
ഏഴ് വര്‍ഷം മുമ്പായിരുന്നു അരങ്ങേറ്റം, രാജ്യത്തെ ജയത്തിലേക്ക് എത്തിച്ചതിൽ സന്തോഷമെന്ന് സഞ്ജു
text_fieldsധരംശാല: ശ്രീലങ്കക്കെതിരായ വെടിക്കെട്ട് പ്രകടനത്തോടെ കൈയ്യടി നേടിയിരിക്കുകയാണ് മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ. ഐ.പി.എല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ദേശീയ ജഴ്സിയിൽ നിറംമങ്ങുന്നത് ആരാധകരെ ഏറെ നിരാശരാക്കിയിരുന്നു. എന്നാൽ ധരംശാലയിൽ ഇന്ത്യയുടെ ഏഴുവിക്കറ്റ് വിജയത്തിൽ നിർണായക സംഭാവന നൽകാനായതിന്റെ സന്തോഷത്തിലാണ് സഞ്ജുവിപ്പോൾ. 25 പന്തിൽ 39 റൺസടിച്ച സഞ്ജു ശ്രേയസ് അയ്യറുടെ കൂടെ മൂന്നാം വിക്കറ്റിൽ ചേർത്ത 84 റൺസ് (47 പന്ത്) കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന്റെ നട്ടെല്ലായത്.
'എനിക്ക് ഇത് ഏറെ പ്രത്യേകതയുള്ള ദിവസമാണ്. ഏഴ് വര്‍ഷം മുമ്പാണ് ദേശീയ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്നാണ് എന്റെ രാജ്യത്തെ ജയത്തിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ഒരു ഫലപ്രദമായ ഇന്നിങ്‌സ് കളിക്കാന്‍ സാധിച്ചത്. അതില്‍ ഏറെ സന്തോഷമുണ്ട്'-മത്സര ശേഷം സഞ്ജു പറഞ്ഞു.
'ഞാന്‍ കളിച്ചിട്ട് കുറച്ചുനാളായി. ബയോബബിളിലായിരുന്നതിനാൽ താളം കണ്ടെത്താന്‍ കുറച്ച് സമയമെടുത്തു. ശ്രേയസ് അയ്യർക്കൊപ്പമുള്ള കൂട്ടുകെട്ട് താളം വീണ്ടെടുക്കാന്‍ എന്നെ സഹായിച്ചു. ഒരു ബൗണ്ടറി നേടിയപ്പോള്‍ താളം അനുഭവപ്പെട്ടു. അതില്‍ ഞാന്‍ സന്തോഷവാനാണ്. ഫീല്‍ഡ് ചെയ്യുമ്പോഴും വെറുതെ ഇരിക്കുമ്പോഴും അനുഭവപ്പെട്ട തണുപ്പ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ അറിഞ്ഞില്ല'- സഞ്ജു കൂട്ടിച്ചേർത്തു.
ക്രീസിൽ നിലയുറപ്പിച്ചിരുന്ന ശ്രേയസിന് സ്ട്രൈക്ക് കൈമാറി പതിയെയാണ് സഞ്ജു തുടങ്ങിയത്. സിംഗിളുകളും ഡബിളുകളുമായി റൺറേറ്റ് താഴാതെ സ്കോർ ഉയർത്തുകയായിരുന്നു ലക്ഷ്യം. അതിനിടെ ലോങ് ഓണില്‍ ലങ്കൻ നായകൻ ദസുൻ ഷനക സഞ്ജുവിനെ നിലത്തിട്ടത് ആശ്വാസമായി. 12ാം ഓവർ അവസാനിക്കുമ്പോൾ 19 പന്തിൽ 17 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ലഹിരു കുമാരയെറിഞ്ഞ 13ാം ഓവറിലെ ആദ്യ പന്ത് ലോങ് ലെഗിലേക്ക് ബൗണ്ടറി പായിച്ചതോടെ സഞ്ജു ഫുൾ ഫോമായി. അതേ ഓവറിൽ കുമാരയെ മൂന്ന് തവണ സിക്സർ പറത്തിയ സഞ്ജു വിശ്വരൂപം പൂണ്ടു. എന്നാൽ ഓവറിലെ അവസാന പന്തിൽ ഷോർട് തേഡ്മാനിൽ ബിനുര ഫെർണാണ്ടോ ഒറ്റക്കൈകൊണ്ട് സഞ്ജുവിനെ പറന്നുപിടിച്ചതോടെ മികച്ച ഇന്നിങ്സിന് അന്ത്യമായി. രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്.
ശനിയാഴ്ച നടന്ന രണ്ടാം ട്വന്റി20യിൽ ലങ്കയെ ഏഴുവിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ശ്രീലങ്ക ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം ശ്രേയസ് അയ്യർ (74 നോട്ടൗട്ട്), രവീന്ദ്ര ജദേജ (18 പന്തിൽ 45 നോട്ടൗട്ട്), സഞ്ജു സാംസൺ (39) എന്നിവരുടെ കിടിലൻ ബാറ്റിങ് മികവിൽ ഇന്ത്യ അനായാസം മറികടന്നു. മൂന്നാം ട്വന്റി20 ഇന്ന് ഇതേ വേദിയിൽ നടക്കും.