സഞ്ജുവും ബട്‍ലറും യശസ്വിയും മിന്നി; രാജസ്ഥാന് മികച്ച സ്കോർ
text_fieldsഹൈദരാബാദ്: തകർപ്പൻ അർധസെഞ്ച്വറിയുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽനിന്ന് നയിച്ചതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ 203റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. സഞ്ജുവിന് പുറമെ ഓപണർമാരായ യശസ്വി ജയസ്വാൾ, ജോസ് ബട്‍ലർ എന്നിവരും അർധസെഞ്ച്വറി നേടി.
ടോസ് നേടിയ സൺസൈറേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പ്രതീക്ഷകൾ തെറ്റിച്ച് രാജസ്ഥാൻ ഓപണർമാർ നിറഞ്ഞാടി. ഇരുവരെയും ഫസൽഹഖ് ഫാറൂഖി പുറത്താക്കിയതോടെയാണ് ഹൈദരാബാദിന് ആശ്വാസമായത്. വെറും 22 പന്തിൽ 54 റൺസെടുത്ത ജോസ് ബട്‍ലറെ ഫാറൂഖി ക്ലീൻബൗൾഡാക്കിയപ്പോൾ യശസ്വിയെ മായങ്ക് അഗർവാളിന്റെ കൈയിലെത്തിച്ചു. 37 പന്തിൽ 54 റൺസായിരുന്നു യശസ്വിയുടെ സമ്പാദ്യം.
പിന്നീടെത്തിയ സഞ്ജുവും ഓപണർമാരുടെ പാത പിന്തുടർന്നു. എന്നാൽ, മറുവശത്ത് വിക്കറ്റുകൾ വീണു. രണ്ട് റൺസെടുത്ത ദേവ്ദത്ത് പടിക്കലിന്റെ സ്റ്റമ്പ് ഉമ്രാൻ മാലിക് തെറിപ്പിച്ചപ്പോൾ ഏഴ് റൺസെടുത്ത റിയാൻ പരാഗിനെ നടരാജൻ മടക്കി. 32 പന്തിൽ നാല് സിക്സും മൂന്ന് ഫോറുമടക്കം 55 റൺസെടുത്ത സഞ്ജുവിനെ 19ാം ഓവറിലെ മൂന്നാം പന്തിൽ നടരാജന്റെ പന്തിൽ അഭിഷേക് ശർമ പിടികൂടി. അപ്പോൾ സ്കോർ 187ൽ എത്തിയിരുന്നു. ഷിംറോൺ ഹെറ്റ്മെയർ 16 പന്തിൽ 22ഉം രവിചന്ദ്രൻ അശ്വിൻ ഒന്നും റൺസെടുത്ത് പുറത്താകാതെ നിന്നു.
ഹൈദരാബാദിനായി ഫസൽഹഖ് ഫാറൂഖിയും ടി. നടരാജനും രണ്ട് വിക്കറ്റ് വീതവും ഉമ്രാൻ മാലിക് ഒന്നും വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

