‘സഞ്ജു കളിക്കില്ല, കാരണം ശുഭ്മൻ ഗിൽ’; ജയ്സ്വാളിനെയും ശ്രേയസ്സിനെയും ഒഴിവാക്കിയത് നീതീകരിക്കാനാകില്ലെന്നും മുൻ സ്പിന്നർ
text_fieldsചെന്നൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം വലിയ ചർച്ചക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിന്‍റെ ട്വന്‍റി20 ടീമിലേക്ക് തിരിച്ചുവരും യശസ്വി ജയ്സ്വാൾ, ശ്രേയസ്സ് അയ്യർ എന്നിവരുടെ പുറത്താകലുമാണ് മുൻ താരങ്ങളും പണ്ഡിറ്റുകളും പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഗില്ലിന്‍റെ വരവോടെ ഓപ്പണിങ് സഖ്യത്തിൽ അഴിച്ചുപ്പണി ഉറപ്പാണ്. വൈസ് ക്യാപ്റ്റനായ ഗില്ലിനെ പ്ലെയിങ് ഇലവനിൽനിന്ന് മാറ്റി നിർത്താനുള്ള സാധ്യത വിരളമാണ്. ലോക ഒന്നാം നമ്പർ താരമായ അഭിഷേക് ശർമയെയും ഓപ്പണിങ് സ്ഥാനത്തുനിന്ന് മാറ്റില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസൺ എവിടെ കളിക്കും? ഗിൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ എന്നിവരിൽനിന്ന് ഓപ്പണിങ് സഖ്യത്തെ ടീം ക്യാപ്റ്റനും പരിശീലകനും ചേർന്ന് തീരുമാനിക്കുമെന്നും ഗില്ലും ജയ്സ്വാളും കളിക്കാത്തതിനാലാണ് സഞ്ജുവും അഭിഷേകും നേരത്തേ ടീമിലിടം നേടിയതെന്നുമാണ് സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ വ്യക്തമാക്കിയത്.
ഗില്ലിന്‍റെ വരവോടെ സഞ്ജു ബെഞ്ചിലിരിക്കുമെന്നാണ് മുൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ പറയുന്നത്. ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ജയ്സ്വാളിനും അയ്യർക്കും ഇടമില്ലാത്തതിൽ അശ്വിൻ നിരാശ പങ്കുവെച്ചു. സെലക്ഷൻ നന്ദികെട്ട ജോലിയാണെങ്കിലും ഒഴിവാക്കപ്പെടുന്ന താരങ്ങൾക്ക് അതിനുള്ള കാരണം അറിയാനുള്ള അവകാശമുണ്ടെന്നും മുൻ സ്പിന്നർ പ്രതികരിച്ചു.
‘നോക്കു, സെലക്ഷൻ ഒരു നന്ദികെട്ട ജോലിയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുറച്ചുപേരെ ഒഴിവാക്കുക, ഏതാനും പേരെ മാറ്റി നിർത്തുക, അത് അത്ര എളുപ്പമുള്ള കാര്യമല്ല. താരങ്ങളോട് സംസാരിക്കണം, അവരുടെ ദുഖത്തിൽ പങ്കാളികളാകണം. ശ്രേയസ്സ് അയ്യരെയും യശസ്വി ജയ്‌സ്വാളിനെയും വിളിച്ച്, ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ കാരണം പറയുമെന്ന് പ്രതീക്ഷിക്കുന്നു’ -അശ്വിൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
സത്യസന്ധമായി പറഞ്ഞാൽ, ശുഭ്മൻ ഗില്ലിന്റെ സെലക്ഷൻ എനിക്ക് മനസ്സിലാകും. അദ്ദേഹം വൈസ് ക്യാപ്റ്റൻ കൂടിയാണ്. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി മികച്ച പ്രകടനം നടത്തി. ട്വന്‍റി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തിന് യോഗ്യതയുണ്ട്. എന്നാൽ, ജയ്സ്വാളിനോടും ശ്രേയസ്സിനോടും ടീം നീതിപുലർത്തിയില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഏഷ്യ കപ്പ് ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് റാണ, റിങ്കു സിങ്. സ്റ്റാൻഡ്ബൈ: പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, റയാൻ പരാഗ്, ധ്രുവ് ജുറെൽ, യശസ്വി ജയ്സ്വാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

