Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൗനത്തിന്റെ കനലുകൾ,...

മൗനത്തിന്റെ കനലുകൾ, വിജയത്തിന്റെ അഗ്നിജ്വാലകൾ

text_fields
bookmark_border
മൗനത്തിന്റെ കനലുകൾ, വിജയത്തിന്റെ അഗ്നിജ്വാലകൾ
cancel

എത്രയെത്ര വേട്ടയാടലുകൾക്ക് കാലം സാ‍ക്ഷിയായി, അങ്ങനെയെത്ര മുറിവുകളിൽ വിയർപ്പുകലർന്ന ഉപ്പിന്റെ നീറ്റലൊഴുകി തീർന്നു. പ്രതിസന്ധികളിൽ തളരാതെ ബാറ്റ് കൊണ്ടൊരു ഇതിഹാസം തീർത്തിട്ടും അയാൾക്ക് വേണ്ടി ഒരുദിനം വന്നുപോയില്ലെങ്കിൽ കാലം നാളെയുടെ ചോദ്യങ്ങൾക്കെങ്ങനെ മറുപടി പറയാനാണ്. ആ ചോദ്യത്തിന് കാലം തന്നെ ഉത്തരം നൽകിയിരിക്കുന്നു. അയാൾ ആഗ്രഹത്തെ പുൽകിയിരിക്കുന്നു. അയാളുടെ കണ്ണുകളിലെ തിളക്കം കാണാൻ വേണ്ടി മാത്രം ഉറക്കമിളച്ച പാതിരാവുകൾക്ക് അറുതിയായിരിക്കുന്നു. കാലാന്തരങ്ങൾക്കപ്പുറം കാലം അയാൾക്കൊപ്പം കാവ്യനീതിയിൽ ഒപ്പുവെച്ചിരിക്കുന്നു. നിഴലുകളിൽ തളച്ചിടപ്പെട്ട നാളുകളായിരുന്നു. പ്രതീക്ഷകൾ അസ്തമിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. പക്ഷേ, സഞ്ജു വിശ്വനാഥ് സാംസൺ എന്ന പോരാളി അപ്പോഴെല്ലാം ശാന്തനായിരുന്നു. ആ കാത്തിരിപ്പ് വെറുമൊരു മൗനമായിരുന്നില്ല, മറിച്ച് സുഷുപ്തിയിലാണ്ടു പോയൊരു അഗ്നിപർവതം പൊട്ടിത്തെറിക്കാൻ തയാറെടുക്കുന്നതിന്റെ നിശബ്ദതയായിരുന്നു.

തഴയപ്പെടുമ്പോഴും, പുറത്താക്കപ്പെടുമ്പോഴും തളരാത്ത മനസ്സ് സഞ്ജു കാത്തുവെച്ചു. മൈതാനത്തിന് പുറത്ത് ഉയർന്നുകേട്ട പരിഹാസങ്ങൾക്കും സംശയങ്ങൾക്കും കാത്തിരിപ്പിനൊടുവിൽ ബാറ്റുകൊണ്ട് തന്നെ മധുരപ്രതികാരം ചെയ്തു. ഓരോ തവണയും അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോൾ, കൂടുതൽ കരുത്തോടെ പന്ത് നേരിടാൻ പരിശീലിച്ചു. കഠിനാധ്വാനത്തിന്റെ വിയർപ്പുകണങ്ങൾ ഒപ്പിയെടുത്ത് തന്നിലെ മാന്ത്രികനെ സ്ഫുടം ചെയ്തെടുത്തു. അവസരം കിട്ടാത്ത നാളുകളിൽ മൗനത്തിന്റെ കൂട്ടുപിടിച്ചു. കിട്ടിയ ചെറിയ അവസരങ്ങളെ വലിയ വിജയങ്ങളാക്കി മാറ്റി. അയാൾക്ക് നഷ്ടപ്പെട്ട സമയം ഒരു നഷ്ടമായിരുന്നില്ല, അത് കരുത്തുണ്ടാക്കാനുള്ള തപസ്സായിരുന്നു. ഒടുവിൽ, കാലം അയാൾക്ക് വഴിമാറി നൽകി. അർഹതപ്പെട്ട അംഗീകാരം തേടിവന്നപ്പോൾ, സഞ്ജു അത് സ്വീകരിച്ചത് ഒരു രാജാവിനെപ്പോലെയായിരുന്നു.

ഇന്ന് സഞ്ജുവിന്റെ ബാറ്റിങ്ങിൽ കാണുന്ന ആത്മവിശ്വാസത്തിന് പിന്നിൽ വർഷങ്ങളുടെ കാത്തിരിപ്പും കണ്ണീരും വിയർപ്പുമുണ്ട്. തോൽവികളിൽ പതറാതെ, വിജയത്തിനായി ദാഹിച്ചവന്റെ ഉൾക്കരുത്താണ് സഞ്ജുവിന്‍റെ ഓരോ ഇന്നിങ്സിലും നാം തെളിഞ്ഞ് കണ്ടത്. അഹ്മദാബാദിൽ ആർത്തിരമ്പിയെത്തിയ ആരാധകർക്ക് മുമ്പിൽ അവനൊരു അത്ഭുതമായി മാറി. സമ്മർദങ്ങളേതുമില്ലാതെ ഫൈനലിൽ സഞ്ജു ബാറ്റു വീശുമ്പോൾ അതൊരു കായികതാരത്തിന്റെ ആവേശം മാത്രമല്ലായിരുന്നു. വർഷങ്ങളായി ഉള്ളിൽ കൊണ്ടുനടന്ന ആഗ്രഹങ്ങളുടെ പൂർത്തീകരണമായിരുന്നു. ബൗണ്ടറികളിലേക്ക് പറന്ന പന്തുകൾ ഓരോ മലയാളിയുടെയും അഭിമാനം പൊതിഞ്ഞുകെട്ടിയ ശരം കൂടിയായി. ഈ ലോകകപ്പിൽ വെറും അഞ്ചു മത്സരങ്ങളിൽനിന്ന് 321 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

പുറത്താകാതെ നേടിയ 97 റൺസ് ഉൾപ്പെടെ മൂന്ന് അർധ സെഞ്ച്വറികൾ. ബാറ്റിങ് ശരാശരി: 80.25, സ്ട്രൈക്ക് റേറ്റ്: 199.37. ഫൈനലിൽ കിവീസിനെതിരെ നേടിയത് 89 റൺസ്. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. ടൂർണമെന്‍റിൽ ആകെ സഞ്ജുവിന്‍റെ ബാറ്റിൽനിന്ന് പിറന്നത് 24 സിക്സറുകൾ. ലോകകപ്പിന്‍റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ സഞ്ജുവിന് സ്വന്തം. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോഡിൽ 2014 ലോകകപ്പിൽ ശ്രീലങ്കക്കെതിരെ കോഹ്‌ലി നേടിയ 77 റൺസും മറികടന്നു. ഇതിൽപരം അ‍യാളിനി എന്താണ് തെളിയിക്കേണ്ടത്. ഒരു പുഴ പാറക്കെട്ടിനെ അലിയിച്ചു കളയുന്നത് പോലെ, തന്റെ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് സഞ്ജു ഇന്ന് സംശയങ്ങളുടെ എല്ലാ കോട്ടകളെയും തകർത്തിരിക്കുന്നു. പരാജയങ്ങളെ പടികളാക്കി, വിജയങ്ങളെ ലക്ഷ്യമാക്കിയുള്ള ഈ യാത്ര വിജയതീരമണഞ്ഞിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsSanju SamsonIndian Cricket Teamworldcup
News Summary - sanju samson
Next Story