ഗില്ലിന്‍റെ വരവിൽ ഇല്ലാതാകുന്ന സഞ്ജുവെന്ന വജ്രായുധം; ഓപണിങ്ങിലെ പരീക്ഷണം വൻപരാജയം!
text_fieldsശുഭ്മൻ ഗില്ലും സഞ്ജു സാംസണും പരിശീലനത്തിനിടെ
ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപന വേളയിലാണ് ബി.സി.സി.ഐ ട്വന്‍റി20 ടീമിന്‍റെ ഉപനായകനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഓപണറായ ഗില്ലിനെ കുട്ടിക്രിക്കറ്റിലും അതേ പൊസിഷനിലേക്കാണ് പരിഗണിച്ചത്. ഇതോടെ സ്ഥിരം ഓപണറായ മലയാളി താരം സഞ്ജു സാംസണെ ബാറ്റിങ് ഓഡറിൽ പിന്നിലേക്ക് മാറ്റി. പലപ്പോഴും എട്ടാംനമ്പരിലേക്കു വരെ സഞ്ജുവിനെ താഴ്ത്തിയത് ആരാധകർക്ക് മാത്രമല്ല, ക്രിക്കറ്റ് നിരീക്ഷകരിലും മുൻതാരങ്ങളിലും അമ്പരപ്പുണ്ടാക്കി. ഗില്ലിന്‍റെ വരവോടെ ഓപണിങ് വിക്കറ്റിൽ മികച്ച സ്കോർ കണ്ടെത്താനാകുന്ന പതിവ് ഇന്ത്യക്ക് കൈമോശം വന്നു. മാത്രമല്ല, ഉപനായകന് ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
സഞ്ജുവിന് പകരം ഗില്ലിനെ ഓപണറാക്കാനുള്ള ആശയം പരിശീലകൻ ഗംഭീറിന്‍റേതാണ്. അഭിഷേക് ശർമക്കൊപ്പം തുടർച്ചയായി മികച്ച തുടക്കം സമ്മാനിച്ചിരുന്ന സഞ്ജുവിനെ യാതൊരു കാരണവുമില്ലാതെ, ഗില്ലിനെ ഓപണറാക്കുക എന്ന ഏക ഉദ്ദേശ്യത്തോടെയാണ് ബാറ്റിങ് ഓഡറിൽ താഴേക്കിറക്കിയത്. എന്നാൽ അതുകൊണ്ട് യാതൊരു പ്രയോജനവും ടീം ഇന്ത്യക്ക് ഉണ്ടായിട്ടില്ലെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. ഗിൽ ഓപണറായെത്തിയ ഏഷ്യ കപ്പിൽ ഒമ്പത് ഇന്നിങ്സിൽ 21.13 ശരാശരിയിൽ 169 റൺസാണ് താരം നേടിയത്. ഇത്രയും മത്സരത്തിനിടെ അഞ്ച് ഇന്നിങ്സിൽ മാത്രം മധ്യനിരയിൽ അവസരം ലഭിച്ച സഞ്ജുവാകട്ടെ 26.80 ശരാശരിയിൽ 134 റൺസ് നേടി.
ഓപണിങ് പൊസിഷനിൽ എതിർ ബൗളിങ് നിരയെ തച്ചുതകർക്കാൻ ശേഷിയുള്ള ബാറ്ററെ എന്തിന് മാറ്റിയെന്ന ചോദ്യം പ്രസക്തമാണ്. ഇന്ത്യക്കായി ഓപൺ ചെയ്തപ്പോഴൊക്കെയും വമ്പൻ ഷോട്ടുകളാണ് സഞ്ജു പുറത്തെടുത്തിട്ടുള്ളത്. ഐ.പി.എല്ലിലെ കണക്കുകളും താരത്തിന്‍റെ ഓപണിങ് റോളിനെ വെല്ലാൻ മറ്റൊരാളില്ലെന്ന് കാണിക്കുന്നു. എന്നിട്ടും ഒട്ടും യോജിക്കാത്ത മധ്യനിരയിലെ റോൾ എന്തിന് സഞ്ജുവിന് നൽകുന്നുവെന്ന ചോദ്യമാണ് ക്രിക്കറ്റ് ആരാധകർ ഉയർത്തുന്നത്. കരിയറിന്‍റെ തുടക്കകാലത്ത് സ്ഥിരതയില്ലായ്മ ചോദ്യംചെയ്യപ്പെട്ട് താരത്തെ ദേശീയ ടീമിൽനിന്ന് മാറ്റിനിർത്തിയിരുന്നു. എന്നാൽ ഇതിൽനിന്ന് എത്രയോ വലിയ വ്യത്യാസമാണ് നിലവിലുള്ളത്. കഴിഞ്ഞ നാല് സീസണിലെ ഐ.പി.എൽ മത്സരങ്ങളെടുത്താൽ പവർപ്ലേയിൽ കാഴ്ചവെച്ച പ്രകടനം ഇതിന്‍റെ തെളിവാണ്.
ടെസ്റ്റിലും ഏകദിനത്തിലും ഗില്ലിന് ക്ലാസ് ഇന്നിങ്സുകൾ കളിക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ട്വന്‍റി20യിൽ ഇതുവരെ അതിനു സാധിച്ചിട്ടില്ല. ഗില്ലിനെ മൂന്നാം നമ്പരിലോ നാലിലോ കളിപ്പിക്കാമെന്നിരിക്കെ, സഞ്ജുവിന് പകരം ഓപണറാക്കിയതിലെ അയുക്തി ചോദ്യംചെയ്യപ്പെടേണ്ടതാണ്. തുടർച്ചയായി ഗിൽ പരാജയപ്പെടുകകൂടി ചെയ്യുമ്പോൾ, ഒരേസമയം രണ്ട് ക്രിക്കറ്റ് താരങ്ങളുടെ ഭാവിയാണ് ടീം മാനേജ്മെന്‍റ് നശിപ്പിക്കുന്നത്. സഞ്ജുവിനെ ഓപണിങ് പൊസിഷനിലേക്ക് തിരികെ കൊണ്ടുവരണോ എന്ന ചോദ്യത്തോടെ ഹിന്ദുസ്താൻ ടൈംസ് പോസ്റ്റ് ചെയ്ത അഭിപ്രായ സർവേയിൽ പങ്കെടുത്ത മുഴുവൻ പേരും വേണമെന്നാണ് രേഖപ്പെടുത്തിയത്. അപ്പോൾ കാര്യങ്ങൾ ഇനിയും മനസ്സിലാകാത്തത്, അല്ലെങ്കിൽ അറിഞ്ഞില്ലെന്ന് നടിക്കുന്നത് പരിശീലകൻ ഗംഭീറും ടീം മാനേജ്മെന്‍റുമാണെന്ന് വ്യക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

