ഇത് നമുക്കുള്ളതാണ്, കിരീടം നേടി വാ മക്കളെ! രഞ്ജിയിൽ ഫൈനലിലെത്തിയ കേരള ടീമിനെ അഭിനന്ദിച്ച് സഞ്ജു
text_fieldsഅഹമ്മദാബാദ്: ചരിത്രം തിരുത്തിക്കുറിച്ചാണ് രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ആദ്യമായി ഫൈനലിന് യോഗ്യത നേടുന്നത്. കരുത്തരായ ഗുജറാത്തിനെ അവരുടെ തട്ടകത്തിൽ സനിലയിൽ തളച്ചാണ് കേരളം, ഒന്നാം ഇന്നിങ്സ് ലീഡിന്‍റെ കരുത്തിൽ കലാശപ്പോരിന് ടിക്കറ്റെടുത്തത്.
ഒന്നാം ഇന്നിങ്സിലെ രണ്ട് റണ്‍സ് ലീഡാണ് കേരളത്തിന്‍റെ ഫൈനൽ പ്രവേശനത്തിൽ നിർണായകമായത്. ആദ്യ ഇന്നിങ്സിൽ കേരളത്തിന്‍റെ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് അഞ്ചാം ദിനം 455 റൺസെടുത്തു പുറത്തായി. സ്പിന്നർമാരായ ആദിത്യ സർവാതെയും ജലജ് സക്സേനയുമാണ് ഗുജറാത്തിനെ അവസാന ദിവസം എറിഞ്ഞിട്ടത്. ഗുജറാത്തിന്‍റെ പത്താം വിക്കറ്റ് വീണത് അതി നാടകീയമായിട്ടായിരുന്നു. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ ഗുജറാത്തിന്റെ വാലറ്റക്കാരൻ അർസാന്‍ നാഗ്‍വസ്വല്ല അടിച്ച പന്ത് ഫീൽഡറായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ ഇടിച്ച് ഉയര്‍ന്നു പൊങ്ങി. ഈസമയം സ്ലിപ്പിൽ നിൽക്കുകയായിരുന്ന നായകൻ സചിൻ ബേബിയുടെ കൈയിലേക്കാണ് പന്ത് എത്തിയത്.
ഗ്രൗണ്ടിൽ കേരള താരങ്ങളുടെ ആഘോഷമാണ് പിന്നീട് കണ്ടത്. കേരളത്തിന്‍റെ ഫൈനൽ പ്രവേശനത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസൺ രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് സഞ്ജുവിന്‍റെ പ്രതികരണം. ‘എന്തൊരു കാഴ്ചയാണിത്! കേരളത്തിന്റെ രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശനം കാണുമ്പോൾ അതിയായ സന്തോഷം തോന്നി. 10 വര്‍ഷം മുമ്പ് നമ്മള്‍ ഒരുമിച്ച് വിശ്വസിച്ചിരുന്ന ആ സ്വപ്‌നം, ഇനി ഒരു പടി അകലെ മാത്രം ബോയ്സ്. ഇത് നമ്മുടേതാണ്, കിരീടം നേടി വാ...’ -കേരള താരങ്ങൾ വിജയം ആഘോഷിക്കുന്ന ചിത്രത്തിനൊപ്പം സഞ്ജു കുറിച്ചു.
ബുധനാഴ്ച നടക്കുന്ന ഫൈനലിൽ ശക്തരായ വിദർഭയാണ് ഫൈനലിൽ കേരളത്തിന്‍റെ എതിരാളികൾ. മുംബൈയെ തകർത്താണ് വിദർഭ ഫൈനലിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

