'ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം'; നടൻ ജയറാമിന്‍റെ വീട്ടിൽ അപ്രതീക്ഷിത അതിഥികളായി സഞ്ജുവും ഭാര്യയും
text_fieldsനടൻ ജയറാമിന്‍റെ വീട്ടിൽ അപ്രതീക്ഷിത അതിഥികളായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും. ന്യൂസിലാൻഡ് എക്കെതിരെയുള്ള ഏകദിന മത്സരത്തിനാണ് സഞ്ജു ചെന്നൈയിലെത്തിയത്.
കഴിഞ്ഞദിവസം ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ എ ടീം ഏഴു വിക്കറ്റിന്‍റെ ഗംഭീര വിജയം നേടിയിരുന്നു. ടീമിനെ മുന്നിൽനിനിന്ന് നയിച്ച് സഞ്ജു 32 പന്തിൽ ഒരു ഫോറും മൂന്നു കുറ്റൻ സിക്സറുകളുമടക്കം പുറത്താകാതെ 29 റൺസെടുത്തിരുന്നു. പിന്നാലെയാണ് നഗരത്തിൽ താമസിക്കുന്ന ജയറാമിനെയും കുടുംബത്തെയും കാണാനായി സഞ്ജുവും ഭാര്യയുമെത്തിയത്.
'പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി.. സഞ്ജു...ചാരു' എന്ന കുറിപ്പോടെ ഇരുവർക്കുമൊപ്പം നിൽക്കുന്ന കുടുംബത്തിന്‍റെ ചിത്രം ജയറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. വീടിനു മുന്നിൽനിൽക്കുന്ന ചിത്രത്തിൽ പാർവതി ജയറാം, മാളവിക ജയറാം എന്നിവരും ഉണ്ട്. 'ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം' എന്നും കുറിപ്പിലുണ്ട്.
താനും ഭാര്യയും ജയറാമിന്‍റെ കുടംബത്തോടൊപ്പം നിൽക്കുന്ന ചിത്രം സഞ്ജുവും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 'സന്തോഷവും ആത്മാർഥതയും സ്‌നേഹവുമുള്ള ഒരു കുടുംബം. നമ്മുടെ സ്വന്തക്കാരായവർക്കൊപ്പം ഒരു നല്ല സമയം ചെലവഴിച്ചു' എന്ന് ചിത്രത്തിനു താഴെ സഞ്ജു കുറിച്ചു. നിരവധി പേർ ചിത്രത്തിനു താഴെ കമന്‍റ് ചെയ്തിട്ടുണ്ട്.

