തകരുന്നു, കിനാവുകൊണ്ട് കെട്ടിയ കൊട്ടാരം
text_fieldsതിരുവനന്തപുരം: ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരം കളിക്കാനിറങ്ങുക, നിറഞ്ഞ കാണികൾക്കുമുന്നിൽ പരാജയപ്പെട്ട് തലകുനിച്ച് മടങ്ങുക, അതുവരെ താൻ തുടർന്ന റോളിൽനിന്ന് തഴയപ്പെടുക -അതാണ് മലയാളി താരം സഞ്ജു സാംസണ് സ്വന്തം തട്ടകമായ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കഴിഞ്ഞദിവസം സംഭവിച്ചത്. മോശം ഫോം തുടരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ലോകകപ്പ് മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവരുമെന്ന സൂചന നൽകുന്നതാണിത്. ന്യൂസിലൻഡിനെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങളിലും ഓപണർ റോളിലെത്തിയ സഞ്ജു പരാജയപ്പെട്ടു.
ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ അരങ്ങേറിയിട്ട് 11 വര്‍ഷമായെങ്കിലും ഹോം ഗ്രൗണ്ടായ കാര്യവട്ടത്ത് ഒരു മത്സരത്തില്‍പോലും ഇന്ത്യൻ ജഴ്സി അണിഞ്ഞിറങ്ങാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. ക്യാപ്റ്റൻ സൂര്യകുമാറിന്റെ പ്രോത്സാഹനവും ‘സഞ്ജു’ എന്ന മുറവിളിയുമായി തടിച്ചുകൂടിയ പതിനായിരക്കണക്കിന് ആരാധകരുടെ പിന്തുണയും അയാളെ ഫോമിലേക്കുയർത്തിയില്ല. കഴിഞ്ഞ നാലു മത്സരങ്ങളിലും വിക്കറ്റ് കീപ്പറായിരുന്ന സഞ്ജുവിനെ തൽസ്ഥാനത്തുനിന്ന് മാറ്റുന്നതും സ്റ്റേഡിയം കണ്ടു. സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ റോളിലെത്തിയത് നൽകുന്ന സൂചന സഞ്ജുവിന് ഒട്ടും ആശാവഹമല്ല. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജുവും ബാക്കി രണ്ട് മത്സരങ്ങളിൽ ഇഷാനും കീപ്പ് ചെയ്യുമെന്ന് നേരത്തേ തീരുമാനിച്ചിരുന്നതായാണ് സൂര്യകുമാർ മത്സരശേഷം വ്യക്തമാക്കിയത്. എന്നാൽ, അതല്ല മാനേജ്മെന്റ് ഉദ്ദേശ്യമെന്ന് വ്യക്തം.
മികച്ച ഫോമിലുള്ള അഭിഷേക് ശർമക്കൊപ്പം ഇഷാൻ കിഷൻ ഓപണറാകാനുള്ള സാധ്യതയാണ് ഏറെ. പരിക്കിൽനിന്ന് മുക്തനായി തിലക് വർമ എത്തുന്നതോടെ മൂന്നാമന്റെ സ്ഥാനവും ഭദ്രം. മികച്ച ഫോമിലുള്ള സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് എന്നിവരും സ്ഥാനം ഉറപ്പിച്ചു. അതോടെ സഞ്ജു ബെഞ്ചിലിരിക്കേണ്ടിവരും. ന്യൂസിലൻഡിനെതിരായ പരമ്പരയില്‍ 6, 10, 0, 24, 6 എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ. സമ്മർദം അതിജീവിക്കാൻ താരത്തിനാകുന്നില്ല. വിക്കറ്റ് കീപ്പർ സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ പ്രകടനത്തിൽ അത് ദൃശ്യമായി. ബാറ്റിങ് സ്റ്റൈലിലും പിന്നിലേക്ക് വലിഞ്ഞുള്ള ഫുട് വർക്കിലുമെല്ലാം എന്തൊക്കെയോ പന്തികേട്. കഴിഞ്ഞവര്‍ഷം കളിച്ച 14 ഇന്നിങ്സില്‍ 238 റണ്‍സ് മാത്രമാണ് നേടാനായത്. ഒരു അർധ സെഞ്ച്വറി മാത്രം.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലാണ് സഞ്ജുവിന്റെ കഷ്ടകാലം ആരംഭിച്ചത്. ഏഷ്യ കപ്പില്‍ ഇടംകിട്ടിയെങ്കിലും ബാറ്റിങ് സ്ലോട്ടില്‍ സ്ഥിരതയില്ലാത്തത് പ്രകടനത്തെ ബാധിച്ചു. ഓപണിങ്ങിൽ സഞ്ജു മിന്നുമെന്ന നിരീക്ഷണത്തിലാണ് ശുഭ്മൻ ഗില്ലിന്റെ അഭാവത്തിൽ സഞ്ജുവിനെ പരീക്ഷിച്ചത്. എന്നാൽ, പരമ്പരയിൽ താരം എട്ടുനിലയിൽ പൊട്ടി. ഇനി സഞ്ജുവിന്റെ ഭാവി പരുങ്ങലിലാണ്. ആത്മവശ്വാസം വർധിപ്പിച്ച് ശൈലിയിൽ മാറ്റംവരുത്തിയില്ലെങ്കിൽ അതുല്യനായ ക്രിക്കറ്റ് താരത്തിന്റെ കരിയർ വൈകാതെ അവസാനിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

