടം നേടിക്കൊടുത്തതെന്നും, എന്നാൽ സഞ്ജു തുടർച്ചയായി റൺസ് കണ്ടെത്തുകയാണെങ്കിൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരുമെന്നും കൈഫ് പ്രതികരിച്ചു.

ഇംഗ്ലണ്ടിലെ കടുത്ത സാഹചര്യങ്ങളിൽ അരങ്ങേറ്റം കുറിച്ച സൂര്യവംശിയുടെ അന്താരാഷ്ട്ര കരിയറിന്റെ തുടക്കം വളരെ ശ്രദ്ധേയമായിരുന്നു. ഇംഗ്ലണ്ടിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ 14, 13, 15 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ. തുടർന്ന് അഞ്ചാം മത്സരത്തിൽ സൂര്യവംശിയെ മാറ്റി ഇന്ത്യ സഞ്ജുവിനെ കളത്തിലിറക്കുകയായിരുന്നു. എന്നാൽ, പിന്നീട് സിംബാബ്‌വെക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ഈ 15-കാരൻ തന്റെ വരവറിയിച്ചു. രണ്ട് അർദ്ധ സെഞ്ച്വറികളോടെ 151 റൺസ് അടിച്ചുകൂട്ടിയ സൂര്യവംശി പരമ്പരയിലെ താരമായും അവസാന മത്സരത്തിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജുവിന് പകരക്കാരനായി 15-കാരൻ എത്തുമെന്ന ചർച്ചകൾ സജീവമായത്. അത്തരം ഊഹാപോഹങ്ങൾക്കാണ് സഞ്ജു ഇപ്പോൾ ബാറ്റുകൊണ്ട് മറുപടി നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanju Samson Silences Critics
Next Story