‘ഞങ്ങൾ തീയും തീയുമാണ്; ചിലപ്പോൾ അവൻ കത്തും, ചിലപ്പോൾ ഞാനും’ -അഭിഷേകിനൊപ്പമുള്ള കൂട്ടുകെട്ട് ഏറെ പ്രിയങ്കരമെന്ന് സഞ്ജു
text_fieldsന്യൂഡൽഹി: ഓപണിങ് പങ്കാളി അഭിഷേക് ശർമയെ പ്രശംസ കൊണ്ട് മൂടി ഇന്ത്യയുടെ സ്റ്റാർ ഓപണർ സഞ്ജു സാംസൺ. സ്വാഭാവികവും സന്തുലിതവുമായ കൂട്ടുകെട്ടിൽ തങ്ങൾ ഇരുവരും മാറിമാറി ആക്രമണം നയിക്കുന്ന കൂട്ടുകെട്ടിനെ ‘തീയും തീയും’ എന്നാണ് സഞ്ജു വിശേഷിപ്പിച്ചത്. ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മലയാളികളുടെ അഭിമാന താരം.
‘ഞങ്ങൾ തീയും ഐസുമല്ല, ഞങ്ങൾ തീയും തീയുമാണ്. ചിലപ്പോൾ അവൻ കത്തും, ചിലപ്പോൾ ഞാനും. അത്തരമൊരു കൂട്ടുകെട്ടാണ് ഞങ്ങളുടേത്. ഈ രീതിയിൽ 2024 മുതൽ ഞങ്ങൾ പെർഫോം ചെയ്യുന്നു. ഞങ്ങൾക്കിടയിൽ ഒരു കേരളീയ-പഞ്ചാബി സൗഹൃദമുണ്ട്. എല്ലാം വളരെ സ്വാഭാവികമായി വരുന്നതിൽ ഞങ്ങൾക്കിടയിൽ കാര്യങ്ങൾ ഒട്ടും സങ്കീർണമല്ല. ‘പന്ത് എങ്ങനെയാണ് വരുന്നത്?’ എന്ന് അവൻ എന്നോട് ചോദിക്കും. ‘പന്ത് സാധാരണ രീതിയിൽ വരുന്നുണ്ട്, ഒരു സിക്സ് അടിക്ക്’ എന്നായിരിക്കും എന്റെ മറുപടി. അഭിഷേകിനൊപ്പം കാര്യങ്ങൾ അത്ര ലളിതമാണ്. അവൻ ധൈര്യശാലിയും ശാന്തനുമാണ്. ആ സ്വഭാവം ഞാൻ ഇഷ്ടപ്പെടുന്നു. മൈതാനത്തിലും പുറത്തും അവനുമായുള്ള കൂട്ട് ഞാൻ ശരിക്കും ആസ്വദിക്കുന്നു’ -സഞ്ജു പറഞ്ഞു.
ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ സഞ്ജുവും അഭിഷേകുംചേർന്ന ജോടി ഫൈനലിൽ ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചിരുന്നു. ഇരുവരും ന്യൂസിലാൻഡ് ബൗളർമാരെ കടന്നാക്രമിച്ച് 98 റൺസിന്റെ അതിവേഗ കൂട്ടുകെട്ടുമായി ഇന്ത്യക്ക് മിന്നും തുടക്കമാണ് നൽകിയത്. ടീം സ്കോർ 255 റൺസിലെത്താൻ ഇത് ഇന്ത്യയെ തുണച്ചു. ഒടുവിൽ കിവികളെ 96 റൺസിന് തകർത്താണ് ടീം ഇന്ത്യ മൂന്നാം തവണയും ട്വന്റി20 ലോകകപ്പിൽ മുത്തമിട്ടത്. കിരീടം നിലനിർത്തുന്ന ആദ്യ ടീമായ ഇന്ത്യ, ആതിഥേയ രാഷ്ട്രമെന്ന നിലയിൽ കിരീടം ജയിച്ച ആദ്യ ടീമെന്ന ബഹുമതിയും സ്വന്തമാക്കി.
ട്വന്റി20 ലോകകപ്പിൽ സഞ്ജുവിന്റേ് ഐതിഹാസിക തിരിച്ചുവരവായിരുന്നു. സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും സ്വജനപക്ഷപാതപരമായ നിലപാടുകളാൽ ടീമിൽ സ്ഥിരസാന്നിധ്യമല്ലാതിരുന്ന സഞ്ജു ലോകകപ്പിൽ ലഭ്യമായ അവസരത്തിൽ തകർപ്പൻ ഫോമുമായി നിറഞ്ഞാടി. വെസ്റ്റ് ഇൻഡീസിനെതിരെ ക്വാർട്ടർഫൈനലിന് തുല്യമായ സൂപ്പർ എട്ട് മത്സരത്തിലും പിന്നാലെ സെമിയിലും ഫൈനലിലും അർധ സെഞ്ചുറികളുമായി കണക്കുതുർത്തു. ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ എന്ന ബഹുമതിക്കൊപ്പം െപ്ലയർ ഓഫ് ദ ടൂർണമെന്റ് പുരസ്കാരവും നേടി. അഞ്ച് ഇന്നിങ്സിൽ 80.25 ശരാശരിയിൽ 199.37 സ്ട്രൈക്ക് റേറ്റോടെ 321 റൺസ് ആണ് സഞ്ജു അടിച്ചുകൂട്ടിയത്.
ട്വന്റി20 ലോകകപ്പിൽ മോശം ഫോമിലായിരുന്നു അഭിഷേക്. തുടരെ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. ഒടുവിൽ ഫൈനലിലാണ് ഫോം കണ്ടെത്തിയത്. ‘ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഒരു വിജയം മാത്രമല്ല, അനേകം വിജയങ്ങൾ ആഗ്രഹിക്കുന്നു. ആദ്യ ഘട്ടങ്ങളിൽ താൻ ഫോം ഇല്ലാതിരുന്നിട്ടും ടീം നന്നായി കളിച്ചതിൽ അഭിഷേക് സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

