സഞ്ജു എവിടെ കളിക്കും....? സഞ്ജു ക്ലാസ് താരം, എവിടെയും കളിക്കാമെന്ന് ഗവാസ്കർ; െപ്ലയിങ് ഇലവനിൽ ഉറപ്പില്ലെന്ന് ആകാശ് ചോപ്ര
text_fieldsന്യൂഡൽഹി: ഏഷ്യ കപ്പ് ട്വന്റി20 ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം പുറത്തു വന്നതിനു പിന്നാലെ ചർച്ചകളും അഭിപ്രായങ്ങളുമായി പുറംകളിയും ജോറാണ്. ടീം ബാറ്റിങ്ങ് ഓർഡർ മുതൽ ആരെല്ലാം കളത്തിലിറങ്ങും പുറത്തിരിക്കും എന്നുവരെയുള്ള ചർച്ചകളുമായി മാധ്യമങ്ങളും മുൻകാല താരങ്ങളും സജീവം. ഇതിനിടയിൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതാണ് ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ടീമിലേക്കുള്ള വരവും, ഓപണിങ്ങിൽ ഏത് ജോടി ഇറങ്ങുമെന്നുമുള്ള ചർച്ചകളും.
ദേശീയ ടീമിൽ ഇടം പിടിച്ചുവെങ്കിലും െപ്ലയിങ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണിന്റെ ഇടം ഉറപ്പാണോ എന്നാണ് മില്യൻ ചോദ്യങ്ങളിലൊന്ന്. ടീം പ്രഖ്യാപനത്തിനു പിന്നാലെ പല ഫോർമേഷൻ വാർത്തകൾ പുറത്തുവരുമ്പോൾ ട്വന്റി20 ക്രിക്കറ്റിലെ വെടിക്കെട്ട് താരത്തെ നെഞ്ചിലേറ്റുന്ന മലയാളി ആരാധകർക്കിപ്പോൾ നെഞ്ചിടിപ്പാണ്. ടെസ്റ്റ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ഏഷ്യൻ കപ്പ് ടീമിൽ ഉൾപ്പെടുത്തിയപ്പോൾ തിരിച്ചടിയായത് സഞ്ജുവിന്റെ ഇരിപ്പിടത്തിനാണെന്ന് ചിലർ വിലയിരുത്തുന്നു. അഭിഷേക് ശർമക്കൊപ്പം ഓപണറായി ശുഭ്മാൻ ഗിൽ വരുമ്പോൾ സഞ്ജുവിന് ആ സ്ഥാനം പോകുമെന്നാണ് പ്രവചനം. ഇനി വിക്കറ്റ് കീപ്പർ റോളിലാണെങ്കിൽ അവിടെയും സഞ്ജുവിന് ഭീഷണിയാവുന്ന സാന്നിധ്യമായി ബംഗളൂരുവിന്റെ താരം ജിതേഷ് ശർമയുണ്ട്. ശുഭ്മാൻ ഗില്ലിന്റെ അപ്രതീക്ഷിതമായ വരവ് െപ്ലയിങ് ഇലവനിൽ സഞ്ജുവിന്റെ സ്ഥാനത്തിന് ഭീഷണിയായി മാറിയെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര വിലയിരുത്തുന്നു.
െപ്ലയിങ് ഇലവനിൽ സഞ്ജുവിന്റെ സാധ്യത കുറക്കുകയോ, പൂർണമായും അടക്കുകയോ ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. തിലക് വർമ അല്ലെങ്കിൽ ഹാർദിക് പാണ്ഡ്യ എന്നിവരിൽ ഒരാൾക്ക് ഇടം നൽകുകയും, ജിതേഷ് വിക്കറ്റ് കീപ്പറാവുകയും ചെയ്യും. വൈസ് ക്യാപ്റ്റനെന്ന നിലയിൽ ഗിൽ തന്നെയാവും ഓപണർ. ഇതോടെ സഞ്ജുവിന്റെ െപ്ലയിങ് ഇലവൻ സാധ്യത മങ്ങും -ജിയോ ഹോട്സ്റ്റാറിനു നൽകിയ അഭിമുഖത്തിൽ ആകാശ് ചോപ്ര പറഞ്ഞു.
എന്നാൽ, ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയ സഞ്ജുവിനെ എവിടെ കളിപ്പിക്കുമെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ മിണ്ടിയിട്ടില്ല. ദുബൈയിലെ സാഹചര്യം അനുസരിച്ച് ഓപണിങ് മുതൽ ടീം ഓർഡർ തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതിനിടെ സഞ്ജുവിന് പിന്തുണയുമായി സുനിൽ ഗവാസ്കർ രംഗത്തെത്തി. ഓപണിങ്ങിൽ നിന്നും പിന്നോട്ടിറങ്ങിയാലും അഞ്ച്, ആറ് പൊസിഷനുകളിലായി അദ്ദേഹത്തിന് ക്രീസിലെത്താൻ കഴിയുമെന്നും അദ്ദേഹം അനുഗ്രഹീതനായ മികച്ച കളിക്കാരനാണെന്നും ഇതിഹാസ താരം പറഞ്ഞു. ഏത് പൊസിഷനും ഉൾകൊണ്ട് കളിക്കാൻ ശേഷിയുള്ള അനുഗ്രഹീത താരമാണ് സഞ്ജു. അദ്ദേഹത്തെ കുറിച്ച് ആശങ്കപ്പെടേണ്ട, അവൻ ക്ലാസാണ് -ഗവാസ്കർ പറഞ്ഞു.
അതേമസയം, ബാറ്റിങ് ഓർഡറും, െപ്ലയിങ് ഇലവനുമെല്ലാം നിശ്ചയിക്കുന്നത് ഒരുപാട് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണെന്നും താരം വ്യക്തമാക്കി. അഭിഷേകും ശുഭ്മാൻ ഗില്ലും ഓപണർമാരാവും. തിലക് വർമ, സൂര്യകുമാർ എന്നിവർ മൂന്ന് നാല് സ്ഥാനങ്ങളിൽ. സ്കോറിങ്ങിന്റെ അടിസ്ഥാനത്തിൽ ഹാർദികിനെയോ, അലെങ്കിൽ സഞ്ജുവിനെയോ പിന്നീട് കളത്തിലിറക്കാം -ടീം ലൈനപ്പ് ഗവാസ്കർ പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

