'സഞ്ജു സാംസൺ ലോകകപ്പിന് റെഡിയാണ്'; നാലാം നമ്പറിൽ അവനേക്കാൾ മികച്ചൊരു ഒപ്ഷനില്ലെന്ന് മുഹമ്മദ് കൈഫ്
text_fieldsമുംബൈ: വിൻഡീസിനെതിരായ അവസാന ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്പിൻ ബൗളിങ്ങിനെ സമർത്ഥമായി നേരിടാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്നും വിൻഡീസിനെതിരായ മത്സരത്തിലെ പ്രകടനം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഇഷാൻ കിഷനെയോ അക്സർ പട്ടേലിനെയോ നാലാം നമ്പറിൽ പരീക്ഷിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ലെഗ് സ്പിന്നും ഓഫ് സ്പിന്നും കളിക്കാൻ കഴിയുന്ന ബാറ്റർ വേണം നാലിൽ ഇറങ്ങാൻ. ഇന്നത്തെ സാഹചര്യത്തിൽ സഞ്ജു ഒരു മികച്ച ഒപ്ഷനാണെന്നും നാലിലും അഞ്ചിലും അവൻ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും കൈഫ് സൂചിപ്പിച്ചു.
വിൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്ന സഞ്ജു മൂന്നാം ഏകദിനത്തിൽ കൂടുതൽ സമ്മർദത്തിലാകുമായിരുന്നു. എന്നാൽ 41 പന്തിൽ 51 റൺസ് നേടിയ സഞ്ജു സമ്മർദ്ദം അനായാസം മറികടന്നെന്നും കൈഫ് പറഞ്ഞു.
അതേസമയം, വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് കൂടുതൽ വിലയിരുത്തുന്നില്ല. വിൻഡീസ് ലോകകപ്പിന് യോഗ്യതപോലും നേടാതെ നിൽക്കുന്ന സമയമാണ്. അവിടെത്തെ പ്രകടനത്തിന്റെ ബലത്തിൽ ടീം കോമ്പിനേഷനെയും വിലയിരുത്താൻ മുതിരുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യ ഏറ്റവും മികച്ച ഇലവനെ ഇറക്കാൻ ശ്രമിക്കണം. ലോകകപ്പിന് മുൻപ് ടീമിനെ രൂപപ്പെടുത്തിയെടുക്കാൻ കഴിയണമെന്നും കൈഫ് പറഞ്ഞു.